ഫ്രീ റീച്ചാർജ്: ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് ട്രായിയുടെ പുതിയ മുന്നറിയിപ്പ്!
സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ വീണുപോകുന്ന മനുഷ്യർ ധാരാളമുണ്ട്. ഇത് അറിയാവുന്നവർ അതിലേറെയുണ്ട്. അതിനാൽത്തന്നെ ചൂഷണങ്ങൾക്ക് ഒട്ടും കുറവുണ്ടാകാറില്ല. നിലവിൽ ഇന്ത്യയിൽ റീച്ചാർജ് പ്ലാനുകൾക്കായി വളരെ വലിയ തുക നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ആരെങ്കിലും സൗജന്യമായി റീച്ചാർജ് വാഗ്ദാനം ചെയ്താൽ സാധുക്കളായ ഇന്ത്യയിലെ ടെലിക്കോം വരിക്കാർ ആ പ്രലോഭനത്തിൽ വീണുപോകും. എന്നാൽ അങ്ങനെ പ്രലോഭനങ്ങളിൽ വീണുപോകാൻ പാടില്ല. സൗജന്യ റീചാർജ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളോട് നിർദ്ദേശിച്ചു.
മൊബൈൽ ഉപയോക്താക്കൾക്കായി ട്രായി സൗജന്യ റീച്ചാർജ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാർ അടുത്തിടെയായി ആളുകൾക്ക് വ്യാജ എസ്എംഎസ് അയയ്ക്കുന്നുണ്ട്. എന്നാൽ ട്രായി അത്തരം ഓഫറുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ട്രായി മുന്നറിയിപ്പിൽ പറയുന്നു.

യഥാർഥത്തിൽ റീച്ചാർജ് പ്ലാനുകൾ നൽകുന്നത് ടെലിക്കോം കമ്പനികളാണ്. റീച്ചാർജ് പ്ലാൻ, ഓഫർ എന്നിവ സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിയുടെ കസ്റ്റമർ കെയർ ടീമുമായി നേരിട്ടോ അല്ലെങ്കിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അത് പരിഹരിക്കുന്നതാണ് നല്ലത്. ട്രായിക്ക് ഇതിൽ പങ്കില്ല.
മൊബൈൽ റീചാർജ് പ്ലാനുകളുമായി ബന്ധപ്പെട്ട വ്യാജ എസ്എംഎസുകളും അതിനെത്തുടർന്നുണ്ടാകുന്ന അഴിമതികളും വർധിക്കുന്നതായി വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റി വഴി പങ്കിട്ട ഒരു പോസ്റ്റിൽ ട്രായി വ്യക്തമാക്കി. സൗജന്യമെന്ന പേരിൽ എത്തുന്ന വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുത്. ഇത് ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ആക്‌സസ് നേടുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വ്യാജ ലിങ്ക് ഉൾപ്പെടുന്നതാണെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

ട്രായിയിൽ നിന്ന് സൗജന്യ റീചാർജ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മിക്ക വ്യാജ സന്ദേശങ്ങളിലും പറയുന്നത്. എസ്എംഎസ് വഴി പറയുന്ന നിർദേശങ്ങൾ അനുസരിക്കുകയോ അവർ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുമ്പോൾ നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും സൈബർ ക്രിമിനലുകളുടെ നിയന്ത്രണത്തിലാകുകയും ചെയ്യുന്നു.
നമ്മുടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയ ശേഷം, ഫോണിൽ നിന്ന് എല്ലാത്തരം വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാർ മോഷ്ടിക്കുന്നു. പ്രത്യേകിച്ചും, ഫോണിലെ കോൺടാക്റ്റുകൾ, ഫോട്ടോസ്, ബാങ്കിംഗ് ഡീറ്റെയിൽസ് മുതലായ നിർണായക വിവരങ്ങൾ മോഷ്ടിക്കപ്പെടും. ഇതുപയോഗിച്ച് പിന്നീട് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യും. ദിവസവും ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതിനാൽത്തന്നെ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എൽ തുടങ്ങി രാജ്യത്തെ എല്ലാ ടെലിക്കോം കമ്പനികളുടെ വരിക്കാരും ജാഗ്രത പാലിക്കണം. സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ലഭിച്ചാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് ട്രായ് നിർദ്ദേശിക്കുന്നു. ഇത്തരം സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനായി സൈബർ ക്രൈം വെബ്‌സൈറ്റ് (https://Cybercrime.gov.in), സഞ്ചാർ സാത്തി പോർട്ടൽ (https://sancharsaathi.gov.in) എന്നിവ ഉപയോഗപ്പെടുത്തണം.

ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരേ ട്രായി ഇപ്പോൾ ബോധവൽക്കരണത്തിന് പുറമേ നടപടികളും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയായി നടന്ന അത്തരം നീക്കങ്ങളിൽ 100,000 വ്യാജ സന്ദേശ ടെംപ്ലേറ്റുകൾ ട്രായ് ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ട്. എങ്കിലും തട്ടിപ്പുകാർ പുതിയ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. അതിനാൽ തങ്ങൾക്ക് വരുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാകാതെ അതിൽപ്പറയുന്ന നിർദേശങ്ങൾ ഉപയോക്താക്കൾ പാലിക്കരുത്. മാത്രമല്ല സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും ചെയ്യരുത്.


Click it and Unblock the Notifications








