എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാൽ പോര, റിസൾട്ട് കാണണം: ടെലിക്കോം കമ്പനികളോട് കടുപ്പിച്ച് ട്രായി!

ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ ഉപയോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ കമ്പനികൾക്ക് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) കർശന നിർദേശം നൽകി. ഉപയോക്താക്കളുടെ പരാതികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ലഭിച്ച പരാതികളുടെയും ടെലിക്കോം മന്ത്രാലയത്തിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ടെലിക്കോം കമ്പനികളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രായി കർശന നിർദേശം നൽകിയിരിക്കുന്നത്.
ഫലം കാണണം!
ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനും നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും കമ്പനികൾ സ്വന്തമായി നടപടികൾ സ്വീകരിക്കണമെന്ന് ട്രായി ആവശ്യപ്പെട്ടു. "സേവനത്തിന്റെ ഗുണനിലവാരത്തിൽ ദൃശ്യമായ പുരോഗതി പ്രകടിപ്പിക്കുന്നതിന്" അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് ചർച്ചയിൽ ട്രായി ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടത്. കോൾ മ്യൂട്ടിംഗിന്റെയും വൺ-വേ സംഭാഷണത്തിന്റെയും പ്രശ്നം വിശകലനം ചെയ്യണമെന്നും കമ്പനികളോട് ട്രായി നിർദ്ദേശിച്ചു. പ്രധാന പരാതികൾക്ക് മുൻഗണന നൽകി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
5ജി വേണം, പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്!
5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനികൾ തുടങ്ങിയപ്പോൾ മുതലാണ് നെറ്റ്വർക്ക് തകരാർ മൂലമുള്ള പലവിധ പ്രശ്നങ്ങൾ ആളുകൾക്ക് കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയത്. ഇത് കണക്കിലെടുത്ത ട്രായി, 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തിടുക്കത്തിനിടയിൽ മറ്റ് സേവനങ്ങളുടെ ക്വാളിറ്റിയിൽ ചെറിയൊരു വീഴ്ചപോലും ഉണ്ടാകരുതെന്ന് കമ്പനികളോട് നിർദേശിച്ചു എന്നാണ് വിവരം. സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ ഓൺലൈൻ വിവര ശേഖരണ സംവിധാനം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ട്രായി ചർച്ചയിൽ ആവശ്യപ്പെട്ടു.

നെറ്റ്വർക്ക് തകരാറുകൾ ട്രായി സൂക്ഷ്മമായി പരിശോധിക്കും
ഉപയോക്താക്കളെ ഏറെ ബാധിക്കുന്നതിനാൽ ദീർഘകാല നെറ്റ്വർക്ക് തകരാറുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ട്രായി കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിലോ ജില്ലയിലോ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അറിയിക്കാൻ എല്ലാ ടെലിക്കോം സേവന ദാതാക്കളോടും ട്രായി നിർദേശിച്ചു. ടെലിക്കോം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ആഴ്ചയിലെ ഏഴ് ദിവസവും മുഴുവൻ സമയവും(24x7) കമ്പനികളിൽ ഓൺലൈൻ പരാതിപരിഹാര സംവിധാനം പ്രവർത്തിക്കണമെന്നും ട്രായി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI), മെഷീൻ ലേണിങ്(ML) സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ട്രായി ടെലിക്കോം കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.
തീരെ സഹികെട്ടു
ഇതു കൂടാതെ അംഗീകൃതമല്ലാത്തതും രജിസ്ട്രേഷനില്ലാത്തുമായ ടെലി മാർക്കറ്റിങ് കമ്പനികൾ ആളുകളെ ശല്യം ചെയ്യുന്നതും സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും കമ്പനികളോട് ട്രായി ആവശ്യപ്പെട്ടിരുന്നു. ഒച്ചിഴയുന്ന ഡാറ്റ വേഗവും വിളിച്ചാലും കിട്ടാത്ത അവസ്ഥയും കഴിഞ്ഞ കുറച്ച് നാളുകളായി ഉപയോക്താക്കൾക്ക് പലവിധ ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും ഏർപ്പെടുത്തിയിരുന്നു. പലപ്പോഴും മോശം നെറ്റ്വർക്ക് ഉപയോക്താക്കൾക്ക് ടെലിക്കോം സേവനങ്ങൾ അന്യമാക്കി. ഇതോടെ പരാതികൾ രൂക്ഷമായ സാഹചര്യത്തിലാണ് ടെലിക്കോം മന്ത്രാലയം ടെലിക്കോം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കാൻ ട്രായിയോട് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെലിക്കോം സേവന ദാതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ട്രായി ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്.

ഉപയോക്താക്കൾ അസംതൃപ്തരാണ്
രാജ്യത്തെ ടെലിക്കോം മേഖലയിലെ ഉപയോക്താക്കൾ അസംതൃപ്തരാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ടും സൂചനകൾ നൽകിയിരുന്നു. ട്രായി പുറത്തുവിട്ട 2022 ഡിസംബറിലെ പ്രതിമാസ പ്രകടന സൂചക റിപ്പോർട്ട് പ്രകാരം 12.49 ദശലക്ഷം മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) അഭ്യർത്ഥനകൾ ആണ് ഡിസംബറിൽ മാത്രം ലഭിച്ചത്. ഇതിൽ 7.24 ദശലക്ഷം അഭ്യർത്ഥനകൾ സോൺ-1-ൽ (വടക്ക്, പടിഞ്ഞാറൻ ഇന്ത്യ)നിന്നും ബാക്കി 5.25 ദശലക്ഷം അഭ്യർത്ഥനകൾ സോൺ-2 (കിഴക്കും ദക്ഷിണേന്ത്യയും) വിൽനിന്നും ആണ്.
കാത്തിരുന്ന് കാണേണ്ട കാര്യങ്ങൾ
തങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ ഉപയോക്താക്കൾക്കുള്ള അതൃപ്തിയാണ് ഈ കണക്ക് വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തൽ. എന്തായാലും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ ടെലിക്കോം കമ്പനികളോട് ട്രായി വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇനി ഈ നിർദേശങ്ങളിൽ ടെലിക്കോം കമ്പനികൾ എന്ത് നടപടി സ്വീകരിക്കും എന്നും ഇനിയും മോശം സേവനങ്ങൾ തുടർന്നാൽ എന്തെങ്കിലും നടപടി ട്രായി സ്വീകരിക്കാൻ തയാറാകുമോ എന്നും കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണ്.


Click it and Unblock the Notifications