ബിഎസ്എൻഎൽ കിങ് ഡാ! 25 ലക്ഷം പുതിയ വരിക്കാർ, തുടർച്ചയായി രണ്ടാം മാസവും മുന്നിൽ
തുടർച്ചയായി രണ്ടാം മാസവും കൂടുതൽ വരിക്കാരെ ചേർത്തുകൊണ്ട് ടെലിക്കോം വിപണിയെ ആകെ ഞെട്ടിച്ച് ബിഎസ്എൻഎൽ. ഇന്ത്യയിലെ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ എന്നിവയുടെ പ്രകടനം വിലയിരുത്തുന്ന ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം ബിഎസ്എൻഎൽ തുടർച്ചയായ രണ്ടാം മാസവും കൂടുതൽ വരിക്കാരെ നേടി മുന്നിലെത്തി. ഓഗസ്റ്റിൽ ഏറ്റവുമധികം പേർ പുതിയതായി കണക്ഷൻ എടുത്തത് ബിഎസ്എൻഎല്ലിലേക്ക് ആണ്. അതേസമയം ഏറ്റവുമധികം വരിക്കാർ കൊഴിഞ്ഞുപോയത് ജിയോയിൽ നിന്നാണ്.
ഇന്ത്യയിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നടപ്പിലായത് ജൂലൈയിൽ ആയിരുന്നു. പിന്നീട് ജൂലൈയിലെ ട്രായി റിപ്പോർട്ട് വന്നപ്പോൾ ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ വരിക്കാർ എത്തിയതായും മറ്റ് കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ ഓഗസ്റ്റിലെ റിപ്പോർട്ട് എത്തിയപ്പോഴും നമ്പറുകളിൽ ചില മാറ്റങ്ങൾ വന്നു എന്നതൊഴിച്ചാൽ കാര്യങ്ങൾ ജൂലൈയിലെപ്പോലെ തന്നെയാണ്.

അതായത് ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കി, ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് വരിക്കാരെ നഷ്ടമായി. ഓഗസ്റ്റിലെ കണക്ക് പ്രകാരം ജിയോയ്ക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത്. ജൂലൈയ്ക്ക് മുൻപ് വരെ ബിഎസ്എൻഎല്ലിനും വിഐക്കും വരിക്കാരെ നഷ്ടമാകുകയും ജിയോയും എയർടെലും കൂടുതൽ വരിക്കാരെ സ്വന്തമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടിരുന്നത്.
ജൂലൈയിലെ കണക്ക് വന്നതോടെ നിരക്ക് വർധിപ്പിക്കാതിരുന്ന ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ നേടി കുതിക്കുകയും മറ്റുള്ളവർ വരിക്കാരെ നഷ്ടപ്പെട്ട് കിതയ്ക്കുകയും ചെയ്യുന്ന കാഴ്ച കണ്ടു. അത് നിരക്ക് വർധനയെ തുടർന്നുള്ള ഒരു താൽക്കാലിക പ്രതികരണം മാത്രമായിരുന്നോ എന്ന് അറിയാൻ ടെലിക്കോം വിപണി കാത്തിരിക്കുകയായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് അത് ഒരു താൽക്കാലിക പ്രതിഭാസമല്ല എന്ന് പാഠമാണ് നൽകുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം തുടർച്ചയായി രണ്ടാം മാസവും ജിയോ, എയർടെൽ, വിഐ എന്നിവയെ പിന്തള്ളി കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് വളരെ ശുഭ സൂചനയായാണ് ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവർ കാണുന്നത്. നാശത്തിന്റെ പടുകുഴിയിൽ നിന്നും പ്രതാപകാലത്തേക്കുള്ള യാത്രയിലാണ് ബിഎസ്എൻഎൽ എന്ന് ഈ പുതിയ റിപ്പോർട്ട് പ്രതീക്ഷ പകരുന്നു.
കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 25.3 ലക്ഷം ഉപയോക്താക്കൾ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തി. അതേസമയം, സ്വകാര്യ കമ്പനികൾക്ക് നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. റിലയൻസ് ജിയോയ്ക്ക് 40.2 ലക്ഷം വരിക്കാരെയും എയർടെലിന് 24.1 ലക്ഷം വരിക്കാരെയും വോഡഫോൺ ഐഡിയയ്ക്ക് 18.7 ലക്ഷം വരിക്കാരെയും നഷ്ടമായി. നിലവിലുള്ള കമ്പനികൾ ഉപേക്ഷിച്ച് എല്ലാവരും എത്തിയത് ബിഎസ്എൻഎല്ലിലേക്കാണ് എന്ന് പറയാനാകില്ല.
എന്നാൽ ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയത് ബിഎസ്എൻഎൽ ആണ് എന്ന് കൃത്യമായി പറയാൻ സാധിക്കും. നിരക്ക് കൂട്ടി എന്നതിന് പുറമേ കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതും സ്വകാര്യ ടെലിക്കോം കമ്പനികൾ നേരിട്ട ഈ തിരിച്ചടിക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിഎസ്എൻഎൽ നിരക്ക് വർധിപ്പിച്ചില്ല എന്നുമാത്രമല്ല, അടുത്തെങ്ങും നിരക്ക് ഉയർത്താൻ ആലോചിക്കുന്നുപോലുമില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ബിഎസ്എൻഎൽ തുടർച്ചയായി വരിക്കാരെ നേടുകയും മറ്റുള്ളവർക്ക് തുടർച്ചയായി വരിക്കാർ നഷ്ടമാകുകയും ചെയ്യുന്നു എന്നത് അടുത്തകാലത്തെങ്ങും ടെലിക്കോം മേഖലയിൽ ഉണ്ടായിട്ടുള്ള കാര്യമല്ല. അതേസമയം, ട്രായ് കണക്കുകൾ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 1,200.07 ദശലക്ഷമായി കുറഞ്ഞു. ഓഗസ്റ്റിൽ 14.66 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് (എംഎൻപി) അപേക്ഷ സമർപ്പിച്ചതായും ട്രായി റിപ്പോർട്ട് പറയുന്നു. വരുംമാസങ്ങളിലും ബിഎസ്എൻഎൽ കുതിപ്പ് തുടരുമോ എന്നാണ് ഇപ്പോളേവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








