ഉപയോഗിക്കുന്നത് വിഐ സിം ആണോ? എങ്കിൽ 12 ആഴ്ചത്തേക്ക് ഈ റീച്ചാർജ് പ്ലാൻ മതി
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാമത്തെ വലിയ കമ്പനിയാണ് വൊഡാഫോൺ ഐഡിയ. ജിയോ, എയർടെൽ എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് വിഐക്ക് ആണ്. കേരളത്തിലും വിഐക്ക് കാര്യമായ സ്വാധീനമുണ്ട്. അത് വെറും സ്വാധീനമല്ല, ജിയോയ്ക്കും എയർടെലിനും ബിഎസ്എൻഎല്ലിനുമൊപ്പം പ്രാധാന്യം കേരളത്തിൽ വിഐക്ക് ഉണ്ട്. ഈ വർഷം ജൂലൈയിൽ മറ്റ് സ്വകാര്യ കമ്പനികൾക്കൊപ്പം വിഐയും തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള വിഐ പ്ലാനുകളെല്ലാം അതിന് ശേഷം അവതരിപ്പിക്കപ്പെട്ടവയാണ്. ജിയോ, എയർടെൽ എന്നിവയ്ക്ക് മുന്നിൽ വിഐ തളരാനുള്ള ഒരു പ്രധാന കാരണം 5ജി സേവനങ്ങളുടെ അപര്യാപ്തതയാണ്.
എത്രയും വേഗം 5ജി അവതരിപ്പിക്കാൻ വിഐ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ഡാറ്റ പ്രലോഭനം വിഐ വരിക്കാരെ അടർത്തി കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ഇതിന് തടയിടണമെങ്കിൽ വിഐ 5ജി അവതരിപ്പിച്ചേ മതിയാകൂ. എന്നാൽ അതിന് ഇനിയും അൽപ്പം സമയം കൂടിയെടുക്കും. അതുവരെ വരിക്കാരെ പിടിച്ചു നിർത്തണമെങ്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുക മാത്രമാണ് വിഐക്ക് മുന്നിലുള്ള വഴി.

അതിനാൽ കഴിയുന്നതും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും വിഐ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ ഉപയോഗം അധികമില്ലാത്ത ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് കോളിങ് സൗകര്യവും മികച്ച വാലിഡിറ്റിയും സഹിതം നിരക്ക് കുറഞ്ഞ പ്ലാനുകൾ വിഐ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഒരു പ്ലാനാണ് 509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ.
വിഐ 509 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകൾ, 6ജിബി ഹൈസ്പീഡ് ഡാറ്റ, ആകെ 1000 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ സേവനങ്ങൾ ലഭ്യമാകുക.

ആകെ 6ജിബി ഹൈസ്പീഡ് ഡാറ്റ മാത്രമേ ഈ പ്ലാനിൽ ഉള്ളൂ. ഇത് വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. നിശ്ചിത 6ജിബി പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ ആവശ്യത്തിനായി ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. എസ്എംഎസ് ക്വാട്ട പിന്നിട്ടാൽ തുടർന്ന് സ്റ്റാൻഡേർഡ് എസ്എംഎസ് നിരക്ക് ഈടാക്കും.
പ്രതിദിനം 6 രൂപ 05 പൈസയാണ് 509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. കൂടുതൽ ഡാറ്റ സഹിതം 84 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് വേറെ ഓപ്ഷനുകളും വിഐ ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള മികച്ച റീച്ചാർജ് പ്ലാനാണ് 859 രൂപയുടെ പ്ലാൻ.
859 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: വിഐ ഹീറോ ആനുകൂല്യങ്ങൾ സഹിതം എത്തുന്ന വിഐ റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയാണ് ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

വിഐ ഹീറോ ആനുകൂല്യങ്ങൾ എന്ന നിലയിൽ രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാകുന്ന ബിങ് ഓൾ നൈറ്റ് ഓഫർ, പ്രവൃത്തി ദിവസങ്ങളിലെ ഉപയോഗിക്കാത്ത ഡാറ്റ വീക്കെൻഡിൽ ലഭ്യമാക്കുന്ന വീക്കെൻഡ് ഡാറ്റ റോളോവർ സൗകര്യം, വിഐ ആപ്പ് വഴി 2ജിബി വരെ ബാക്കപ് ഡാറ്റ ലഭ്യമാക്കുന്ന ഡാറ്റ ഡിലൈറ്റ് എന്നിവയും ഈ വിഐ പ്ലാനിൽ ലഭിക്കും.


Click it and Unblock the Notifications