റീചാർജ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും വിഐ പിന്നോട്ട്, കാരണം ഇതാണ്
മാർച്ച് അവസാനത്തേക്ക് നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന നിരക്ക് വർധന നീട്ടി വച്ച് വോഡാഫോൺ- ഐഡിയ. 2ജി ഉപഭോക്താക്കൾക്കളെ തങ്ങളുടെ 4ജിയിലേക്ക് ആകർഷിക്കാൻ റിലെയൻസ് ജിയോ അവതരിപ്പിച്ച പുതിയ പ്ലാനാണ് നിരക്ക് വർധനവിൽ നിന്നും പിൻമാറാൻ വോഡോഫോൺ ഐഡിയയെ നിർബന്ധിതമാക്കിയത്. ജിയോഫോൺ ഉപഭോക്താക്കൾക്കായി 25 ശതമാനത്തോളം കുറഞ്ഞ നിരക്കിലുള്ള പ്ലാനാണ് ജിയോ അടുത്തിടെ പുറത്തിറക്കിയത്.

സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മാർച്ച് അവസാനത്തോടെ നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത് അടുത്ത പാദത്തിലേ അവസാനത്തേക്ക് നീട്ടാനാണ് തീരുമാനം. നിലവിൽ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തിൽ (APRU) ജിയോക്കും എയർടെല്ലിനും പിന്നിലാണ് വൊഡോഫോൺ ഐഡിയ.

ജിയോ ഒരു ഉപഭോക്തവിൽ നിന്നും 151 രൂപയും എയർടെൽ 161 രൂപയും നേടുമ്പോൾ 121 രൂപ മാത്രമാണ് വോഡോഫോൺ - ഐഡിയ സ്വന്തമാക്കുന്നത്. ജിയോഫോൺ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചപ്പോൾ തന്നെ നിരക്ക് വർധനവിൽ നിന്നും വോഡാഫോൺ - ഐഡിയ പിന്നോട്ടു പോകുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

സേവന ദാതാക്കളുടെ വരുമാനം വർദ്ധിപ്പിക്കുന്ന നിരക്ക് വർദ്ധന
ഇന്ത്യ റേറ്റിംഗിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ ടെലികോം കമ്പനികളുടെ വരുമാനം 441 ബില്യണായി ഉയർന്നിട്ടുണ്ട്. ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനവും (APRU) നിരക്ക് വർദ്ധനവിലൂടെ ഉയർന്നു. ഭാരതി എയർടെൽ, വോഡോഫോൺ ഐഡിയ എന്നിവരുടെ എആർപിയു രണ്ട് ശതമാനം വർദ്ധിച്ചപ്പോൾ ജിയോക്ക് ഇത് നാല് ശതമാനം ആണെന്നും റിപ്പോർട്ട് പറയുന്നു.

എന്തുകൊണ്ട് സേവനദാതാക്കൾ നിരക്ക് വർദ്ധിപ്പിക്കുന്നു
ജിയോ നടപ്പാക്കിയ പ്ലാനുകൾ വൊഡോഫോൺ ഐഡിയ, എയർടെൽ കമ്പനികളുടെ നടുവൊടിക്കുകയാണ് ഉണ്ടായത്. ജിയോ പ്ലാനുകളോട് പിടിച്ച് നിൽക്കാൻ മത്സരിച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് മറ്റ് ടെലികോം കമ്പനികൾ കൂപ്പ് കുത്തി. തുടങ്ങി വെറും നാല് വർഷം കൊണ്ട് ടെലികോം മേഖലയുടെ വിപണി വിഹിതത്തിൽ 35.43 ശതമാനം ജിയോ കൈപ്പിടിയിൽ ഒതുക്കി. 18 രാജ്യങ്ങളിൽ പ്രവർത്തിക്കുകയും 1995-96 കാലഘട്ടത്തിൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുകയും ചെയ്ത എയർടെലിൻ്റെ വിഹിതം 29. 36 ശതമാനമാണ്.

വോഡോഫോൺ ഐഡിയയുടെ വിപണി വിഹിതം 24.6 ശതമാനാമായി ചുരുങ്ങി. ഉപഭോക്താക്കളുടെയും വിപണി വിഹിതത്തിൻ്റെയും കണക്കിൽ ജിയോയുടെ തൊട്ടടുത്ത് പോലും രണ്ട് കമ്പനികളും ഇല്ലെന്ന് തന്നെയാണ് കണക്കുകൾ കാണിക്കുന്നത്. അതേ സമയം വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2019 ഡിസംബറിൽ എയർടെലും വൊഡാഫോൺ ഐഡിയയും നിരക്ക് കൂട്ടിയിരുന്നു. ജനപ്രിയമായ പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്കാണ് അന്ന് വർദ്ധിപ്പിച്ചത്. ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം നിരക്ക് വർദ്ധന ഒരു പുതിയ ട്രെൻഡായി കുറച്ച് കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.


Click it and Unblock the Notifications








