''ഒരു പ്രശ്‌നവും തോന്നുന്നില്ല''! ജിയോ ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാന് ട്രായിയുടെ ക്ലീൻചിറ്റ്
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും തമ്മിലുണ്ടായ പോരാട്ടങ്ങളിലൊന്നിൽ ജിയോയ്ക്ക് ആശ്വാസം പകരുന്ന ട്രായി തീരുമാനം പുറത്ത്. ജിയോ അവതരിപ്പിച്ച ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാനിന് എതിരേ എയർടെൽ ട്രായിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി തള്ളിക്കൊണ്ടുള്ള ട്രായിയുടെ തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്.
ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാനിനൊപ്പം നിരവധി ലൈവ് ടിവി ചാനലുകൾ നൽകാനുള്ള ജിയോയുടെ തീരുമാനത്തിന് എതിരേയാണ് എയർടെൽ ട്രായിയെ സമീപിച്ചത്. ജിയോയുടെ നീക്കം വിപണിയിലെ നിരക്കുകൾക്ക് നിരക്കുന്നത് അല്ലെന്നും പ്ലാനുകൾ തടയണമെന്നുമാണ് എയർടെൽ പരാതിയിൽ ആവശ്യപ്പെട്ടത്. ജിയോ പ്ലാൻ ഉപയോക്താക്കളെ പ്രലോഭിപ്പിക്കുന്നതാണ് എന്നും എയർടെൽ ആരോപിച്ചിരുന്നു.

ജിയോ ചാനലുകൾ സൗജന്യമായി നൽകുന്നത് ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം) മേഖലയിലെ നിരക്കുകളെയും ആരോഗ്യപരമായ മത്സരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും എയർടെൽ വാദിച്ചു. മത്സരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാർക്കറ്റ് ചിലവിലും താഴെ നിരക്കിലാണ് ജിയോ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം 400/550 ലൈവ് ടിവി ചാനലുകൾ നൽകുന്നത്. ഇത് കൊള്ളയടിക്കുന്ന നിരക്കിന്റെ വ്യക്തമായ കേസ് ആണെന്ന് എയർടെൽ വാദിക്കുന്നു.
ജിയോയുടെ ഈ നീക്കം TTO(ടെലിക്കോം താരിഫ് ഓഡർ) -1999 ന് വിരുദ്ധമാണെന്നും അതോറിറ്റിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ട്രായിക്ക് അയച്ച പരാതിക്കത്തിൽ എയർടെൽ പറയുന്നു. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം യൂണിറ്റ് എയർടെല്ലിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. നിസ്സാര പരാതികൾ നൽകരുതെന്ന് എയർടെല്ലിന് മുന്നറിയിപ്പ് നൽകണമെന്നുകാട്ടി ട്രായിക്ക് കത്തുനൽകിയാണ് ജിയോ ഇതിനെ നേരിട്ടത്.
ജിയോയുടെ ഉപഭോക്തൃ സൗഹൃദ പ്ലാനുകളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് എയർടെൽ നടത്തിയിരിക്കുന്നത് എന്നും കത്തിൽ ജിയോ ആരോപിച്ചിരുന്നു. എയർടെല്ലിന്റെ സങ്കുചിത താൽപ്പര്യങ്ങളിൽനിന്നുണ്ടാകുന്ന ഭാവന ഉപഭോക്താക്കളോടുള്ള ദ്രോഹമായി തോന്നുന്നു എന്നും ജിയോ വിമർശിച്ചു. തുടർന്ന് പരാതി വിശദമായി പരിശോധിച്ച ട്രായി ഒടുവിൽ ജിയോയ്ക്ക് അനുകൂലമായി അന്തിമതീരുമാനം പുറത്തുവിടുകയായിരുന്നു.
പരാതിയും പ്രതികരണവും പരിശോധിച്ചതിൽനിന്ന്, റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്ന പ്ലാൻ താരിഫ് ഓർഡറുകൾ ലംഘിക്കുന്നില്ലെന്ന് ട്രായ് കണ്ടെത്തിയെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ പാർലമെന്റിൽ പറഞ്ഞു. ലൈവ് ടിവി ചാനലുകൾ നൽകാനുള്ള നീക്കത്തിന് ടെലികോം റെഗുലേറ്റർ ക്ലീൻ ചിറ്റ് നൽകിയതായും മന്ത്രി അറിയിച്ചു.
റിലയൻസ് ജിയോയുടെ ഓഫറിൽ ഒരു പ്രശ്‌നവും ഉള്ളതായി ട്രായിക്ക് തോന്നുന്നില്ലെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി വെള്ളിയാഴ്ച പാർലമെന്റിൽ പറഞ്ഞു. ട്രായിയുടെ ക്ലീൻ ചിറ്റ് ഉള്ളതിനാൽ ജിയോയ്ക്ക് ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാൻ തുടരാം. അതേസമയം ജിയോയ്ക്ക് എതിരേ പരാതി നൽകിയ അതേ എയർടെൽതന്നെ ജിയോയുടെ അതേനിരക്കിൽ ഒരു ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു എന്നതാണ് ഏറ്റവും കൗതുകകരമായ മറ്റൊരുകാര്യം.

2016 ൽ ജിയോ ടെലിക്കോം വിപണിയിലേക്ക് എത്തിയത് മുതൽ തന്നെ ജിയോയും എയർടെലും തമ്മിൽ നിരക്കുകൾ സംബന്ധിച്ച തർക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ അടുത്തിടെയായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ഏറെ കുറഞ്ഞിരുന്നു. ജിയോയും എയർടെലും കഴിഞ്ഞാൽ തൊട്ടടുത്തുള്ള സ്ഥാനത്തുള്ളത് വിഐ ആണ്. എന്നാൽ കുറച്ചുനാളുകളായി ഈ രണ്ട് കമ്പനികളോടും ഏറ്റുമുട്ടാനുള്ള ശേഷി വിഐക്കില്ല.
വിഐയിൽനിന്നുള്ള വെല്ലുവിളി കുറഞ്ഞതിനാൽ മത്സരം പൊതുവെ കുറയുകയായിരുന്നു. എന്നാൽ ഇതിന്റെ നഷ്ടം ഉപയോക്താക്കൾക്കാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം എതിരാളികളെക്കാൾ സ്വാധീനം നേടാൻ ഉപയോക്താക്കളെ കൈയിലെടുക്കേണ്ടതുണ്ട്. അതിന് മികച്ച ഓഫറുകൾ നൽകേണ്ടതുണ്ട്. ഏറ്റവും ലാഭം കിട്ടുന്നിടത്തേക്കാകും ഉപയോക്താക്കൾ പോകുക. അതിനാൽ എതിരാളി നൽകുന്നതിനെക്കാൾ മൂല്യമുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികൾ മത്സരിക്കും. ആത്യന്തികമായി ഇതിന്റെ ലാഭം ഉപയോക്താക്കൾക്കാണ്.


Click it and Unblock the Notifications








