എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകൂല്ല! സേവന നിലവാരം: ട്രായി നിർദേശത്തിൽ ടെലിക്കോം കമ്പനികൾക്ക് അതൃപ്തി
ടെലിക്കോം കമ്പനികൾ അവർ നൽകുന്ന സേവനങ്ങളിൽ നിലവാരം പുലർത്തണമെന്ന് അടുത്തിടെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)നിർദേശിച്ചിരുന്നു. സേവനങ്ങളുടെ നിലവാരം ഉറപ്പിക്കുന്നതിനായി കർശനമായ QoS (Quality of Services) മാനദണ്ഡങ്ങൾ ട്രായി പുറത്തിറക്കുകയും ചെയ്തു. ഈ മാനദണ്ഡം അനുസരിച്ച് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ കടമയാണ്. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ടെലിക്കോം കമ്പനികൾ തയാറാകേണ്ടിവരുമെന്ന് ട്രായിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. രാജ്യത്തെ ടെലിക്കോം സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനാണ് ട്രായി ഈ നിർദേശങ്ങൾ കൊണ്ടുവന്നത്.
ട്രായിയുടെ പുതിയ മാനദനണ്ഡങ്ങൾ 2024 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളെ പ്രതിനിധീകരിക്കുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) ട്രായിയുടെ ക്വാളിറ്റി ഓഫ് കൺട്രോൾ മാനദണ്ഡങ്ങൾക്ക് എതിരേ ഇപ്പോൾ രംഗത്തെത്തിയതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) അടക്കമുള്ള ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന ബോഡിയാണ് സിഒഎഐ. ട്രായിയുടെ പുതിയ സേവന നിലവാര മാനദണ്ഡങ്ങളിൽ ആശങ്കയുണ്ട് എന്നാണ് സിഒഎഐ പറയുന്നത്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്നതിന് ടെലികോം കമ്പനികൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഒരു പ്രസ് റിലീസിലൂടെ സിഒഎഐ പറയുന്നു.
നെറ്റ്‌വർക്ക് തകരാറുകൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി പുത്തൻ ടെക്നോളജികളും ഓട്ടോമേഷൻ ഡിവൈസുകളും ടെലിക്കോം കമ്പനികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള ടവറുകൾ ഫൈബർ ചെയ്യുന്നതിനുള്ള പ്രധാന നീക്കങ്ങൾ നടക്കുന്നുണ്ട്, ഇത് 5G സേവനങ്ങളുടെ കാര്യക്ഷമമായ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്നും സിഒഎഐ പറഞ്ഞു.

സേവനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതിനൊപ്പം, താഴെത്തട്ടിൽ പ്രശ്നങ്ങൾ ഉണ്ട് എന്നും സിഒഎഐ സമ്മതിക്കുന്നുണ്ട്. റൈറ്റ് ഓഫ് വേ (RoW) അനുമതികളിൽ പ്രശ്‌നമുണ്ട്, കൂടാതെ ആളുകൾ അനധികൃത ബൂസ്റ്ററുകളും റിപ്പീറ്ററുകളും ഉപയോഗിക്കുന്നതും ടെലിക്കോം ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നതും തുടങ്ങി ടെലിക്കോം കമ്പനികളുടെ കൈയിൽ നിൽക്കാത്ത ചില ഘടകങ്ങളും സേവനങ്ങളുടെ നിലവാരം മോശമാകാൻ കാരണമാകുന്നുണ്ട് എന്ന് സിഒഎഐ വിശദീകരിക്കുന്നു.
ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ മൂന്ന് മാസത്തിലൊരിക്കൽ എന്നതിന് പകരം എല്ലാ മാസവും സേവനങ്ങളുടെ നിലവാരം സംബന്ധിച്ച ഡാറ്റ നൽകണമെന്ന് ട്രായിയുടെ പുതിയ മാനദണ്ഡത്തിൽ പറയുന്നുണ്ട്. കൂടാതെ പല കേസുകളിലും സൈറ്റിൽ നിന്നുള്ള ഡാറ്റ സെൽ ലെവലിൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ബുദ്ധിമുട്ടാണ് എന്നാണ് സിഒഎഐ പറയുന്നത്.
ആഗോളതലത്തിൽ സമാനമായ മറ്റൊരിടത്തും ഈ നടപടികളൊന്നും നിലവിലില്ലാത്തതിനാൽ, പരാതികൾ വർധിക്കുന്നത് ടെലിക്കോം കമ്പനികളുടെ ചെലവും ജോലിഭാരവും വർധിപ്പിക്കുമെന്നും അതിനാൽ ഈ മാനദണ്ഡങ്ങളിൽ ആശങ്കയുണ്ടെന്നും സിഒഎഐ പറയുന്നു. പുതിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം എന്നതിൽ ആശങ്കയുണ്ട്. എങ്കിലും ക്വാളിറ്റി ഓഫ് സർവീസുമായി ബന്ധപ്പെട്ട് ട്രായിയുമായി ക്രിയാത്മകമായി ഇടപെടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും സിഒഎഐ പറയുന്നുണ്ട്.

അതേസമയം, ട്രായിയുടെ ക്യുഒഎസ് നിർദേശങ്ങൾ തങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായിക്കും എന്നാണ് ടെലിക്കോം വരിക്കാർ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ടെലിക്കോം കമ്പനികൾ നഷ്ടപരിഹാരം നൽകണം. നിലവാരം പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ നൽകേണ്ട പിഴ 50000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ കമ്പനികൾ നിരാശപ്പെടുകയും വരിക്കാർ സന്തോഷിക്കുകയും ചെയ്യുന്നത് സ്വാഭാവികം.


Click it and Unblock the Notifications







