വരിക്കാരുടെ എണ്ണം; ഒക്ടോബറിൽ നേട്ടം ജിയോയ്ക്ക് മാത്രം, നഷ്ടക്കണക്ക് തുടർന്ന് എയർടെലും വിഐയും
വരിക്കാരുടെ എണ്ണത്തിൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ തുടരുകയാണ് റിലയൻസ് ജിയോ. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഡാറ്റ സേവനങ്ങളും മറ്റും നൽകുന്നു എന്നത് തന്നെയാണ് ജിയോയുടെ ഈ നേട്ടത്തിന് കാരണം. വരിക്കാരുടെ എണ്ണത്തിൽ ഒക്ടോബർ മാസത്തിലും ജിയോ നേട്ടം തുടർന്നപ്പോൾ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾ പിന്നോട്ട് പോയി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2021 ഒക്ടോബറിലെ സബ്സ്ക്രൈബർ അഡിഷൻ ഡാറ്റ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡാറ്റ അനുസരിച്ച് 2021 ഒക്ടോബറിൽ മാത്രം 17.6 ലക്ഷം മൊബൈൽ വരിക്കാരെ ജിയോയ്ക്ക് പുതിയതായി ലഭിച്ചു.

അതേ സമയം വരിക്കാരുടെ എണ്ണത്തിൽ, മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളായ വോഡഫോൺ ഐഡിയയും എയർടെലും വലിയ നഷ്ടം നേരിടുകയും ചെയ്തിരിക്കുന്നു. ഒക്ടോബറിൽ മാത്രം എയർടെലിന് മാത്രം നഷ്ടമായത് 4.98 ലക്ഷം വരിക്കാരെ. വിഐയ്ക്കാകട്ടെ 9.64 ലക്ഷം യൂസേഴ്സിനെയും നഷ്ടമായി. ഒക്ടോബറിലെ നേട്ടം കൂടിയായതോടെ ജിയോയുടെ മൊത്ത ഉപയോക്തൃ അടിത്തറ 426.59 മില്യൺ ഉപയോക്താക്കളായി ഉയർന്നിട്ടുണ്ട്. എയർടെലിന്റെ ഉപയോക്തൃ അടിത്തറ 353.97 ദശലക്ഷവും വോഡഫോൺ ഐഡിയയുടെ ഉപയോക്തൃ അടിത്തറ 269.02 മില്യൺ വരിക്കാരുമാണ്. രാജ്യത്തെ മൊത്തത്തിലുള്ള മൊബൈൽ യൂസേഴ്സിന്റെ എണ്ണം 2021 ഒക്ടോബറിൽ 1.16 ബില്യൺ വരിക്കാരായി കൂടിയിട്ടും ഉണ്ട്.

സ്വകാര്യ കമ്പനികളിൽ വയർലൈൻ കണക്ഷനുകളിലും നേട്ടം ജിയോയ്ക്ക് തന്നെ. 2021 ഒക്‌ടോബറിൽ മാത്രം 2 ലക്ഷത്തിലധികം പുതിയ വരിക്കാരാണ് ജിയോ കണക്ഷൻ എടുത്തത്. എയർടെലും വിഐയും പുതിയ വയർലൈൻ കണക്ഷനുകളുടെ കാര്യത്തിലും ഏറെ പിന്നിലാണ്. ഒക്ടോബറിൽ എയർടെലിന് 8,500 പുതിയ വരിക്കാരും വിഐയ്ക്ക് 5,749 പുതിയ വരിക്കാരും ആണ് ഉണ്ടായത്.

ടെലിക്കോം കമ്പനികളുടെ മാർക്കറ്റ് ഷെയറിന്റെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നിലുള്ളത്. 36.58 ശതമാനം ആണ് ജിയോയുടെ വിപണി വിഹിതം. എയർടെൽ 30.35 ശതമാനവും വോഡഫോൺ ഐഡിയ 23.07 ശതമാനം വിപണി വിഹിതവും രേഖപ്പെടുത്തി. അതേ സമയം വയർലൈൻ വിപണി വിഹിതത്തിൽ 33 ശതമാനത്തിലധികം സ്വന്തമാക്കി ബിഎസ്എൻഎൽ ആണ് മുമ്പന്തിയിൽ. വയർലൈൻ വിപണി വിഹിതത്തിൽ എയർടെൽ 23 ശതമാനവും ജിയോ 21 ശതമാനവും നേടി.

ബ്രോഡ്ബാൻഡ് സെക്ടറിലെ സബ്സ്ക്രൈബർ ഡാറ്റ വിശദാംശങ്ങൾ
2021 ഒക്‌ടോബറിലെ സബ്‌സ്‌ക്രൈബർ ഡാറ്റയുടെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ, ആട്രിയ കൺവെർജൻസ് (എസിടി) എന്നിവയായിരുന്നു മികച്ച അഞ്ച് സർവീസ് പ്രൊവൈഡർമാർ. മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ 98.69 ശതമാനം വിപണി വിഹിതവും ഈ അഞ്ച് കമ്പനികൾക്കാണ്. ജിയോയ്ക്കും എയർടെലിനും യഥാക്രമം 430.75 ദശലക്ഷവും 208.71 ദശലക്ഷവും വരിക്കാരുണ്ട്. വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ, എസിടി എന്നിവയ്ക്ക് യഥാക്രമം 122.47 മില്യൺ, 24.57 മില്യൺ, 1.97 മില്യൺ വരിക്കാരുമുണ്ട്.

ബ്രോഡ്ബാൻഡ് ഉപയോക്താക്കളെ വയർഡ്, വയർലെസ് ഉപയോക്താക്കൾ എന്നിങ്ങനെ വിഭജിക്കുമ്പോൾ, രേഖപ്പെടുത്തിയ ഡാറ്റ ഇനിപ്പറയുന്നതാണ്. 4.72 മില്യൺ വരിക്കാരുള്ള ബിഎസ്എൻഎൽ, 4.16 മില്യൺ വരിക്കാരുള്ള റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, 3.98 മില്യൺ വരിക്കാരുള്ള എയർടെൽ, 1.97 മില്യൺ വരിക്കാരുള്ള ആട്രിയ കൺവേർജൻസ് ടെക്നോളജീസ് (എസിടി) 1.07 മില്യൺ സബ്സ്ക്രൈബേഴ്സുള്ള ഹാത് വേയ് കേബിൾ ആൻഡ് ഡാറ്റാകോം എന്നിവരാണ് ആദ്യ അഞ്ചിൽ ഉൾപ്പെടുന്നത്. മൊബൈൽ നെറ്റ്‌വർക്കിലെ സജീവ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം പ്രതിഫലിപ്പിക്കുന്ന വിസിറ്റർ ലൊക്കേഷൻ രജിസ്‌റ്റർ (വിഎൽആർ), ഒക്‌ടോബറിൽ 97.78 ശതമാനം ഉപയോക്താക്കൾ എയർടെലിനും 87.10 ശതമാനം വിഐയ്‌ക്കും 84.03 ശതമാനം ജിയോയ്‌ക്കും സജീവമാണെന്ന് കാണിക്കുന്നു.


Click it and Unblock the Notifications








