ഡിടിഎച്ച് ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ട്രായ്; കേബിള്‍ ബില്‍ കുറയും
എട്ടുമാസം മുമ്പ് നടപ്പാക്കിയ ചാനല്‍ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളെ കുറിച്ച് പുനരാലോചന നടത്താന്‍ ട്രായ് തീരുമാനം. കേബിള്‍ നിരക്ക് ഉയര്‍ന്നു, ആവശ്യമായ ചാനലുകള്‍ അനായാസം തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ചാനൽ നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട് കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവനദാതാക്കള്‍ എന്നിവരുടെ അഭിപ്രായം ട്രായ് തേടിയിരിക്കുകയാണ്. ചാനല്‍ കമ്പനികളും സേവനദാതാക്കളും നിരവധി ചാനല്‍ക്കൂട്ടങ്ങള്‍ (Bouqets) അവതരിപ്പിച്ചിട്ടുണ്ട്. ഇവയിലുള്ള ചാനല്‍ പ്രത്യേകം തിരഞ്ഞെടുത്താന്‍ ഉപഭോക്താവ് കൂടുതല്‍ പണം നല്‍കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാത്രമല്ല ഇതില്‍ നിന്ന് ചാനലുകള്‍ തിരഞ്ഞെടുക്കുക എളുപ്പവുമല്ല.

ട്രായ് പരിഷ്‌കാരം മുതലെടുത്ത് കമ്പനികള്‍
ഇത്തരം ചാനല്‍ക്കൂട്ടങ്ങള്‍ക്ക് കമ്പനികള്‍ വന്‍ വിലക്കിഴിവാണ് നല്‍കുന്നത്. ഒന്നോ രണ്ടോ ജനപ്രിയ ചാനലുകളും അത്ര പ്രചാരമില്ലാത്ത ഒരുപിടി ചാനലുകളുമാണ് സാധാരണ ഗതിയില്‍ ഇവയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതുവഴി കൂടുതല്‍ കാഴ്ചക്കാരില്ലാത്ത ചാനലുകളില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയും. അതായത് ട്രായ് പരിഷ്‌കാരം മുതലെടുത്ത് കമ്പനികള്‍ കൊള്ളലാഭം കൊയ്യാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ ട്രായ്‌യുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഡിടിഎച്ച്- കേബിള്‍ ടിവി ബില്‍
കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ തിരഞ്ഞെടുത്ത് അവയുടെ പണം മാത്രം നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയാണ് മാസങ്ങള്‍ക്ക് മുമ്പ് ട്രായ് കേബിള്‍ ടിവി രംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. എന്നാല്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്ന് മാത്രല്ല പ്രതിമാസ ഡിടിഎച്ച്- കേബിള്‍ ടിവി ബില്‍ ഉയരുകയും ചെയ്തു. ഇതോടെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നു.

ഉപഭോക്താക്കള്‍ക്ക് ഗുണകരം
ട്രായ്‌യുടെ പുനരാലോചന ഉപഭോക്താക്കള്‍ക്ക് ഗുണകരമായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലുള്ള പ്രശ്‌നങ്ങളും പോരായ്മകളും പരിഹരിക്കപ്പെടുമ്പോള്‍ സ്വാഭാവികമായി പ്രതിമാസ നിരക്കുകള്‍ കുറയുമെന്നാണ് സൂചന.


Click it and Unblock the Notifications








