ആകാശവാണിക്ക് ബാധകമായ എല്ലാ പെരുമാറ്റച്ചട്ടവും സ്വകാര്യ എഫ്എമ്മുകൾക്കും ബാധകം; വൈകാതെ വാർത്തയും കേൾക്കാം
രാജ്യത്തെ സ്വകാര്യ എഫ്എം ( Frequency Modulation) റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ശുപാർശകളുമായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്. ആകാശവാണിയിലും മറ്റും അവതരിപ്പിക്കുന്നതുപോലെ വാർത്ത അവതരിപ്പിക്കാൻ സ്വകാര്യ എഫ്എം ചാനലുകൾക്കും അനുമതി നൽകണമെന്ന് ട്രായി സർക്കാരിനോട് ശുപാർശ ചെയ്തു.
നിലവിൽ ആകാശവാണിയുടെ വാർത്താ ബുള്ളറ്റിനുകൾ മാറ്റങ്ങളില്ലാതെ സംപ്രേക്ഷണം ചെയ്യാൻ മാത്രമാണ് സ്വകാര്യ എഫ്എം സ്റ്റേഷനുകൾക്ക് അനുമതിയുള്ളത്. ഇത് മാറ്റി, പകരം സ്വതന്ത്ര വാർത്തകൾ സംപ്രേക്ഷണം ചെയ്യാനും സമകാലിക പരിപാടികൾ ആരംഭിക്കാനും സ്വകാര്യ എഫ്എം ചാനലുകളെ അനുവദിക്കണമെന്ന് ട്രായ് ശുപാർശ ചെയ്തതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു.

എന്നാൽ, വാർത്ത സംപ്രേക്ഷണം ചെയ്യാൻ അനുവാദം നൽകുന്നതോടൊപ്പം തന്നെ ചില ചട്ടങ്ങളും സ്വകാര്യ എഫ്എമ്മുകൾക്ക് ബാധകമാക്കും. ആകാശവാണിക്ക് ബാധകമായ എല്ലാ പ്രോഗ്രാം പെരുമാറ്റച്ചട്ടങ്ങളും സ്വകാര്യ എഫ്എം സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒട്ടേറെ കർശനമായ നിയന്ത്രണങ്ങളോടെയാകും വാർത്ത പ്രക്ഷേപണ അനുമതി നൽകുന്നത് എന്ന് ചുരുക്കം.
സ്വകാര്യ എഫ്എമ്മുകൾ വാർത്തകൾ മണിക്കൂറിൽ 10 മിനിറ്റായി പരിമിതപ്പെടുത്തണം. സ്വകാര്യ എഫ്എമ്മുകൾക്ക് വാർത്താ പ്രക്ഷേപണ അനുമതി നൽകുന്നത് രാജ്യത്തെ വാർത്താ പ്രക്ഷേപണത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പൗരന്മാർക്കും വാർത്തകൾ എത്തിക്കാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. സ്വകാര്യ എഫ്എമ്മുകൾക്ക് വാർത്താ സംപ്രേക്ഷണ അനുമതി നൽകുന്നതിലൂടെ രാജ്യത്ത് മാധ്യമ ലഭ്യത ജനാധിപത്യവൽക്കരിക്കാമെന്ന് ട്രായി കരുതുന്നു.
ഗ്രാമീണ ഇന്ത്യയിൽ ഇന്നും വാർത്തകൾ എത്തുന്നതിൽ പോരായ്മകൾ ഉണ്ട്. ഇത് മറികടക്കാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് ട്രായി വിലയിരുത്തുന്നു. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലുള്ള പലരും ഇപ്പോഴും വിനോദത്തിനായും വിവരങ്ങൾ അറിയാനും എഫ്എം റേഡിയോ ചാനലുകളെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ എഫ്എമ്മുകൾക്ക് വാർത്താ പ്രക്ഷേപണത്തിന് അനുമതി നൽകുന്നതിലൂടെ വാർത്തകൾ അറിയാൻ ഗ്രാമീണർക്ക് കൂടുതൽ എളുപ്പമാകും.
ഇതിന് പുറമേ, റീഫണ്ട് ചെയ്യാത്ത ഒറ്റത്തവണ പ്രവേശന ഫീസിൽ (NOTEF) നിന്ന് വാർഷിക ലൈസൻസ് ഫീസ് ഡീ-ലിങ്ക് ചെയ്യണമെന്നും റെഗുലേറ്ററി ബോഡി ശുപാർശ ചെയ്തിട്ടുണ്ട്. എഫ്എം ചാനലുകളുടെ വാർഷിക ലൈസൻസ് ഫീസ് അതാത് സാമ്പത്തിക വർഷത്തിലെ എഫ്എം റേഡിയോ ചാനലിന്റെ മൊത്ത വരുമാനത്തിന്റെ 4% ആയി കണക്കാക്കണമെന്ന് ട്രായ് ശുപാർശ ചെയ്തു.
ഇതിന് പുറമേ മൊത്തവരുമാനത്തിൽനിന്ന് ജിഎസ്ടി ഒഴിവാക്കണമെന്നും ട്രായി ശുപാർശ ചെയ്തിട്ടുണ്ട്. ചില നിയന്ത്രണങ്ങൾ ഒക്കെ വരുമെങ്കിലും മൊത്തത്തിൽ രാജ്യത്തെ സ്വകാര്യ എഫ്എം മേഖയ്ക്ക് അനുകൂലമായ ശുപാർശകളാണ് ട്രായി നൽകിയിരിക്കുന്നത്. ഈ ശുപാർശകൾ നടപ്പായാൽ സ്വകാര്യ എഫ്എം ചാനലുകൾക്ക് കൂടുതൽ പ്രാധാന്യം കൈവരും.

സ്വകാര്യ എഫ്എമ്മുകൾക്ക് ആളുകൾക്കിടയിലുള്ള സ്വാധീനം വർധിപ്പിക്കാൻ സർക്കാരും ആഗ്രഹിക്കുന്നു എന്നുവേണം കരുതാൻ. കാരണം ദുരന്ത മുന്നൊരുക്കങ്ങളുടെ ഭാഗമായി അറിയിപ്പുകളും മറ്റും നൽകാൻ എഫ്എം റേഡിയോകൾ മികച്ച ഒരു ഉപാധിയാണ് എന്ന് കേന്ദ്ര സർക്കാർ തന്നെ വിലയിരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം പ്രവർത്തനക്ഷമമായിരിക്കണമെന്ന് നേരത്തെ കർശന നിർദേശം നൽകിയിരുന്നു.
ഒരുകാരണവശാലും ഫോണുകളിലെ എഫ്എം റേഡിയോ പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നാണ് രാജ്യത്ത് വിൽക്കുന്ന മൊബൈലുകളുടെ നിർമാതാക്കൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. നിർണായക ഘട്ടങ്ങളിൽ എല്ലാവർക്കും എഫ്എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ദുരന്തസമയത്ത്, എഫ്‌എം സൗകര്യമുള്ള മൊബൈൽ വഴിയുള്ള വേഗത്തിലുള്ളതും വിശ്വസനീയവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐടി മന്ത്രാലയം അടുത്തിടെ എടുത്തുപറഞ്ഞിരുന്നു.
അടിയന്തര സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ജനങ്ങളെ സജ്ജമാക്കാൻ എഫ്എം റേഡിയോ സംവിധാനം സഹായിക്കും എന്നാണ് വിലയിരുത്തൽ. പ്രകൃതിദുരന്ത സാഹചര്യങ്ങളിൽ പ്രാദേശിക ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഇടയിലുള്ള സുപ്രധാന ആശയവിനിമയ കണ്ണിയായി എഫ്എം സ്റ്റേഷനുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും. എഫ്എം റേഡിയോ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട് ചേർന്നുനിൽക്കുന്നതാണ് ട്രായിയുടെ പുതിയ ശുപാർശ.


Click it and Unblock the Notifications