എനിക്ക് നിങ്ങളുടെ സമ്മാനം വേണ്ട; സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് നിരസിച്ച് ജേതാവ്, പിന്നിൽ എഐ!
പ്രതിഭാശാലികളുടെ കഴിവിനുള്ള അംഗീകാരമായാണ് ലോകമെങ്ങും പുരസ്കാരങ്ങൾ നൽകിവരുന്നത്. അതിനാൽത്തന്നെ പുരസ്കാരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടുന്നത് അഭിമാനകരമായ നേട്ടമായി ഏവരും കരുതുന്നു. എന്നാൽ വ്യവസ്ഥിതിയോട് കലഹിച്ചും പ്രതിഷേധത്തിനുള്ള ഉപാധിയാക്കിയും പുരസ്കാരങ്ങൾ നിഷേധിച്ചവരും ചരിത്രത്തിൽ ഏറെയുണ്ട്. എന്നാൽ സംഘാടകരെ കബളിപ്പിക്കാൻ നൽകിയ സൃഷ്ടിക്ക് പുരസ്കാരം ലഭിക്കുന്നതും 'വിജയി' അത് നിരസിക്കുന്നതും അധികമുണ്ടായിട്ടില്ല.
അധികം കേട്ടുകേൾവിയില്ലാത്ത അങ്ങനെയൊരു സംഭവവും ഇപ്പോൾ നടന്നിരിക്കുകയാണ്. അതും ലോക പ്രശ്സതമായ ഒരു ഫോട്ടോഗ്രാഫി മത്സരത്തിൽ. ഇതിനെല്ലാം കാരണമായതാകട്ടെ ഇപ്പോഴത്തെ ചർച്ചാ വിഷയമായ എഐയും. ഇത്തവണത്തെ സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡിൽ ക്രിയേറ്റീവ് ഓപ്പൺ വിഭാഗത്തിൽ ജേതാവായത് ജർമൻ സ്വദേശി ബോറിസ് എൽഡാഗ്‌സെൻ ആയിരുന്നു.

എന്നാൽ താൻ പുരസ്കാരം സ്വീകരിക്കില്ലെന്നും പുരസ്കാരത്തിന് അർഹമായ ചിത്രം യഥാർഥത്തിൽ ഒരു എഐ സൃഷ്ടിയാണ് എന്നും അദ്ദേഹം തന്റെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. മത്സരത്തിന്റെ വിധി നിർണയ രീതിയുടെ പൊള്ളത്തരം തുറന്നുകാട്ടാൻ താൻ ഒപ്പിച്ച ഒരു വികൃതിയായിരുന്നു ആ ഫോട്ടോ എന്നും അദ്ദേഹം പറയുന്നു.
ഇത് എഐയുടെ കഴിവുകളെപ്പറ്റി ചർച്ചകൾ നടക്കുന്ന കാലമാണ്. ചാറ്റ്ബോട്ടുകൾ, ഡ്രൈവറില്ലാ കാറുകൾ, പാട്ടെഴുതുന്ന സോഫ്റ്റ്‌വെയർ, ഫാർമസ്യൂട്ടിക്കൽസിന്റെ വികസനം എന്നിവയിൽ എഐ ഉപയോഗിക്കുന്നതിലെ സമീപകാല മുന്നേറ്റങ്ങൾ ആണ് ഇത്തരമൊരു പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചത്. ഈ എഐ യുഗത്തിൽ ചിത്രങ്ങൾ വിലയിരുത്തപ്പെടുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും അതിന് തുറന്ന ചർച്ചകൾ വേണമെന്നും എൽഡാഗ്‌സെൻ പറയുന്നു.
ഒരു എഐ ചിത്രം ഏറെ പ്രശസ്തമായ ഒരു രാജ്യാന്തര ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിക്കുന്നത് ഇതാദ്യമാണ്. അതിനാൽത്തന്നെ ഇതൊരു "ചരിത്ര നിമിഷം" ആണ്. എഐ ചിത്രങ്ങൾ തിരിച്ചറിയാൻ ഇത്തരം മത്സരങ്ങളിലെ നിരീക്ഷകർക്ക് കഴിയുമോ എന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. നിങ്ങളിൽ എത്രപേർക്ക് ഇതൊരു എഐ ചിത്രമാണ് എന്ന് സംശയം തോന്നുകയോ തിരിച്ചറിയുകയോ ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം ചോദിച്ചു.

