ചില ഗൂഗിൾപേ, ഫോൺപേ, പേടിഎം യുപിഐ ഐഡികളിൽ ഡിസംബർ 31 ന് ശേഷം പണം എത്തില്ല! കാരണം ഇതാണ്
ഇന്ത്യയെ ഡിജിറ്റൽ ഇന്ത്യയാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ച സംവിധാനമായിരുന്നു യുപിഐ (UPI). പണം കൈയിൽ കൊണ്ടുനടക്കേണ്ട എന്നതിനുപുറമെ ബാങ്കുകളെയും മറ്റും ആശ്രയിക്കാതെ ആർക്കും പണം കൈമാറാനും സാധിക്കുന്നതിലൂടെ, ബാങ്കിങ് ഇടപാടുകളിലും ഏറെ മുന്നേറ്റം കൊണ്ടുവരാൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐ സംവിധാനത്തിന് കഴിഞ്ഞു.
വമ്പൻ സ്ഥാപനങ്ങൾ മുതൽ വഴിയോരങ്ങളിലെ ഉന്തുവണ്ടി കടകളിൽ വരെയും ടാക്സി വാഹനങ്ങളിലുൾപ്പെടെ നിത്യജീവിതത്തിൽ നാം പണമിടപാട് നടത്തുന്ന ഏതാണ്ട് എല്ലാ മേഖലകളിലും ഇന്ന് യുപിഐ ഇടപാടുകൾക്കാണ് പ്രഥമ സ്ഥാനം. സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ ഏതു സമയത്തും എവിടെനിന്നും എന്തും വാങ്ങാനും രാത്രി-പകൽ വ്യത്യാസമില്ലാതെ പണമയയ്ക്കാനും ഇന്ന് സാധിക്കുന്നു.

ദിവസങ്ങൾ പിന്നിടുന്തോറും യുപിഐ സംവിധാനം രാജ്യത്ത് കൂടുതൽ ശക്തമായി വരുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് യുപിഐ ഇടപാടുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാനും ശക്തമാക്കാനുമായി വിവിധ നടപടികൾ എൻപിസിഐ സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ രാജ്യത്തെ പ്രധാന യുപിഐ പേയ്മെന്റ് ആപ്പുകൾക്കെല്ലാം എൻപിസിഐ ഇപ്പോൾ ഒരു സുപ്രധാന നിർദേശം നൽകിയിരിക്കുന്നു.
ഒരു വർഷമായി ഇടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഡീആക്ടിവേറ്റ് ചെയ്യാൻ എൻപിസിഐ തേർഡ്പാർട്ടി ആപ്പുകളോടും ബാങ്കുകളോടും ആവശ്യപ്പെട്ടു. ഡിസംബർ 31 ന് ശേഷം ഈ ഐഡികൾ ഡീ ആക്ടിവേറ്റ് ചെയ്യാനാണ് നിർദേശം. ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങി രാജ്യത്തെ പ്രധാന യുപിഐ പ്ലാറ്റ്ഫോമുകൾക്കെല്ലാം എൻപിസിഐ ഈ നിർദേശം നൽകിക്കഴിഞ്ഞു.
ചില ഉപയോക്താക്കൾ തങ്ങളുടെ പഴയ മൊബൈൽ നമ്പർ ആയിരിക്കും ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകുക. പിന്നീട് പുതിയ നമ്പർ എടുത്ത ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ഉപയോഗിക്കാതാകുന്നു. ഇത്തരത്തിൽ ഒരു വർഷമായി ഉപയോഗിക്കുകയോ ട്രാൻസാക്ഷൻ നടക്കുകയോ ചെയ്തിട്ടില്ലാത്ത നമ്പരുകളിലെ യുപിഐ ഐഡികൾ ഡീആക്ടിവേറ്റ് ചെയ്യാനാണ് നിർദേശം.
ഉപയോഗിക്കാതെ വാലിഡിറ്റി തീരുകയും നിയമാനുസൃതമായ 90 ദിവസത്തെ കാലയളവ് പിന്നിടുകയും ചെയ്ത മൊബൈൽ നമ്പറുകൾ പുതിയ ഉപയോക്താക്കൾക്ക് അനുവദിക്കുന്നതിൽ നിന്ന് ടെലിക്കോം കമ്പനികളെ തടയാൻ കഴിയില്ല എന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് യുപിഐ ഇടപാടുകളെയും പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട് എന്ന് എൻസിപിഐ കണക്കുകൂട്ടുന്നു.
റീച്ചാർജ് ചെയ്യാതെയും മറ്റും കാലാവധി പിന്നിടുന്ന ഇത്തരം മൊബൈൽ നമ്പരുകൾ മറ്റൊരാൾക്ക് കിട്ടിയാൽ ഈ നമ്പറിലേക്ക് അയയ്ക്കുന്ന പണം പഴയ ഉടമയുടെ അക്കൗണ്ടിലേക്ക് എത്തിയേക്കാം എന്നതാണ് പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കണമെങ്കിൽ, തന്റെ പഴയ നമ്പർ ഉപേക്ഷിക്കുന്നയാൾ പുതിയ നമ്പർ എടുക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പഴയ നമ്പർ മാറ്റി പുതിയ നമ്പർ ആക്കണം.

