വരിക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കിയാൽ ടെലിക്കോം കമ്പനികൾ അത് തിരിച്ചുനൽകണമെന്ന് ട്രായി!
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്ക് തല്ലും തലോടലുമായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ( TRAI ) പുതിയ റെഗുലേറ്ററി ഉത്തരവ് പുറത്തിറങ്ങി. ഉപഭോക്താക്കളിൽ നിന്ന് അധികമായി തുക ഈടാക്കിയെന്ന് ഓഡിറ്റിൽ കണ്ടെത്തിയാൽ ടെലിക്കോം കമ്പനികൾ അത് തിരികെ നൽകണമെന്ന് ട്രായി ഉത്തരവിട്ടു.
ടെലിക്കോം കമ്പനികളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പുതിയ നിർദേശത്തിലാണ് ട്രായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രായിയുടെ പുതിയ ഉത്തരവ് അനുസരിച്ച്, ടെലിക്കോം കമ്പനികൾ തങ്ങളുടെ വരിക്കാരി നിന്ന് അമിത നിരക്ക് ഈടാക്കിയതായി ഒരു ഓഡിറ്റ് തെളിയിക്കുകയാണെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ ടെലികോം കമ്പനികൾ പണം തിരികെ നൽകേണ്ടിവരും.

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കിയതായി ഓഡിറ്ററിൽ നിന്ന് സ്ലിപ്പ് ലഭിച്ച് 3 മാസത്തിനുള്ളിൽ ടെലിക്കോം കമ്പനി റീഫണ്ട് നൽകണം എന്നാണ് ട്രായിയുടെ ഉത്തരവ്. വരിക്കാരിൽ നിന്ന് അമിതമായി ഈടാക്കിയ പരമാവധി തുക നിശ്ചിത സമയപരിധിക്കുള്ളിൽ റീഫണ്ട് ചെയ്യുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ ഊന്നൽ നൽകുന്നതെന്ന് ട്രായ് പറയുന്നു.
2023 സെപ്‌റ്റംബർ 11-ലെ 'ക്വാളിറ്റി ഓഫ് സർവീസ് (മീറ്ററിംഗിനും ബില്ലിംഗ് കൃത്യതയ്ക്കും വേണ്ടിയുള്ള പ്രാക്ടീസ് കോഡ് ) റെഗുലേഷൻസ്, 2023-ന്റെ ഭാഗമാണ് പുതിയ നടപടി. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ടെലികോം കമ്പനികൾ പരാജയപ്പെട്ടാൽ, അവർക്ക് കനത്ത പിഴ ചുമത്തേണ്ടിവരും എന്നും ട്രായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു റിപ്പോർട്ടിന് 50 ലക്ഷം രൂപ വരെയാകും പിഴ.
ടെലിക്കോം കമ്പനികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ളവരെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് റിപ്പോർട്ട് സമർപ്പിക്കാനാകില്ല. തെരഞ്ഞെടുത്ത ഓഡിറ്റർമാരുടെ ഒരു പാനൽ ട്രായ് ശുപാർശ ചെയ്തിട്ടുണ്ട്. ഈ പാനലിലുള്ള ഓഡിറ്റർമാരെ ഉപയോഗിച്ച് വേണം ടെലിക്കോം കമ്പനികൾ തങ്ങളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ. പുതിയ നിയമം അനുസരിച്ച്, എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ മീറ്ററിംഗും ബില്ലിംഗുകളും വ്യക്തമാക്കണം.
കൂടാതെ വർഷത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യുകയും ഓഡിറ്റിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് റെഗുലേറ്ററി അതോറിറ്റിക്ക് സമർപ്പിക്കുകയും വേണം. എല്ലാ ടെലിക്കോം കമ്പനികളും എല്ലാ വർഷവും ഏപ്രിൽ 15-നകം ഓഡിറ്റ് ചെയ്യാനുള്ള ബില്ലിംഗ് സംവിധാനങ്ങളുടെയും ലൈസൻസുള്ള സേവന മേഖലകളുടെയും (എൽഎസ്എ) വിശദാംശങ്ങൾ അടങ്ങുന്ന ഓഡിറ്റിന്റെ വാർഷിക ഷെഡ്യൂൾ ട്രായിക്ക് നൽകണം.
ഓഡിറ്റിനിടെ ടെലിക്കോം കമ്പനി അമിത നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, ഓഡിറ്റർ അത് ഉടനടി രേഖാമൂലം സേവന ദാതാവിന്റെ ശ്രദ്ധയിൽപ്പെടുത്തും, തുടർന്ന് കമ്പനി ഉപയോക്താവിൽനിന്ന് അധികമായി ഈടാക്കിയ തുക തിരിച്ചു നൽകേണ്ടിവരും. ടെലിക്കോം കമ്പനികളുടെ ഓഡിറ്റ് ഭാരം ഏകദേശം 75% കുറയ്ക്കാൻ സഹായിക്കും വിധത്തിലുള്ള നിർദേശങ്ങളും ട്രായിയുടെ പുതിയ നിയമത്തിലുണ്ട്.

ഓരോ സാമ്പത്തിക വർഷത്തിനും ഓരോ എൽഎസ്എയ്ക്കും (ലൈസൻസ്ഡ് സർവീസ് ഏരിയ) നാല് ഓഡിറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി ഇതിനുപകരം, ഓരോ എൽഎസ്എയ്ക്കും ഒരു സാമ്പത്തിക വർഷത്തിൽ ഒറ്റ ഓഡിറ്റായി ചുരുക്കും. അതേസമയം തന്നെ പരമാവധി താരിഫുകൾ ഓഡിറ്റ് ചെയ്യാനും ടെലിക്കോം കമ്പനികളോട് ട്രായ് ഉത്തരവിട്ടു.
എന്നാൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആണ് പരമാവധി താരിഫുകൾ ഓഡിറ്റ് ചെയ്യാൻ നിർദേശം നൽകിയത്. മുമ്പ് ഏറ്റവും ജനപ്രിയമായ 15 താരിഫുകൾ ആണ് ഓഡിറ്റ് ചെയ്തിരുന്നത്. ഏത് പാദത്തിൽ ഏതൊക്കെ എൽഎസ്എകൾ ഓഡിറ്റ് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ടെലിക്കോം കമ്പനികൾക്ക് ട്രായ് നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