"എഐ ചിത്രങ്ങളും ഫോട്ടോഗ്രാഫിയും ഇതുപോലുള്ള ഒരു അവാർഡിൽ പരസ്പരം മത്സരിക്കരുത്. അവ വ്യത്യസ്ത സൃഷ്ടികളാണ്. എഐ ചിത്രം ഒരിക്കലും ഫോട്ടോഗ്രഫിയല്ല. അതുകൊണ്ട് താൻ അവാർഡ് സ്വീകരിക്കില്ല എന്ന് എൽഡാഗ്‌സെൻ വ്യക്തമാക്കി. "ഫോട്ടോ ലോകത്തിന് ഒരു തുറന്ന ചർച്ച ആവശ്യമാണ്, ഫോട്ടോഗ്രഫി പരിഗണിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ചർച്ച''.
എഐ ഇമേജുകൾ കൂടി ഉൾക്കൊള്ളാൻ ശേഷിയുള്ളത്ര വിശാലമാണോ ഫോട്ടോഗ്രഫി മേഖല എന്നും ചർച്ചചെയ്യണം. താൻ അവാർഡ് നിരസിച്ചതോടെ ഈ സംവാദം വേഗത്തിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എൽഡാഗ്‌സെൻ പറഞ്ഞു. സ്യൂഡോംനേഷ്യ എന്ന വിഭാഗത്തിനു കീഴിൽ എൽഡാഗ്‌സെൻ സൃഷ്ടിച്ച എഐ ചിത്രങ്ങളിൽ ഉൾപ്പെട്ട ദ ഇലക്ട്രീഷ്യൻ എന്ന ചിത്രമാണ് പുരസ്കാരം നേടിയത്.
വ്യാജ ഓർമ്മ എന്നതിന്റെ ലാറ്റിൻ പദമാണ് സ്യൂഡോംനേഷ്യ(PSEUDOMNESIA). ഒരിക്കലും നിലവിലില്ലാത്തതും ആരും ഫോട്ടോയെടുക്കാത്തതുമായ ഭൂതകാലത്തിലെ ചിത്രങ്ങളാണ് സ്യൂഡോംനേഷ്യ വിഭാഗത്തിലുള്ളത്. എഐ ഇമേജ് ജനറേറ്ററുകൾ വഴി 20 മുതൽ 40 തവണ വരെ വീണ്ടും എഡിറ്റ് ചെയ്യുകയും "ഇൻപെയിന്റിംഗ്", "ഔട്ട് പെയിന്റിംഗ്", "പ്രോംപ്റ്റ് വിസ്പറിംഗ്" എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുകയും ചെയ്താണ് ഈ ചിത്രങ്ങൾ സൃഷ്ടിച്ചത്.
എൽഡാഗ്‌സന്റെ വെബ്സൈറ്റിൽ PSEUDOMNESIA എന്ന തലക്കെട്ടിൽ ഈ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. മെയിൻസിലെ ആർട്ട് അക്കാദമിയിൽ ഫോട്ടോഗ്രാഫിയും വിഷ്വൽ ആർട്ടും, പ്രാഗിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ ആശയ കലയും ഇന്റർമീഡിയയും, ഹൈദരാബാദിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഫൈൻ ആർട്ടും പഠിച്ചയാളാണ് എൽഡാഗ്‌സെൻ.
എൽഡാഗ്‌സെൻ അവാർഡ് നിരസിച്ചതിന് പിന്നാലെ, അദ്ദേഹം വിചാരിച്ചതുപോലെ തന്നെ വിഷയം ലോകമെങ്ങും ചർച്ചയായിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഒരു എഐ ലോകപ്രശസ്തമായ ഒരു പുരസ്കാരത്തിൽ വിജയിച്ചതും വാർത്തയായി. അതേസമയം എൽഡാഗ്‌സന്റൈ ആഗ്രഹപ്രകാരം അദ്ദേഹത്തെ മത്സരത്തിൽ നിന്ന് നീക്കം ചെയ്തതായി ഓപ്പൺ കോമ്പറ്റീഷന്റെ ക്രിയേറ്റീവ് വിഭാഗം വ്യക്തമാക്കി.


Click it and Unblock the Notifications