എന്നാൽ നമ്പർ ഉപേക്ഷിക്കുന്ന പലരും ബാങ്കിൽ ആ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കാതെ പോകാറുണ്ട്. ഈ നമ്പർ ടെലിക്കോം കമ്പനികൾ മറ്റൊരാൾക്ക് നൽകുമ്പോൾ അയാളുടെ സുഹൃത്തുക്കൾ ആ നമ്പരിലേക്ക് പണമയച്ചാൽ ചിലപ്പോൾ പഴയ ഉടമയുടെ അക്കൗണ്ടിലേക്ക് പണം എത്തിയേക്കും. അത് ഒഴിവാക്കാനാണ് ഒരു വർഷമായി ഇടപാട് നടത്താത്ത യുപിഐ ഐഡികൾ ഡീആക്ടിവേറ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.
തേർഡ് പാർട്ടി ആപ്പ് പ്രൊവൈഡർക്കും (TPAP) പേയ്‌മെന്റ് സേവന ദാതാക്കൾക്കും (PSP) 2023 ഡിസംബർ 31-ന് അകം നടപ്പിലാക്കേണ്ട ചുമതലകളും എൻപിസിഐ സർക്കുലറായി നൽകിയിട്ടുണ്ട്. അവ ഇങ്ങനെയാണ്: എല്ലാ ടിപിഎപികളും പിഎസ്പികളും യുപിഐ ആപ്പുകളിൽ ഒരു വർഷമായി സാമ്പത്തിക ഇടപാടുകൾ നടത്താത്ത ഉപഭോക്താക്കളുടെ ഐഡികളും അനുബന്ധ നമ്പറുകളും ഫോൺ നമ്പറുകളും കണ്ടെത്തണം.
ഇൻവേർഡ് ക്രെഡിറ്റ് ഇടപാടുകൾക്കായി അത്തരം ഉപഭോക്താക്കളുടെ യുപിഐ ഐഡികളും യുപിഐ നമ്പറുകളും പ്രവർത്തനരഹിതമാക്കണം. ഇതിനർത്ഥം ഈ നമ്പറുകളിൽ അവർക്ക് പണം സ്വീകരിക്കാൻ കഴിയില്ല. കൂടാതെ, പിഎസ്പികൾ യുപിഐയിൽ നിന്നും ആ ഫോൺ നമ്പർ രജിസ്ട്രേഷൻ റദ്ദാക്കണം എന്നും എൻപിസിഐ സർക്കുലറിൽ നിർദേശിക്കുന്നു.

ബ്ലോക്ക് ചെയ്‌ത യുപിഐ ഐഡികളും ഇൻവേർഡ് ക്രെഡിറ്റ് ഇടപാടുകൾക്കുള്ള ഫോൺ നമ്പറുകളുമുള്ള ഉപഭോക്താക്കൾ യുപിഐ മാപ്പർ ലിങ്കേജിനായി അവരുടെ യുപിഐ ആപ്പുകളിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. അവർക്ക് ആവശ്യാനുസരണം അവരുടെ യുപിഐ പിൻ ഉപയോഗിച്ച് പേയ്‌മെന്റുകളും സാമ്പത്തികേതര ഇടപാടുകളും തുടരാൻ സാധിക്കും.
കൂടാതെ, 'പേ-ടു-കോൺടാക്റ്റ്', 'മൊബൈൽ നമ്പറിലേക്ക് പണമടയ്ക്കുക' എന്നിങ്ങനെയുള്ള ഇടപാടുകൾ ആരംഭിക്കും മുമ്പ് യുപിഐ ആപ്പുകൾ റിക്വസ്റ്റർ മൂല്യനിർണ്ണയം (ReqValAd) നടത്തേണ്ടതുണ്ട്. ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് ലഭിച്ച ഉപഭോക്തൃ നാമം ആപ്പുകൾ പ്രദർശിപ്പിക്കണം, ആപ്പിന്റെ അവസാനം ഉള്ള പേര് പ്രദർശിപ്പിക്കരുത് എന്നും നിർദേശമുണ്ട്.
ആളുകളുടെ യുപിഐ ഉപയോഗം സുരക്ഷിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾ ബാങ്കിങ് സംവിധാനത്തിനുള്ളിൽ അവരുടെ വിവരങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എൻപിസിഐ സർക്കുലർ ഊന്നിപ്പറയുന്നു. കൂടാതെ നമ്പർ ഉപേക്ഷിക്കുമ്പോൾ നിർബന്ധമായും ബാങ്കിങ് രേഖകളിൽനിന്ന് അവ നീക്കാനും നിർദേശിക്കുന്നു.


Click it and Unblock the Notifications








