'ഫ്രെഡ് അല്ല, അവൻ ഫ്രോഡ്'! യുവതിയുടെ ജീവിതസമ്പാദ്യം മുഴുവൻ അടിച്ചുമാറ്റി ഓൺലൈൻ സുഹൃത്ത് മുങ്ങി
ആളുകളെ കണ്ടുമുട്ടുന്നതും അവരുമായി പരിചയപ്പെട്ട്, ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ കടക്കുന്നതും ഇന്നത്തെക്കാലത്ത് സർവസാധാരണമാണ്. ടിൻഡർ, ഹിഞ്ച്, ബംബിൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ റൊമാന്റിക് പങ്കാളികളെ കണ്ടെത്താൻ ആളുകൾക്ക് അവസരമൊരുക്കുന്നു. ദശലക്ഷക്കണക്കിന് യൂസേഴ്സാണ് ഈ പ്ലാറ്റ്ഫോമുകൾ പിന്തുടരുന്നത്. എന്നാൽ ഈ ഡേറ്റിങ് ആപ്പുകളിൽ ഒരുപാട് അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു.
അപരിചിതരായ ആളുകളെയാകും ഈ പ്ലാറ്റ്ഫോമുകളിൽ പരിചയപ്പെടുക. ആ ഘട്ടത്തിൽ അത് ഓർക്കാതെ ഇത്തരം അജ്ഞാതരായ ആളുകളെ പൂർണമായും വിശ്വസിക്കുകയും സുരക്ഷിതത്വം മറുക്കുകയും ചെയ്യുന്നതുമൂലം നിരവധിപേർ കെണിയിൽ വീഴാറുണ്ട്. ആരെയും ഞെട്ടിക്കുന്ന അത്തരം ഒരു തട്ടിപ്പിന് ഇരയായിരിക്കുകയാണ് റെബേക്ക ഹോളോവേ എന്ന നാൽപ്പത്തിരണ്ടുകാരി.

ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന വിവരങ്ങൾ പ്രകാരം, നാൽപ്പത്തിരണ്ട് വയസുള്ള റെബേക്ക മൂന്ന് കുട്ടികളുടെ മാതാവാണ്. രണ്ടാം വിവാഹത്തിലെ പ്രശ്നങ്ങളെത്തുടർന്ന് വിവാഹമോചനം നേടി തകർന്നിരിക്കുകയായിരുന്നു അവർ. ഈ സമയത്ത് ഒരു റൊമാന്റിക് പങ്കാളിക്കായുള്ള റെബേക്കയുടെ അന്വേഷണം ടിൻഡർ പരിചയപ്പെട്ട ഫ്രഡ് എന്നയാളിലേക്ക് എത്തിപ്പെട്ടു.
തന്റെ പ്രശ്നങ്ങളിൽ ആശ്വാസം പകരാനും വീണ്ടും പ്രണയം പകരാനും ഫ്രെഡ് അനുയോജ്യനായ പങ്കാളിയായിരിക്കുമെന്ന് റെബേക്ക വിശ്വസിച്ചു. മാർച്ചിൽ ആണ് ടിൻഡറിലൂടെ റെബേക്ക ഫ്രെഡിനെ കണ്ടുമുട്ടിയത്, ഫ്രഞ്ച് ബിസിനസുകാരനാണ് താൻ എന്നാണ് അയാൾ റെബേക്കയോട് പരിചയപ്പെടുത്തിയത്. അന്നുമുതൽ മെസേജുകളിലൂടെ റെബേക്ക ഫ്രെഡുമായി ബന്ധം പുലർത്തിപ്പോന്നിരുന്നു. ടെക്സ്റ്റ് മെസേജുകളിലൂടെയാണ് അവർ സംസാരിച്ചിരുന്നത്.

