വ്യാജ ഐഎംഇഐ ഫോണ്‍ ഇറക്കുമതി നിരോധിക്കാന്‍ ആലോചന

Posted By: Super

വ്യാജ ഐഎംഇഐ ഫോണ്‍ ഇറക്കുമതി നിരോധിക്കാന്‍ ആലോചന

വ്യാജ ഐഎംഇഐ നമ്പറുകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ട്രായ് വാണിജ്യമന്ത്രാലയത്തെ സമീപിക്കും. ജിഎസ്എം അസോസിയേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ (ടിഐഎ) എന്നിവയുടെ അംഗീകാരമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ മാത്രം ഇറക്കുമതി നടത്തിയാല്‍ മതിയെന്നും വാണിജ്യമന്ത്രാലയത്തിനോട് എഴുതി ആവശ്യപ്പെടുമെന്ന് ട്രായ് പ്രതിനിധിയാണ് അറിയിച്ചത്.

ഐഎംഇഐ നമ്പറില്ലാത്ത ഹാന്‍ഡ്‌സെറ്റുകളുടെ നിരോധനം 2009 മുതല്‍ നിലവിലുണ്ട്.

എന്നാല്‍ ഇപ്പോത്തെ പ്രശ്നം ഒരു പോലുള്ള ഐഎംഇഐ നമ്പറുകള്‍ ഒന്നിലേറെ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കുന്നു എന്നതാണ്.  യഥാര്‍ത്ഥ ഐഎംഇഐ നമ്പറുകളുടെ പകര്‍പ്പുകളാണിവ. അവ സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചാല്‍ അത് മൂലം യഥാര്‍ത്ഥ ഹാന്‍ഡ്‌സെറ്റ് ഉടമകളാണ് സംശയത്തിന്റെ നിഴലില്‍ അകപ്പെടുക.

ജിഎസ്എം, സിഡിഎംഎ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന സംഘടനകളാണ് ജിഎസ്എംഎയും ടിഐഎയും. ഈ സംഘടനകളാണ്  ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഐഎംഇഐ നമ്പറുകള്‍ ലഭ്യമാക്കുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്ന വ്യാജ ഐഎംഇഐ നമ്പറുകളുള്ള ഹാന്‍ഡ്‌സെറ്റുകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് ട്രായ് ഇത്തരമൊരു കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

അംഗീകൃത കമ്പനികളുടെ മൊബൈലുകള്‍ക്കെല്ലാം പ്രത്യേക ഐഎംഇഐ നമ്പറുകളുണ്ടാകും. 15 അക്കമുള്ള ഇത് ഹാന്‍ഡ്‌സെറ്റില്‍ നിന്നും കോളുകള്‍ പോകുമ്പോഴും വരുമ്പോഴും സേവനദാതാക്കളുടെ നെറ്റ്‌വര്‍ക്കില്‍ കാണാനാകും. രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വ്യാജ ഫോണുകളിലൂടെയാണ് അംഗങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നത്. അതിനാല്‍ തന്നെ ടെലികോം കമ്പനികള്‍ക്ക് ഇവയുടെ ഉറവിടം കണ്ടെത്തുക വിഷമമാണ്.

വ്യാജ ഐഎംഇഐ നമ്പറുകളുള്ള ഹാന്‍ഡ്‌സെറ്റുകളിലേക്കുള്ള സേവനം സര്‍ക്കാര്‍ ആദ്യമേ നിരോധിച്ചിരുന്നു. 2009 നവംബര്‍ 30നായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot