ഇനിയെങ്കിലും നന്നാകുമോ? മോശം സേവനങ്ങളുടെ പേരിൽ ടെലിക്കോം കമ്പനികൾക്ക് പിഴ ചുമത്തി കേന്ദ്രം!
സ്പാം കോളുകൾ/ പരസ്യകോളുകൾ, എസ്എംഎസുകൾ എന്നിവ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യത്തെ ടെലിക്കോം കമ്പനികളിൽ നിന്ന് 34.99 കോടി രൂപ ഈടാക്കിയതായി കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ അറിയിച്ചു. വെള്ളിയാഴ്ച രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം രേഖാമൂലം വിശദമാക്കിയിരിക്കുന്നത്.
അശ്വനി വൈഷ്ണവ് സമർപ്പിച്ച രേഖകൾ പ്രകാരം, ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമേഴ്‌സ് പ്രിഫറൻസ് റെഗുലേഷൻ(TCCCPR), 2018 ലംഘിച്ചതിന് ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ 2021 ൽ 15,382 കണക്ഷനും 2022ൽ 32,032 കണക്ഷനുകളും വിച്ഛേദിച്ചു. ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ തങ്ങളുടെ ബാധ്യത നിറവേറ്റുന്നതിൽ വീഴ്ചവരുത്തുന്നതായി ഇത് വ്യക്തമാക്കുന്നു.

രജിസ്റ്റേർഡ് ടെലിമാർക്കറ്ററുകളിൽ നിന്നുള്ള വാണിജ്യ കോളുകളും എസ്എംഎസും തടയുന്നതിൽ പരാജയപ്പെട്ടതിന് ആക്‌സസ് സേവന ദാതാക്കൾക്ക് 34,99,98,000 രൂപയുടെ പിഴ ട്രായ് ചുമത്തിയിട്ടുണ്ടെന്ന് വൈഷ്ണവ് അറിയിച്ചു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് മൊത്തത്തിലാണ് ട്രായ് 35 കോടി രൂപ പിഴ ചുമത്തിയത്.
പ്രൊമോഷണൽ കോളുകൾക്കും എസ്എംഎസുകൾക്കും ഉപയോക്താക്കളുടെ സമ്മതം തേടുന്നതിനും പരിപാലിക്കുന്നതിനും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ സേവന ദാതാക്കളോട് ട്രായ് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. സ്പാം കോളുകളുടെ ശല്യം വർധിച്ചതോടെ ഉപയോക്താക്കളുടെ പരാതികളുടെയും ടെലിക്കോം മന്ത്രാലയത്തിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു ട്രായിയുടെ നീക്കം.
"സേവനത്തിന്റെ ഗുണനിലവാരത്തിൽ ദൃശ്യമായ പുരോഗതി പ്രകടിപ്പിക്കുന്നതിന്" അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും ട്രായി ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. പ്രൊമോഷണൽ കോളുകൾക്കും സന്ദേശങ്ങൾക്കും വരിക്കാരുടെ സമ്മതം ഉറപ്പാക്കാൻ സേവന ദാതാക്കൾ നടപടി സ്വീകരിക്കണം എന്നാണ് ട്രായി നിർദേശം. ഉപയോക്താക്കളുടെ താൽപര്യത്തിനാണ് ട്രായി പ്രാധാന്യം നൽകുന്നത്.
പ്രമോഷണൽ സന്ദേശങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളുടെ സമ്മതം തേടാൻ അവസരമുണ്ടാകുമെന്ന് ട്രായ് പ്രസ്താവനയിൽ പറഞ്ഞു. പ്രമോഷണൽ കോളുകളും എസ്എസംഎസും സ്വീകരിക്കുന്നത് സംബന്ധിച്ച ഉപയോക്താക്കളുടെ സമ്മതം തേടുന്നതിന് 127-ൽ ആരംഭിക്കുന്ന ഒരു പൊതു ഷോർട്ട് കോഡ് ഉപയോഗിക്കാൻ ജിയോ, എയർടെൽ, വിഐ കമ്പനികൾ ഉൾപ്പെടുന്ന ആക്‌സസ് പ്രൊവൈഡർമാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരസ്യ കോളുകൾക്ക് പുറമേ കോൾ മ്യൂട്ടിംഗിന്റെയും വൺ-വേ സംഭാഷണത്തിന്റെയും പ്രശ്നം വിശകലനം ചെയ്യണമെന്നും കമ്പനികളോട് ട്രായി നിർദ്ദേശിച്ചു. ഉപയോക്താക്കളെ ഏറെ ബാധിക്കുന്നതിനാൽ ദീർഘകാല നെറ്റ്വർക്ക് തകരാറുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ട്രായി കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിലോ ജില്ലയിലോ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അറിയിക്കാൻ എല്ലാ ടെലിക്കോം സേവന ദാതാക്കളോടും ട്രായി നിർദേശിച്ചിരുന്നു.

ടെലിക്കോം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ആഴ്ചയിലെ ഏഴ് ദിവസവും മുഴുവൻ സമയവും(24x7) കമ്പനികളിൽ ഓൺലൈൻ പരാതിപരിഹാര സംവിധാനം പ്രവർത്തിക്കണമെന്നും ട്രായി ഇതിനകം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതിനായി മെഷീൻ ലേണിങ് ( ML ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്( AI ) സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ട്രായി ടെലിക്കോം കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.
ഈ വർഷമാദ്യം നടത്തിയ സർവേയിൽ, ഏകദേശം 76 ശതമാനം പേർ തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കോളുകളോ എസ്എംഎസുകളോ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം പരാതികൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്പാം കോളുകളും പരസ്യകോളുകളും ഒഴിവാക്കാനുള്ള ടെക്നോളജികൾ വികസിപ്പിക്കാൻ പരിശ്രമിക്കുന്നതായി ട്രായി കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ ഒന്നും പ്രാവർത്തികമായതായി അറിവില്ല.


Click it and Unblock the Notifications








