പാവങ്ങൾ ധർമ്മസങ്കടത്തിൽ! പരിഹാരമായി പണ്ടത്തെ 'ആ' പ്ലാനുകൾ തിരിച്ചുകൊണ്ടുവരാൻ ട്രായി ശ്രമം
റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന നടപ്പിലായതിന്റെ ബുദ്ധിമുട്ടുകൾ ജനം അനുഭവിച്ച് തുടങ്ങിയിരിക്കുകയാണ്. വർധിപ്പിച്ച നിരക്കിലുള്ള റീച്ചാർജ് പ്ലാനുകളാണ് ജൂലൈ 3, 4 തീയതികൾക്ക് ശേഷം ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളുടെ വരിക്കാർക്ക് ലഭ്യമായിട്ടുള്ളത്. ഈ നിരക്ക് വർധന ഏറ്റവും വലിയ ആഘാതമായത് സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾക്കാണ്. തങ്ങൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന പ്ലാനുകൾ ഇപ്പോൾ റീച്ചാർജ് ചെയ്യാൻ ശ്രമിക്കുമ്പോൾ അവയ്ക്ക് വൻ തോതിൽ വില ഉയർന്നു എന്നത് ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നു. ആവശ്യം നടക്കണമെന്നതിനാൽ പലരും ബുദ്ധിമുട്ടിയാണെങ്കിലും റീച്ചാർജ് ചെയ്യുന്നു.
മുൻപ് 239 രൂപയുടെ പ്ലാൻ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു എയർടെൽ വരിക്കാരൻ ഇപ്പോൾ അതേ പ്ലാൻ വീണ്ടും ചെയ്യാൻ ശ്രമിക്കുമ്പോൾ നിരക്ക് വർധിച്ചിരിക്കുന്നത് പത്തോ ഇരുപതോ രൂപയൊന്നുമല്ല, മറിച്ച് 60 രൂപയാണ്. അതായത് 239 രൂപയുടെ പ്ലാൻ നിരക്ക് വർധനയ്ക്ക് ശേഷം 299 രൂപയുടെ പ്ലാനായി മാറി. നിരക്ക് കൂടി എന്നതല്ലാതെ ആനുകൂല്യങ്ങളിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല.

ഇവിടെ 239 രൂപയുടെ റീച്ചാർജ് ചെയ്യാൻ വന്നയാൾ അധികമായി 60 രൂപ റീച്ചാർജിനായി മുടക്കേണ്ടി വരുന്നു. ഇങ്ങനെ മുടക്കുന്ന തുകയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി തികച്ച് കിട്ടുന്നുണ്ടോ അതുമില്ല. ആകെ 28 ദിവസ വാലിഡിറ്റിയിലാണ് ഈ 299 രൂപ പ്ലാൻ എത്തുന്നത്.
സ്വകാര്യ കമ്പനികളുടെയെല്ലാം റീച്ചാർജ് പ്ലാനുകൾ നിരക്ക് വർധനയ്ക്ക് ശേഷം ഈ വിധത്തിൽ മാറിയിട്ടുണ്ട്. എന്നാൽ നിരക്ക് കൂടുന്നതിന് അനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുന്നുണ്ടോ അതുമില്ല. പല ഉപയോക്താക്കളും കോൾ ഡ്രോപ്പ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 28 ദിവസ വാലിഡിറ്റിയിൽ പ്ലാനുകൾ അവതരിപ്പിക്കുന്നത് തന്നെ ഒരുതരം കൊള്ളയാണ്.
30 ദിവസത്തെ വാലിഡിറ്റി തികച്ചും ലഭ്യമാകുന്ന പ്ലാനുകൾ നൽകിയാൽ വർഷത്തിൽ കൂടിവന്നാൽ 12 റീച്ചാർജുകൾ ചെയ്താൽ മതിയാകും. എന്നാൽ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചാൽ ഉപയോക്താക്കൾ ഒരു വർഷത്തിൽ '13 മാസം' റീച്ചാർജ് ചെയ്യേണ്ടിവരും. ഈ കണക്കിലെ കളിയിലൂടെ തന്നെ വൻ ലാഭം ടെലിക്കോം കമ്പനികൾ കണ്ടെത്തുന്നു.
ഉയർന്ന നിരക്ക് നൽകി സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾ വലഞ്ഞിരിക്കുന്ന ഈ അവസരത്തിൽ പ്രതീക്ഷ നൽകുന്ന ഒരു നീക്കം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഡാറ്റ സേവനങ്ങൾ ഇല്ലാതെ കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായുള്ള പ്രത്യേകം റീച്ചാർജ് പ്ലാനുകൾ വീണ്ടും തിരികെ കൊണ്ടുവരാൻ ട്രായി ഇപ്പോൾ ശ്രമിക്കുന്നു.
'റിവ്യൂ ഓഫ് ടെലിക്കോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ (TCPR), 2012' എന്ന തലക്കെട്ടിൽ ഒരു കൺസൾട്ടേഷൻ പേപ്പർ ട്രായി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ വോയ്‌സ്, എസ്എംഎസ് എന്നിവ മാത്രമുള്ള വൗച്ചറുകളെക്കുറിച്ച് ട്രായി പറയുന്നു. വോയ്സ്, എസ്എംഎസ് എന്നിവയ്ക്കായുള്ള പ്രത്യേകം പ്ലാനുകൾ തിരികെ കൊണ്ടുവരേണ്ടതുണ്ടാ എന്നാണ് ട്രായി ആലോചിക്കുന്നത്.

