വിശ്വാസത്തെ അട്ടിമറിക്കുന്ന ഒരു ടോപ് 10 പട്ടിക! ഗൂഗിളിന് ഇടമില്ല, ആദ്യ പത്തിൽ 2 ഇന്ത്യൻ കമ്പനികൾ!
ആളുകൾക്ക് ജോലി കൊടുക്കുന്ന ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനി ഏതെന്ന് ചോദിച്ചാൽ സാധാരണക്കാരായ ഭൂരിഭാഗം ആളുകളും പറയുക ഒരുപക്ഷേ സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ പേരാകും. എന്നാൽ ഇതുസംബന്ധിച്ച ടോപ് 10 കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ നാം ഞെട്ടും. കാരണം അതിൽ ഗൂഗിളിന് ഇടമില്ല!
ടെക്നോളജി കമ്പനികളിൽ വരുമാനത്തിന്റെയും പ്രാമാണിത്വത്തിന്റെയുമൊക്കെ കാര്യത്തിൽ ഗൂഗിൾ മുന്നിലുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന ടെക് കമ്പനി എന്നനിലയ്ക്ക് ഗൂഗിൾ രണ്ട് ഇന്ത്യൻ കമ്പനികൾക്കുപോലും പിന്നിലാണ്. എന്നുമാത്രമല്ല, ആദ്യ 10 സ്ഥാനത്തിനുള്ളിൽ പോലും ഗൂഗിൾ എത്തുന്നില്ല. ഇക്കാര്യത്തിൽ മുന്നിലുള്ള 10 കമ്പനികൾ ഏതൊക്കെയെന്ന് ഇതാ.

01) ആമസോൺ: ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് ജോലി നൽകുന്ന ടെക് കമ്പനികളിൽ ഒന്നാം സ്ഥാനം ആമസോണിന് അവകാശപ്പെട്ടതാണ്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഏകദേശം 1,461,000 ജീവനക്കാരുമായിട്ടാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. ക്ലൗഡ് ഡിവിഷൻ, ആമസോൺ വെബ് സേവനങ്ങൾ ഉൾപ്പെടെ ആമസോൺ ഡിവിഷനുകളിലുടനീളമുള്ള ജോലിക്കാരടങ്ങുന്നതാണ് ഈ നമ്പർ.
02) ഫോക്സ്കോൺ: ഏറ്റവുമധികം ജീവനക്കാരുള്ള ടെക് കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ളത് ആപ്പിളിന്റെ കരാർ കമ്പനികളിൽ ഒന്നായ ഫോക്സ്കോൺ ആണ്. ഐഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ആപ്പിളിന്റെ ഏറ്റവും വലിയ കരാർ കമ്പനിയാണ്. ലോകത്താകമാനം 826,608 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലും ഫോക്സ്കോണിന് ഐഫോൺ പ്ലാന്റും ജീവനക്കാരും ഉണ്ട്.
03) ആക്‌സെഞ്ചർ: ഏറ്റവും പ്രശസ്തമായ ഐടി കമ്പനികളിലൊന്നായ ആക്‌സെഞ്ചർ ആണ് ലോകത്ത് ഏറ്റവുമധികം ജീവനക്കാരുള്ള ടെക് കമ്പനികളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ളത്. ആകെ 738,000 ജീവനക്കാരാണ് ആക്‌സെഞ്ചറിന് ഉള്ളത്. ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു ഐറിഷ് - അമേരിക്കൻ കമ്പനിയാണ് ഇത്.
04) ടാറ്റ കൺസൾട്ടൻസി സർവീസസ്: ഇന്ത്യക്ക് അഭിമാനമായി ഇന്ത്യൻ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( TCS ) പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് ലോകമെമ്പാടുമായി 6 ലക്ഷത്തിലധികം ( 614,795 ) ജീവനക്കാരുണ്ട്.
05) ടെലിപെർഫോമൻസ്: 1978-ൽ ഫ്രാൻസ് ആസ്ഥാനമായി സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയായ ടെലിപെർഫോമൻസ് ആണ് അഞ്ചാം സ്ഥാനത്ത്. ലോകമെമ്പാടുമായി ടെലിപെർഫോമൻസിന് 410,000 ജീവനക്കാരാണ് ഉള്ളത്. ഒരു ആഗോള ഡിജിറ്റൽ ബിസിനസ് സേവന കമ്പനിയാണ് ടെലിപെർഫോമൻസ്. ഡെബ്റ്റ് കളക്ഷൻ, ടെലി മാർക്കറ്റിങ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, കണ്ടന്റ് മോഡറേഷൻ, കമ്യൂണിക്കേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നു.
06) കോഗ്നിസന്റ്: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ടെക് കമ്പനികളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ളത് യുഎസ് ആസ്ഥാനമായുള്ള കോഗ്നിസന്റ് ആണ്, ഏകദേശം 351,500 പേർക്ക് കോഗ്നിസന്റ് തൊഴിൽ നൽകുന്നു. ഐടി സെർവീസ് ആൻഡ് കൺസൾട്ടിങ് സ്ഥാപനമെന്ന നിലയിലാണ് കോഗ്നിസന്റ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ വംശജനായ രവികുമാർ എസ് ആണ് നിലവിൽ കൊഗ്നിസന്റ് സിഇഒ.
07) ഇൻഫോസിസ്: ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് ജോലി നൽകുന്ന ടോപ് 10 ടെക് കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനിയാണ് ഇൻഫോസിസ്. 300,000 ജീവനക്കാരുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യൻ ഐടി ഭീമൻ ഇൻഫോസിസ് ഉള്ളത്. കൺസൾട്ടിംഗ്, ഐടി സേവന മേഖലകളിലായി ഇൻഫോസിസിന് ലോകമെമ്പാടുമായി 336,000-ത്തിലധികം ജീവനക്കാരുണ്ട്.
08) സീമെൻസ്: ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ലോകത്തെ മികച്ച 10 ടെക് കമ്പനികളുടെ പട്ടികയിലെ ഏക ജർമ്മൻ കമ്പനിയാണിത്. 316,000 ജീവനക്കാരുള്ള സീമെൻസ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ലോകമെമ്പാടുമുള്ള 190 സ്ഥലങ്ങളിലായിട്ടാണ് ഈ മൂന്ന് ലക്ഷത്തിലധികം ജീവനക്കാർ സീമെൻസിനായി ജോലിചെയ്യുന്നത്.

