ബിഎസ്എൻഎല്ലിന് ട്രായിയുടെ കാരണം കാണിക്കൽ നോട്ടീസ്; 1000 കോടി പിഴ ചുമത്താവുന്ന കുറ്റമെന്ന് റിപ്പോർട്ട്
രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI ) കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്. ഫിനാൻഷ്യൽ എക്സ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻ 2018 ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് പറയുന്നു. ടെലിക്കോം ഓപ്പറേറ്റർമാർ തമ്മിലുള്ള നെറ്റ്‌വർക്ക് കണക്ഷൻ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിന് ട്രായി ഏർപ്പെടുത്തിയിരിക്കുന്ന ചട്ടക്കൂടാണ് ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻ 2018.

ഈ ചട്ടങ്ങൾ പാലിക്കുന്നതിൽ ബിഎസ്എൻഎൽ ഗുരുതര വീഴ്ചവരുത്തി എന്നാണ് ആരോപണം. വിവിധ നെറ്റ്‌വർക്കുകളിലുള്ള ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകി കോളുകളുടെയും എസ്എംഎസ് സന്ദേശങ്ങളും സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും 2018 ലെ ഈ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി നിർദ്ദിഷ്ട സർക്കിളുകളിലെ ഓപ്പറേറ്റർമാർക്കിടയിൽ സമയബന്ധിതമായ പേയ്‌മെന്റുകൾ ഉറപ്പാക്കുന്നതിന് ടെലിക്കോം കമ്പനികൾ ബാങ്ക് ഗ്യാരന്റി നൽകേണ്ടതുണ്ടെന്ന് ചട്ടത്തിൽ പറയുന്നു.
അതായത്, ഒരു ടെലിക്കോം ഉപയോക്താവ്, ഉദാഹരണത്തിന് എയർടെൽ വരിക്കാരൻ ജിയോയോ വിഐയോ പോലെ മറ്റേതെങ്കിലും നെറ്റ്വർക്കിലെ ഉപയോക്താവിന് കോൾ ചെയ്യുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യുമ്പോൾ സേവനം സുഗമമായി നടക്കാൻ കാരണം കമ്പനികൾക്കിടയിലുള്ള കരാറാണ്. ഈ കരാർ പ്രകാരം നെറ്റ്‌വർക്ക് ഉപയോഗവും ക്യാരേജ് ചാർജുകളും ഒരു ടെലികോം മറ്റൊരു ടെലിക്കോം കമ്പനിക്ക് ബാങ്ക് ഗ്യാരന്റി രൂപത്തിൽ അടയ്ക്കണം.
കൂടാതെ കോൾ/ എസ്എംഎസ് സേവനങ്ങളുടെ കാര്യക്ഷമമായ ട്രാഫിക് മാനേജ്‌മെന്റിനായി പോയിന്റ് ഓഫ് ഇന്റർകണക്ഷനുകൾ (PoI) നടപ്പിലാക്കുന്നതും 2018 ലെ ഈ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. എന്നാൽ ബിഎസ്എൻഎൽ ഈ രണ്ട് ചട്ടങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തി എന്നാണ് റിപ്പോർട്ട്. ഔട്ട്‌ഗോയിങ് ട്രാഫിക്കിന് ആവശ്യമായ PoI-കൾ സ്ഥാപിക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടു, ഇത് ഇന്റർകണക്ഷൻ മാനദണ്ഡങ്ങളുടെ ലംഘനത്തിന് കാരണമായി.
ഇത് കൂടാതെ, വിഐ, ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർക്ക് പേയ്‌മെന്റുകൾ നൽകാനുള്ള സർക്കിളുകൾക്ക് ബിഎസ്എൻഎൽ ബാങ്ക് ഗ്യാരണ്ടി നൽകിയിട്ടില്ലെന്ന് വിഷയവുമായി അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾപ്രകാരം, മേയിൽ ബിഎസ്എൻഎല്ലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചട്ടങ്ങൾ പ്രകാരം, നിശ്ചിത മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഓരോ സംഭവത്തിനും ഓരോ സേവന മേഖലയ്ക്കും പ്രതിദിനം 100,000 രൂപ വരെ പിഴ ഈടാക്കാം. തുടക്കം മുതൽ ഇന്റർകണക്ഷൻ നിയമങ്ങൾ പാലിക്കാത്തതിനാൽ, വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബിഎസ്എൻഎല്ലിന് 1,000 കോടി രൂപയെങ്കിലും പിഴ വിധിക്കുമെന്ന് രഹസ്യഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ടെലിക്കോം വിപണിയിലെ തുടക്കക്കാരനായ റിലയൻസ് ജിയോയുമായുള്ള ഇന്റർ-കണക്‌ടിവിറ്റി നിഷേധിച്ചതിന് എയർടെൽ, വോഡഫോൺ, ഐഡിയ ( അവ പ്രത്യേക സ്ഥാപനങ്ങളായിരുന്നപ്പോൾ ) എന്നിവയ്‌ക്ക് 3,050 കോടി രൂപ പിഴ ചുമത്താൻ ട്രായ് ശുപാർശ ചെയ്‌തിരുന്നു. ഈ സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് ബിഎസ്എൻഎല്ലിന്റെ ഈ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കോൾ, എസ്എംഎസ് സേവനങ്ങളുടെ കാര്യക്ഷമമായ ട്രാഫിക് മാനേജ്‌മെന്റിനായുള്ള പോയിന്റ് ഓഫ് ഇന്റർകണക്ഷനുകൾ സ്ഥാപിക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെടുന്നത് കമ്പനിയുടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുന്നു. ബിഎസ്എൻഎല്ലിനഐ മാത്രമല്ല, മറ്റ് ടെലിക്കോം കമ്പനികളുടെ ഉപയോക്താക്കളെയും ഇത് ബാധിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രണ്ട് മാസത്തെ നെറ്റ് ബില്ലിംഗിന് തുല്യമായ തുകയ്ക്ക് ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് ട്രായ് നിർദേശം. എന്നാൽ മൂന്ന് മാസത്തെ മൊത്ത ബില്ലിങ്ങിന് തുല്യമായ തുകയ്ക്ക് മറ്റ് ടെലിക്കോം കമ്പനികളിൽനിന്ന് ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ടു എന്നും ബിഎസ്എൻഎല്ലിന്റെ മറ്റൊരു ചട്ടലംഘനമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.


Click it and Unblock the Notifications








