എസ്എംഎസ് നയത്തിൽ നിന്നും ട്രായ് പിന്നോട്ടില്ല, ഒടിപി സേവനങ്ങൾക്ക് തിരിച്ചടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നതിന് പ്രയാസം അനുഭവപ്പെടുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ. ട്രായ് പുറത്തിറക്കിയ സ്പാം മെസേജ് നിയമമാണ് ഇതിന് കാരണം. ബാങ്കുകൾ,ഇ-കൊമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഒടിപി കൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നതോടെ താൽക്കാലികമായി 7 ദിവസത്തേക്ക് നിയമം നടപ്പാക്കുന്നില്ലെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്. അതേ സമയം നിയമം നടപ്പാക്കുന്നത് മാറ്റി വെക്കണം എന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ എന്നിവരുടെ നിലപാട്.

നിയമം നടപ്പാക്കുന്നത് നീട്ടി കൊണ്ട് പോകാൻ കഴിയില്ലെന്നും ഇതു സംബന്ധിച്ചുള്ള നിർദേശം ടെലികോം കമ്പനികൾക്ക് നൽകിയിട്ടുണ്ടെന്നും ട്രായ് പറയുന്നു. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് അവരുടെ ആവശ്യ പ്രകാരം തിങ്കളാഴ്ച്ച ആരംഭിച്ച പുതിയ പരിഷ്ക്കാരം അടുത്ത 7 ദിവസത്തേക്ക് മാത്രം നടപ്പാക്കാതിരിക്കുക ആണെന്ന് ട്രായ് ഓഫീസർ വ്യക്തമാക്കി.

ട്രായ് എസ്എംഎസ് റെഗുലേഷനിലെ പുതിയ കാര്യങ്ങൾ
ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയാണ് തട്ടിപ്പുകളിലേക്ക് നയിക്കുന്ന അനാവശ്യ മെസേജുകളും കോളുകളും തടയുന്നതിനായി പുതിയ ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷനിൽ ഭേദഗതി വരുത്തണം എന്ന് ആവശ്യപ്പെട്ടത്. ഇതു പ്രകാരം ഓരോ സന്ദേശവും ഉപഭോക്താക്കളിൽ എത്തുന്നതിന് മുമ്പ് ട്രായുടെ ഡിസ്ട്രിബ്ര്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം. നോട്ടിഫിക്കേഷനുകൾ, വെരിഫിക്കേഷൻ കോഡുകൾ , ഇടപാടുകൾക്കായി ഉള്ള ഒടിപികൾ എന്നിവക്കെല്ലാം ഇത് ബാധകം ആയിരിക്കും.

എന്താണ് ട്രായുടെ ഡിസ്ട്രിബ്ര്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) പ്ലാറ്റ്ഫോം
ഡിസ്ട്രിബ്ര്യൂട്ടഡ് ലെഡ്ജർ ടെക്നോളജി എന്നത് ഒരു ബ്ലോക്ക് ചെയിൻ രീതിയാണ്. മെസേജുകൾ ഉപഭോക്താക്കൾക്ക് അയക്കുന്നതിനായി ടെലിമാർക്കറ്റേഴ്സ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. മാർക്കറ്റിംഗ് കമ്പനികളിൽ നിന്ന് ഉള്ള സ്പാം സന്ദേശങ്ങളും കോളുകളും നിയന്ത്രിക്കുന്നതിനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ടെലിമാർക്കറ്ററുകളുടെ എല്ലാ തരത്തിലുള്ള ഇടപാടുകളും ഇതിൽ രേഖപ്പെടുത്തുന്നു. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിന് ഡി എൽ ടി യിലുള്ള രജിസ്ട്രേഷൻ ട്രായ് അടുത്തിടെ നിർബന്ധിതമാക്കി. മെസേജുകളിലൂടെ യും മറ്റും ഉള്ള സാമ്പത്തിക കുറ്റ കൃത്യങ്ങൾ ഇല്ലാതാക്കാനായി പല ഓപ്പറേറ്റേഴ്സും പുതിയ ടെക്നോളജി അവരുടെ പ്ലാറ്റ് ഫോമിൽ നടപ്പാക്കി.

എന്താണ് സംഭവിച്ചത്
മാർച്ച് 8നാണ് ട്രായുടെ പുതിയ നിയന്ത്രണം നിലവിൽ വന്നത്. എന്നാൽ വൻ തോതിലുള്ള പരാതികളാണ് ഇത് സംബന്ധിച്ച് വന്നത്. ബാങ്കിംഗ്, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്,ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ , ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടങ്ങിയവക്കെല്ലാം ലഭിക്കുന്ന ഒടിപി കൾ കൃത്യമായി ലഭിക്കാതെ വന്നു. ബാങ്കുകളുടെയും മറ്റും 50 ശതമാനത്തോളം ഇടപാടുകളെയാണ് പുതിയ നയം ബാധിച്ചത്. സേവനങ്ങൾ വൻ തോതിൽ തടസപ്പെടത്തോടെ എസ്ബിഐ,എച്ഡിഎഫ്സി തുടങ്ങിയ മുൻനിര ബാങ്കുകൾ ട്രായിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. മെസേജുകൾ അയക്കുന്ന കമ്പനികൾ യഥാ സമയത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്താണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തൽ. ഒരാഴ്ച്ചക്കുള്ളിൽ ഇത്തരം കമ്പനികളുടെ രജിസ്ട്രേഷൻ നടത്താനും ഇതിനു വേണ്ട എല്ലാ സഹായങ്ങളും ഓപ്പറേറ്റർമാർ ചെയ്ത് നൽകണമെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications








