വിഐയുടെ 'പണി'യേറ്റു; ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത് നിർത്താൻ ട്രായി നീക്കം
സൗജന്യമായി 5ജി ഡാറ്റ ആസ്വദിച്ചുവന്നിരുന്നവർക്ക് ഇടിത്തീയായി ഒടുവിൽ ആ വാർത്ത ഉടൻ എത്തും. അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നത് നിർത്തണമെന്ന് റിലയൻസ് ജിയോയോടും ഭാരതി എയർടെലിനോടും നിർദേശിക്കാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) തയാറെടുക്കുന്നതായി റിപ്പോർട്ട്.
രാജ്യത്തെ മൂന്നാമത്തെ പ്രമുഖ ടെലിക്കോം സേവന ദാതാവായ വിഐയുടെ പരാതിയെത്തുടർന്നാണ് ജിയോയുടെയും എയർടെലിന്റെയും സൗജന്യ 5ജി ഡാറ്റയ്ക്ക് എതിരേ നടപടിയെടുക്കാൻ ട്രായി തയാറായിരിക്കുന്നത്. ഈ രണ്ട് ടെലികോം കമ്പനികൾക്കും കാര്യമായ വിപണി ശക്തിയുണ്ട്, അവരുടെ 5ജി താരിഫുകൾ നിയമങ്ങൾക്ക് നിരക്കാത്തതാണെന്നും വിഐ പരാതിപ്പെട്ടു.

എയർടെലും ജിയോയും നിലവിലുള്ള 4ജി പ്ലായ്ക്കകളിലാണ് 5ജി നൽകുന്നത്. ഇരു കമ്പനികളും ചെലവ് കുറച്ചാണ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നും വിഐ ആരോപിക്കുന്നു. സംഭവത്തിൽ ഇരു കമ്പനികളുടെയും വിശദീകരണം ട്രായി നേരത്തെ തേടിയതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അൺലിമിറ്റഡ് 5ജി നിർത്തിക്കാനുള്ള തീരുമാനത്തിലേക്ക് ട്രായി എത്തിയിരിക്കുന്നത്.
വിഷയം പരിശോധിച്ച ട്രായി, ജിയോയുടെയും എയർടെലിന്റെയും താരിഫുകൾ വിലയിൽ കുറവല്ലാത്തതിനാൽ കൊള്ളയടിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തുന്നതായിട്ടാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. 4ജി നിരക്കിൽ 5ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ കൊള്ളയടിക്കൽ എന്ന് വിളിക്കാനാവില്ല. എന്നിരുന്നാലും, ഏതെങ്കിലും പ്ലാനിന്റെ ഭാഗമായി പരിധിയില്ലാത്ത ഡാറ്റ നൽകുന്നത് താരിഫ് നിയന്ത്രണങ്ങളുടെ ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) തത്വത്തിന് വിരുദ്ധമാണ്.

അതിനാൽ രണ്ട് ടെലിക്കോം കമ്പനികളും അൺലിമിറ്റഡ് 5ജി നൽകുന്നത് നിർത്തണമെന്ന നിഗമനത്തിലേക്ക് ട്രായ് എത്തുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രായ് ഈ നിർദ്ദേശം പുറപ്പെടുവിച്ചാൽ, ജിയോയ്ക്കും എയർടെലിനും അവരുടെ ഡാറ്റ പ്ലാനുകൾ 4ജി നിരക്കിൽ തുടരാൻ കഴിയും, എന്നാൽ അൺലിമിറ്റഡ് ആയി ഡാറ്റ നൽകാൻ കഴിയില്ല.
ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) തത്വം 4ജി പ്ലാനുകളിലേത് പോലെ 5ജിയ്ക്കും ബാധകമാണ് എന്നാണ് ട്രായിയുടെ വിലയിരുത്തലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു പുതിയ ബില്ലിംഗ് സൈക്കിൾ ആരംഭിക്കുന്നതിന് മുമ്പ് വരിക്കാർ അവരുടെ ഡാറ്റ പരിധി പിന്നിട്ടാൽ, ടെലിക്കോം സേവന ദാതാക്കൾ 4ജി പ്ലാനുകൾക്ക് കീഴിൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയ്ക്കുന്നു.
ടെലിക്കോം ഓപ്പറേറ്റർമാർ ഈ വിവരങ്ങൾ അവരുടെ വെബ്‌സൈറ്റുകളിൽ അവരുടെ താരിഫ് പ്ലാനുകൾക്കൊപ്പം പ്രസിദ്ധീകരിക്കുകയും ഡാറ്റ ഉപയോഗം 50%, 90%, 100% എന്നിവയിൽ എത്തുമ്പോൾ വരിക്കാർക്ക് അലേർട്ടുകൾ അയയ്ക്കുകയും വേണം എന്നാണ് ഫെയർ യൂസേജ് പോളിസി തത്വങ്ങളിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് 5ജിയുടെ കാര്യത്തിലും ബാധകമാണ് എന്നാണ് ട്രായിയുടെ നിലപാട്.

5ജി സേവനങ്ങൾ വ്യാപിപ്പിച്ച് വരുന്നതേ ഉള്ളൂ എന്നും എല്ലാവരിലേക്കും 5ജി എത്തിയിട്ടില്ല, അതിനാൽത്തന്നെ 5ജി സേവനങ്ങൾക്ക് നിരക്കും പ്ലാനും അവതരിപ്പിക്കാൻ കഴിയില്ല എന്നുമാണ് വിഐ പരാതി ഉന്നയിച്ച ഘട്ടത്തിൽ ജിയോയും എയർടെലും മറുപടിയായി നൽകിയത്. എന്നാൽ എയർടെല്ലും ജിയോയും യഥാക്രമം 3000 നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
എന്നിട്ടും താരിഫ് നിയന്ത്രണങ്ങൾ പാലിക്കാതെ പരിധിയില്ലാതെ ഡാറ്റ നൽകുകയാണ്. അതിനാൽ രണ്ട് ടെലിക്കോം കമ്പനികളും നിയന്ത്രണങ്ങൾ പാലിക്കണമെന്നാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ജിയോയ്ക്കും എയർടെലിനും ഒപ്പം 5ജി സേവന വിതരണ അവകാശം സ്വന്തമാക്കിയ കമ്പനിയാണ് വിഐ. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം 5ജി ആരംഭിക്കാൻ വിഐക്ക് കഴിയാതെ പോകുകയായിരുന്നു.
മറ്റ് രണ്ട് കമ്പനികളും 5ജി ആരംഭിച്ചതോടെ വിഐ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു. അൺലിമിറ്റ് 5ജി എന്ന പ്രലോഭനത്തിലൂടെ ജിയോയും എയർടെലും തങ്ങളുടെ വരിക്കാരെ തട്ടിയെടുക്കുകയാണ് എന്നാണ് വിഐയുടെ വിശ്വാസം. ഇതോടെയാണ് ഇരു കമ്പനികളുടെയും അൺലിമിറ്റഡ് 5ജിയ്ക്ക് എതിരേ ട്രായിക്ക് പരാതി നൽകി വിഐ രംഗത്ത് എത്തിയത്.


Click it and Unblock the Notifications