മുൻപ് ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത റീച്ചാർജ് ഓപ്ഷനുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ 2016ൽ ജിയോയുടെ കടന്നുവരവോടെ ടെലിക്കോം മേഖലയിൽ നിർണായകമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഒറ്റ പ്ലാനായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാനുകൾ പ്രചാരത്തിലായത് ജിയോയുടെ കടന്നുവരവിന് പിന്നാലെയുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണ്.
ഇന്ന് ഏറെ പ്രചാരത്തിലുള്ളത് ഈ മൂന്ന് സേവനങ്ങളും ഒന്നിച്ച് അടങ്ങിയിരിക്കുന്ന പ്ലാനുകളാണ്. എന്നാൽ ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്ന പലരും അതിലെ ആനുകൂല്യങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല. അതായത് ചിലർക്ക് മൊബൈലിൽ അധികം ഡാറ്റ ആവശ്യങ്ങൾ ഉണ്ടാകില്ല. എങ്കിലും റീച്ചാർജ് ചെയ്യുമ്പോൾ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യം അടങ്ങുന്ന പ്ലാനുകളാണ് തെരഞ്ഞെടുക്കാൻ ലഭ്യമായിട്ടുള്ളത്.
ഡാറ്റ വേണ്ടാത്തവർ ഇത്തരം പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ ഡാറ്റയ്ക്കായി അവർ നൽകിയ പണം പാഴാകുകയാണ്. ഇത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. നിലവിൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിക്കുന്നത് തന്നെ അതിലെ ഡാറ്റ, വാലിഡിറ്റി എന്നിവയെ ആശ്രയിച്ചാണ്. എന്നാൽ കോളിങ് മാത്രം മതി എന്നുള്ളവർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരക്ക് കുറഞ്ഞ പ്ലാനുകൾ വളരെ കുറവാണ്.
ഉപയോഗിക്കാത്ത ആനുകൂല്യത്തിലും ആളുകൾ പണം നൽകേണ്ടിവരുന്ന ഒരു സാഹചര്യം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പഴയ രീതിയിലുള്ള വോയ്സ്, എസ്എംഎസ് എന്നിവയ്ക്കായുള്ള പ്രത്യേകം പ്രത്യേകം പ്ലാനുകൾ തിരികെ കൊണ്ടുവരാൻ ട്രായി ആലോചന നടത്തുന്നത്. ഇതുവഴി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കോളിങ് ആവശ്യം നിറവേറ്റാൻ അനുയോജ്യമായ പ്ലാൻ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

"ഡാറ്റയും വോയ്‌സ്, എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുന്ന ബണ്ടിൽഡ് പ്ലാനുകൾ വ്യാപകമാണെങ്കിലും, പല ഉപഭോക്താക്കളും തങ്ങൾ ഉപയോഗിക്കാത്ത ഡാറ്റയ്‌ക്ക് പണം നൽകുന്നതായി കാണുന്നു." എന്ന് ട്രായി നിരീക്ഷിക്കുന്നു. അതിനാൽ പഴയ രീതിയിലുള്ള റീച്ചാർജ് ഓപ്ഷനുകളും നിലവിലുള്ള പ്ലാനുകളോടൊപ്പം തിരികെ കൊണ്ടുവരണോ എന്ന് അറിയാൻ ട്രായി ആഗ്രഹിക്കുന്നു. അത് അറിയാനായി ഒരു സർവേയും ട്രായി നടത്തുകയുണ്ടായി.
"ഉപഭോക്തൃ സർവേയിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിൽ, വിപണിയിൽ ലഭ്യമായ പ്ലാനുകൾ വോയ്‌സ്, ഡാറ്റ, എസ്എംഎസ്, ഒടിടി സേവനങ്ങൾ മുതലായവ സംയോജിപ്പിച്ച് വിശാലമായ ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്ത താരിഫ് പ്ലാനുകളാണ് എന്ന് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. എല്ലാ സബ്‌സ്‌ക്രൈബർമാർക്കും എല്ലാ സേവനങ്ങളും ആവശ്യമായി വരില്ല, ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന ഒരു ധാരണയുണ്ട് ചില സബ്‌സ്‌ക്രൈബർമാർക്ക് ഉണ്ടാകുന്നുണ്ട്''.
മൂന്ന് ആനുകൂല്യങ്ങളും ഒന്നിച്ച് ലഭ്യമാകുന്ന പ്ലാനുകളാണ് ഭൂരിഭാഗവും എന്നതിനാൽ തന്നെ അനുയോജ്യമായ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിൽ പല ടെലിക്കോം ഉപയോക്താക്കളും പരിമിതികൾ നേരിടുന്നു. വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കുന്നതിലൂടെ കോളിങ് ആവശ്യം മാത്രം മതി എന്നുള്ളവർക്ക് അത്തരം പ്ലാനുകൾ തെരഞ്ഞെടുക്കാൻ സൗകര്യം ലഭിക്കും. ഇവിടെ ഉപയോഗിക്കാത്ത ആനുകൂല്യങ്ങൾക്ക് പണം നഷ്ടമാകുന്നില്ല.
ഇഷ്ടമുള്ള ആനുകൂല്യത്തിന്റെ പ്ലാൻ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നത് നിരവധി പേർക്ക് സഹായമാകുമെന്ന് ട്രായി കരുതുന്നു. ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഇവിടെ പണം നൽകേണ്ടിവരുന്നുമില്ല. അതിനാൽ തന്നെ ഇത്തരം പ്രത്യേക പ്ലാനുകൾ തിരികെ കൊണ്ടുവരാൻ ട്രായി ശക്തമായി നീക്കങ്ങൾ തുടരുന്നുണ്ട്. ഇത് വിജയത്തിലെത്തിയാൽ പുതിയ റീച്ചാർജ് ഓപ്ഷനുകൾ അധികം വൈകാതെ ലഭ്യമായേക്കാം. എന്നാൽ ടെലിക്കോം കമ്പനികൾ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.


Click it and Unblock the Notifications







