പുതുമോടി തീർന്നോ? ആരംഭശേഷം ഇതാദ്യമായി ചാറ്റ്ജിപിറ്റിയുടെ പ്രതിമാസ ഉപയോഗത്തിൽ വൻ ഇടിവ്
അടുത്തിടെ നടന്ന ഏറെ വിപ്ലവകരമായ കണ്ടുപിടുത്തമായിരുന്നു അർട്ടിഫിഷൽ ഇന്റലിജൻസിന്റേത്. ഇതിന്റെ ഭാഗമായി പല മേഘലകളിലും എഐ കടന്നുവന്നു. ഏറ്റവും ജനപ്രിയമായ എഐ സോഫ്റ്റുവെയറുകളിൽ ഒന്നായിരുന്നു ചാറ്റ്ജിപിറ്റി. ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എഐ ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി. സൂര്യന് കീഴിലെ എന്ത് വിവരങ്ങളും ചാറ്റ്ജിപിറ്റിയോടെ ചോദിക്കാം.
കഴിഞ്ഞ വർഷം നവംബറിൽ ആണ് ചാറ്റ്ജിപിറ്റി പുറത്തിറക്കിയത്. വളരെ അത്ഭുതത്തോടെയും ആകാംഷയോടെയുമുള്ള ഒരു വരവേൽപ്പാണ് ചാറ്റ്ജിപിറ്റിക്ക് ലഭിച്ചത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഉപഭോക്താക്കളെ ചാറ്റ്ജിപിറ്റിക്ക് ലഭിച്ചുകൊണ്ടേ ഇരുന്നു. എന്നാൽ ഇത്രയും നാളത്തെ കണക്ക് നോക്കുമ്പോൾ കഴിഞ്ഞ ജൂൺ മാസത്തിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചാറ്റ്ജിപിറ്റി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥിര സന്ദർശകരുടെ എണ്ണത്തിലും 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാറ്റ്ജിപിറ്റിയിൽ സന്ദർശകർ ചെലവഴിക്കുന്ന ശരാശരി സമയം 8.5 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
അനലിറ്റിക്‌സ് സ്ഥാപനമായ സിമിലാർവെബ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അതേ സമയം പുറത്തിറക്കി വെറും രണ്ട് മാസത്തിനുള്ളിൽ 100 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ നേടാൻ ചാറ്റ്ജിപിറ്റിക്ക് കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ ജനപ്രിയ സോഫ്റ്റുവെയറാകാൻ ചാറ്റ്ജിപിറ്റിക്ക് സാധിച്ചിരുന്നു. ജനുവരിയിലെ കണക്കനുസരിച്ച് 1.5 ബില്യണിലധികം ഉപഭോക്താക്കൾ പ്രതിമാസ സന്ദർശനം നടത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ച 20 വെബ്‌സൈറ്റുകളിൽ ഒന്നായി മാറാനും ചാറ്റ്ജിപിറ്റിക്ക് സാധിച്ചു.

മൈക്രോസോഫ്റ്റിന്റെ ബിങ്കിനെ മറികടക്കാനും ചാറ്റ്ജിപിറ്റിക്ക് സാധിച്ചു. ബിങ്കിലും എഐ സോഫ്റ്റുവെയറിന്റെ സഹായം ഉണ്ട്. മാത്രമല്ല ഗൂഗിളിന്റെ ബാർഡ് ചാറ്റ്ബോട്ട് പോലുള്ള നിരവധി സോഫ്റ്റുവെയറുകളും ചാറ്റ്ജിപിറ്റിയോട് മത്സരിക്കാനായി രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മെയ് മാസത്തിൽ ചാറ്റ്ജിപിറ്റിയുടെ ഒരു ആപ്പ് iOS-ൽ പുറത്തിറക്കിയിരുന്നു. ഇത് ചാറ്റ്ജിപിറ്റി വെബ്സൈറ്റിന്റെ സന്ദർശകരെ കുറക്കാൻ കാരണമായിട്ടുണ്ടാകണം.
നിരവധി iOS ഉപഭോക്താക്കൾ ഇപ്പോൾ വെബ്സൈറ്റ് സന്ദർശിക്കാതെ നേരിട്ട് ആപ്പിൽ നിന്ന് ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നുണ്ട്. ജൂലൈ 4 വരെയുള്ള കണക്ക് അനുസരിച്ച് ഏകദേശം 17 ദശലക്ഷം iOS ഉപഭോക്താക്കൾ ചാറ്റ്ജിപിറ്റിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മാസം സ്കൂളുകളിലെ വേനലവധിയുടെ കാലമായിരുന്നു ആയതിൽ തന്നെ പഠന ആവശ്യങ്ങളുമായി ചാറ്റ്ജിപിറ്റി സന്ദർശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിക്കാണും.
നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവ് ചാറ്റ്ജിപിറ്റി പ്രവർത്തിപ്പിക്കാനുള്ള ചെലവ് ലഘുകരിക്കാൻ സഹായിക്കും എന്ന് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. നിലവിൽ സൗജന്യമായി ചാറ്റ്ജിപിറ്റി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഓപ്പൺഎഐയുടെ കുറച്ചുകൂടി നൂതനമായ മോഡലായ ജിപിറ്റി4 ഉപയോഗിക്കണമെങ്കിൽ 20 ഡോളർ നൽകേണ്ടി വരും. ഇതിന് കൂടുതൽ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ വർഷം ഏകദേശം 200 മില്യൺ ഡോളർ വരെ വരുമാനമായി നേടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഓപ്പൺഎഐ. ചാറ്റ്ജിപിറ്റിയിൽ നിന്നുള്ള വരുമാനം മാത്രമല്ല വിവിധ എഐ മോഡലുകളിലേക്കുള്ള എപിഐ ആക്സസ് ചില ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും നൽകിയിട്ടുണ്ട് ഇതിൽ നിന്നും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. മാത്രമല്ല മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തവും ഓപ്പൺഎഐയുടെ വരുമാനം വർധിപ്പിക്കുന്നു.


Click it and Unblock the Notifications