09) ഐബിഎം: പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ ഐബിഎം ( International Business Machines ) ആണ് ഉള്ളത്. 288,300 ജീവനക്കാരാണ് ഐബിഎമ്മിന് ഉള്ളത്. ഒരു ദശാബ്ദത്തിന് മുമ്പ് 400,000 -ൽ അധികം പേർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ഇത്.
10) മൈക്രോസോഫ്റ്റ്: സോഫ്‌റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് ടെക് കമ്പനികളുടെ ഈ ടോപ് ടെൻ പട്ടികയിൽ പത്താമതായി ഇടം കണ്ടെത്തിയിരിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 221,000 പേർ മൈക്രോസോഫ്ടിന് മുഴുവൻ സമയ ജീവനക്കാരായുണ്ട്. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ 60 ശതമാനം ജീവനക്കാരും ജോലിചെയ്യുന്നത് അമേരിക്കയിലാണ്.
ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് ജോലി നൽകിയ/ ഏറ്റവുമധികം പേർ ജോലി ചെയ്യുന്ന ടെക്നോളജി കമ്പനികളുടെ ടോപ് ടെൻ ലിസ്റ്റിൽ ഇടംപിടിക്കാതെ പോയ ഏറ്റവും പ്രമുഖ കമ്പനി ഗൂഗിൾ ആണ്. പലരുടെയും മനസിൽ ഗൂഗിളിനാണ് ഒന്നാം സ്ഥാനം, എന്നാൽ സങ്കൽപ്പമല്ല യാഥാർഥ്യം. കണക്കുകൾ പ്രകാരം ഏകദേശം 1.56 ലക്ഷം ജീവനക്കാർ മാത്രമാണ് ഗൂഗിളിന് ഇപ്പോഴുള്ളത്.


Click it and Unblock the Notifications