തങ്ങളുടെ ബന്ധം സവിശേഷമായ തലങ്ങളിലേക്ക് വളരുകയാണ് എന്നാണ് റെബേക്ക ഉറച്ച് വിശ്വസിച്ചിരുന്നത്. എങ്കിലും ഇതിനിടയിൽ ഒരിക്കൽപ്പോലും അവൾ അയാളെ നേരിട്ട് കണ്ടിരുന്നില്ല. വീഡിയോ കോളുകളിൽ മുഖം കാണിക്കാൻ ഫ്രെഡ് വിമുഖത കാണിച്ചിരുന്നു. എന്നാൽ അന്നൊന്നും റെബേക്കയ്ക്ക് അതിൽ യാതൊരു സംശയവും തോന്നിയില്ല.
പിന്നീട് അവരുടെ ബന്ധം കൂടുതൽ ദൃഡമായതോടെ, ഫ്രെഡ് തന്റെ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളെക്കുറിച്ച് റെബേക്കയോട് സംസാരിക്കാൻ തുടങ്ങി, പിന്നീട് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ യുവതിയെയും പ്രേരിപ്പിച്ചു. അതിനായി ഒരു ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോം നിർദേശിക്കുകയും ചെയ്തു. ഈ നിക്ഷേപത്തിന്റെ ലാഭം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കുമെന്ന് അയാൾ റെബേക്കയെ വിശ്വസിപ്പിച്ചു.
ആദ്യം 1,000 ഡോളർ നിക്ഷേപിച്ച റെബേക്കയ്ക്ക് 168 ഡോളർ ലാഭം ലഭിച്ചു. തുടർന്ന് 6,000 ഡോളർ കൂടി നിക്ഷേപിച്ചു. ഈ ഘട്ടത്തിൽ യുവതിയുടെ വരുമാനം വീണ്ടും ഉയർന്നു. അതോടെ തന്റെ ജീവിത സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി 100,000 യുഎസ് ഡോളർ റെബേക്ക ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചു. എന്നാൽ അതിന്റെ വരുമാനം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനായില്ല.
അതിനിടെ ഇത്തരം ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ നടക്കുന്നതായി ഒരു സുഹൃത്ത് അവളെ അറിയിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് അവർക്ക് മനസിലായത്. ഒരു വ്യാജ ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമിലേക്കാണ് ഫ്രെഡ് റെബേക്കയെക്കൊണ്ട് നിക്ഷേപം നടത്തിച്ചത്. ഈ പണവുമായി അയാൾ രക്ഷപ്പെടുകയായിരുന്നു.
അവിവാഹിതരും വിവാഹമോചനം നേടിയവരുമായ സ്ത്രീകൾ ഇത്തരം തട്ടിപ്പുകളിൽ അറിയാതെ വീണുപോകുമെന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ റെബേക്ക ഡെയ്ലി മെയിലിനോട് പറഞ്ഞത്. ''മധ്യവയസ്സിനോട് അടുക്കുന്ന അവിവാഹിതരായ സ്ത്രീകൾ വളരെ ദുർബലരാണ്. ഞങ്ങൾക്ക് പണമുണ്ട്, പക്ഷേ ഞങ്ങൾ ശരിയായ പങ്കാളികളെ കണ്ടുമുട്ടിയിരിക്കില്ല. പെട്ടെന്ന് സുന്ദരനായ മനുഷ്യൻ സംസാരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീകൾ ആവേശഭരിതരാകുന്നു." എന്ന് റെബേക്ക പറയുന്നു.

തനിക്ക് ഒരു മകളുണ്ടെന്നും ഫിലാഡൽഫിയയിലാണ് താമസിക്കുന്നതെന്നും 'ഫ്രെഡ്' തന്നോട് പറഞ്ഞിരുന്നു. ഈ തുറന്നുപറച്ചിലൊക്കെ കേട്ടാണ് അയാളെ വിശ്വസിച്ചത്. ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ സംശയിക്കാൻ ഒരുപാട് കാരണങ്ങൾ കാണുന്നുണ്ട്. എന്നാൽ അയാളെ വിശ്വസിച്ചിരുന്ന സമയത്ത് ഇതൊന്നും തനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നും റെബേക്ക പറയുന്നു.
ഇന്ത്യയിലും ഇത്തരം സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ബംഗളുരുവിൽ 37 വയസുള്ള ഒരു സ്ത്രീയെ ടിൻഡർ സുഹൃത്ത് കബളിപ്പിക്കുകയും 4.5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. താൻ യുകെയിലാണ് താമസിക്കുന്നതെന്നും അവളെ കാണാൻ ഇന്ത്യയിലേക്ക് വരികയാണെന്നും പറഞ്ഞാണ് പണം വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications