റീച്ചാർജ് നിരക്ക് 'റോക്കറ്റായാൽ' പാവങ്ങൾ എന്തുചെയ്യും? പ്രത്യേക പ്ലാൻ പുറത്തിറക്കാൻ ട്രായി നീക്കം!

രാജ്യത്തെ ടെലിക്കോം വരിക്കാർ നിരക്കുവർധനയെന്ന ഭൂതത്തിന്റെ വായിലേക്ക് പതിയെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയതോടുകൂടി പ്രമുഖ ടെലിക്കോം കമ്പനികളുടെ ചെലവുകളും വർധിച്ചിട്ടുണ്ട്. അതിനാൽ നിരക്ക് ഉയർത്തേണ്ട സാഹചര്യമാണ് എന്നാണ് കമ്പനികളുടെ പക്ഷം. അടുത്ത മാസത്തോടുകൂടി ടെലിക്കോം റീച്ചാർജ് നിരക്കുകളിൽ കാര്യമായ വർധനകൾ പ്രതീക്ഷിക്കാം എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.
സാധാരണക്കാർ എന്തുചെയ്യും
ഇപ്പോഴുള്ള ചാർജ് തന്നെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് താങ്ങാൻ കഴിയുന്നില്ല. ഇനി നിരക്ക് വർധനകൂടി എത്തുന്നതോടെ നിർധനരായ ജനങ്ങൾ എന്തുചെയ്യും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അടുത്തിടെ എയർടെൽ അവരുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 99 രൂപയുടെ പ്ലാൻ നിർത്തിലാക്കുകയും അടിസ്ഥാന പ്ലാൻ നിരക്ക് 155 രൂപ ആയി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ പാതയിൽ മറ്റ് പ്ലാനുകളിലും ഉടൻ നിരക്ക് വർധന ഉണ്ടാകുമെന്നും മറ്റ് ടെലിക്കോം കമ്പനികളും ഏതാണ്ട് ഇതേ നിലയിൽ തന്നെ റീച്ചാർജ് പ്ലാനുകളിൽ മാറ്റം വരുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റേഷൻ വാങ്ങണമെങ്കിലും ഒടിപി വരണം
നിരക്കുകൾ ഉയർത്താതെ തരമില്ലെന്നാണ് കമ്പനികളുടെ നിലപാട്. എന്നാൽ ഇത് പാവങ്ങളെ ടെലിക്കോം സേവനങ്ങളിൽനിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കും. റേഷൻ വാങ്ങാൻ പോലും ഒടിപി വേണമെന്നിരിക്കെ പാവപ്പെട്ട ഒരുവിഭാഗം ജനങ്ങളെ ടെലിക്കോം സേവനങ്ങളുടെ പടിക്ക് പുറത്തേക്ക് തള്ളാൻ നിരക്കുവർധന ഇടയാക്കും. കണക്ടിവിറ്റി ഇന്ന് ഒരു മൗലികാവകാശമെന്ന നിലയിൽ പരിഗണിക്കപ്പെടേണ്ട വിഷയമാണെന്നിരിക്കെ പണമില്ലാത്തതിന്റെ പേരിൽ ആളുകൾ ടെലിക്കോം സേവനങ്ങളിൽനിന്ന് പുറത്താകുന്നത് ശരിയായ മുന്നേറ്റമായിരിക്കില്ല രാജ്യത്ത് ഉണ്ടാക്കുക. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ബദൽ മാർഗങ്ങൾ ആലോചിക്കുകയാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI).
ഡാറ്റ ഇല്ലാതെ പ്ലാനുകൾ
ഡാറ്റ ഉൾപ്പെടുന്നതോടെയാണ് റീച്ചാർജ് പ്ലാനുകൾ ചെലവേറിയതാകുന്നത് എന്നാണ് ട്രായിയുടെ കണക്കുകൂട്ടൽ. അതിനാൽ ഡാറ്റ ഒഴിവാക്കി ഇൻകമിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ആണ് ട്രായിയുടെ നീക്കം. ഇതു സംബന്ധിച്ച നിർദ്ദേശം ടെലിക്കോം കമ്പനികൾക്ക് ട്രായി ഉടൻ നൽകും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. ഒരു മാസത്തെ വാലിഡിറ്റിക്കായി 200 രൂപയോളം നൽകേണ്ടിവരുന്നത് സാധാരണക്കാർക്ക് വൻ ബാധ്യതയാണ്. ഈ തുകയ്ക്ക് ലഭ്യമാകുന്ന സേവനങ്ങൾ പലതും പൂർണമായി ഉപയോഗിക്കാൻ പലരെക്കൊണ്ടും സാധിക്കുന്നുമില്ല. ഡാറ്റ ഉപയോഗമില്ലാത്ത നിരവധി ആളുകൾ നമുക്കിടയിൽത്തന്നെയുണ്ട്. കൂടാതെ സെക്കൻഡറി സിം ഉപയോഗിക്കുന്ന ആളുകൾക്കും മാസം നല്ലൊരു തുക റീച്ചാർജിനായി മാറ്റിവയ്ക്കേണ്ടിവരുന്നു. ഇൻകമിങ് സൗകര്യത്തോടെ എത്തുന്ന പ്ലാനുകൾ വരുന്നതോടെ കുറഞ്ഞ തുകയിൽ ഇത്തരം സെക്കൻഡറി സിമ്മുകളുടെ ഉപയോഗം മുന്നോട്ട് കൊണ്ടുപോകാൻ ഉപയോക്താക്കൾക്ക് സാധിക്കും.

നിർദേശം കമ്പനികൾക്ക് അത്ര പിടിച്ചിട്ടില്ല
ഇൻകമിങ്, എസ്എംഎസ് എന്നീസേവനങ്ങൾ നൽകുന്ന പ്രത്യേക നിരക്കുകുറഞ്ഞ പ്ലാനുകൾ പുറത്തിറക്കണമെന്ന ട്രായി നിർദ്ദേശം ടെലിക്കോം കമ്പനികൾക്ക് അത്രപിടിച്ചിട്ടില്ല. പുതിയ നിരക്കുകുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കണമെന്ന ട്രായി നിർദേശത്തിൽ ടെലിക്കോം കമ്പനികൾ അതൃപ്തരാണ് എന്നാണ് എക്കണോമിക്സ് ടൈസ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ട്രായി ഔദ്യോഗികമായി നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഓരോ ഉപയോക്താവിൽനിന്നും ലഭിക്കുന്ന ശരാശരി വരുമാനം ഉയർത്താനുള്ള വഴി ആലോചിച്ചുകൊണ്ടിരിക്കുന്ന ടെലിക്കോം കമ്പനികൾക്ക് ട്രായിയുടെ പുതിയ നീക്കം തിരിച്ചടിയാകും.
ഒറ്റയടിക്കില്ല, ഘട്ടം ഘട്ടമായി...
ഒറ്റയടിക്ക് നിരക്ക് ഉയർത്തുന്നതിന് പകരം ഘട്ടം ഘട്ടമായുള്ള നിരക്ക് വർധനവിനാണ് ടെലിക്കോം കമ്പനികൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ട്രായിയുടെ നിർദേശം നടപ്പിലാക്കിയാൽ തങ്ങളുടെ വരുമാനത്തെ അത് ബാധിക്കുമോ എന്നാണ് കമ്പനികൾ ആലോചിക്കുന്നത്. എന്തായാലും ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു പോംവഴി കണ്ടെത്തിയില്ലെങ്കിൽ നിരവധി പാവങ്ങൾ ടെലിക്കോം പരിധിക്കുപുറത്താകും. മറ്റ് വഴിയില്ലാതെ ഉള്ളപണം ടെലിക്കോം സേവനങ്ങൾക്കുകൂടി നീക്കി വയ്ക്കേണ്ട അവസ്ഥയും പലർക്കും വന്നുചേരും.


Click it and Unblock the Notifications








