ജനങ്ങൾക്കുള്ള ട്രായിയുടെ അറിയിപ്പ്: മൊബൈൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് കോൾ വന്നാൽ വിശ്വസിക്കരുത്
ട്രായി അധികൃതർ എന്ന വ്യാജേന രാജ്യത്തെ മൊബൈൽ വരിക്കാർക്ക് കോളുകൾ എത്തുന്ന സംഭവത്തിൽ മുന്നറിയിപ്പുമായി ട്രായി തന്നെ രംഗത്ത്. ട്രായി ജീവനക്കാരുടെ പേരിൽ കോളുകൾ എത്തിയാൽ മൊബൈൽ വരിക്കാർ അത് വിശ്വസിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI) അറിയിച്ചു.
ട്രായ് പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ വ്യക്തികളുമായി ബന്ധപ്പെടുന്നു. തുടർന്ന് നിങ്ങളുടെ ആധാർ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്നും ആരോപിക്കും. തുടർന്ന് നിങ്ങളുടെ സിം കാർഡ് റദ്ദാക്കാതിരിക്കാൻ സ്‌കൈപ്പ് വീഡിയോ കോളിൽ എത്താൻ ആവശ്യപ്പെടുന്നു.

എന്നാൽ, ഇത്തരം കോളുകൾ തട്ടിപ്പാണെന്നും മൊബൈൽ നമ്പർ വിച്ഛേദിക്കാൻ ട്രായി ഏതെങ്കിലും ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ട്രായി മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇത്തരം കോളുകൾ നിയമവിരുദ്ധമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ റദ്ദാക്കും എന്നുപറഞ്ഞ് കോൾ, എസ്എംഎസ് എന്നിവ എത്തിയാൽ അത് വിശ്വസിക്കരുതെന്നും അത്തരം നമ്പരുകൾ ബ്ലോക്ക് ചെയ്യാനും ട്രായി നിർദേശിക്കുന്നു.
ട്രായി പ്രതിനിധി എന്ന വ്യാജേന ഇത്തരത്തിൽ മൊബൈൽ ഉപയോക്താക്കളെ സ്‌കൈപ്പ് കോളിൽ എത്തിച്ച ശേഷം അവരുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈക്കലാക്കുകയും പണം തട്ടുകയും ചെയ്യുമെന്ന് ട്രായി പറയുന്നു. സ്‌കാമർമാർ നിങ്ങളുടെ വിശ്വാസം നേടാനും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ അല്ലെങ്കിൽ പാസ്‌വേഡുകൾ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യാനും ശ്രമിക്കുന്നുണ്ടാകാം.

നിങ്ങൾക്കെതിരേ നടപടി ഉണ്ടാകാതിരിക്കാൻ പണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടേക്കാമെന്നും ട്രായി മുന്നറിയിപ്പിൽ പറയുന്നു. സ്‌കൈപ്പ് കോളിനിടെ തട്ടിപ്പുകാർ ചാറ്റിൽ ഒരു ഫിഷിംഗ് ലിങ്ക് അയച്ചേക്കാം. ഈ ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ നിങ്ങൾ ഔദ്യോഗിക ട്രായി സൈറ്റ് എന്ന് തോന്നിക്കുന്ന ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് എത്തും. അവിടെവച്ച് തട്ടിപ്പുകാർ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളോ മറ്റ് വിവരങ്ങളോ മോഷ്ടിക്കാം.
കൂടാതെ, നിങ്ങളുടെ ഡിവൈസിലേക്ക് മാൽവെയർ ഡൗൺലോഡ് ചെയ്യിക്കാൻ ശ്രമിച്ചേക്കാം. ഇതുവഴി പിന്നീട് നിങ്ങളുടെ സ്വകാര്യ ഫയലുകളിലേക്കും സാമ്പത്തിക രേഖകളിലേക്കും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണത്തിലേക്കുതന്നെയും ആക്‌സസ് നേടിയേക്കാം. ഉപയോക്താക്കളെ സമ്മർദ്ദത്തിലാക്കുന്ന പല തന്ത്രങ്ങളും ഇത്തരം തട്ടിപ്പുകാർ പുറത്തെടുത്തേക്കാമെന്നും ട്രായി ഇത് സംബന്ധിച്ച മുന്നറിയിപ്പിൽ പറയുന്നു.
ഔദ്യോഗിക അറിയിപ്പുകൾ നൽകാൻ എന്ന വ്യാജേന ബാങ്ക് ജീവനക്കാരുടെ പേരിലും മറ്റും കോളുകൾ ചെയ്ത് അക്കൗണ്ട് ഉടമകളുടെ പണം തട്ടിയ സംഭവങ്ങൾ ഇതിനോടകം നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേപോലെ കെഎസ്ഇബി അറിയിപ്പുകൾ എന്ന പേരിലും മറ്റ് വിവിധ ലിങ്കുകൾ അയച്ചും തട്ടിപ്പുകൾ നടന്നിട്ടുണ്ട്.

ട്രായിയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന കോളുകളെ കുറിച്ച് ജാഗ്രത പാലിക്കാനും വ്യക്തിഗത വിവരങ്ങൾ നൽകുന്നതും പണം നൽകുന്നതും ഒഴിവാക്കാനും മുന്നറിയിപ്പിൽ ട്രായി നിർദേശിച്ചു. നിങ്ങൾക്ക് അത്തരമൊരു കോൾ ലഭിക്കുകയാണെങ്കിൽ, നിങ്ങൾ അത് ബന്ധപ്പെട്ട ടെലിക്കോം സേവന ദാതാവിനെ നേരിട്ട് അറിയിക്കണമെന്നും ട്രായി അറിയിച്ചു.
ട്രായിയുടെ 2018 ലെ ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ (TCCCPR) പ്രകാരം, അനാവശ്യമായി പരസ്യ കോളുകളും സ്പാം കോളുകളും എത്തുന്നത് തടയാൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവകാശമുണ്ട്. ഇത്തരം മൊബൈൽ നമ്പറുകൾക്കെതിരേ നടപടിയെടുക്കാൻ ആക്‌സസ് സേവന ദാതാക്കൾ ബാധ്യസ്ഥരാണെന്നും ട്രായ് വ്യക്തമാക്കുന്നു.
അനാവശ്യമായ കോളുകൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ബന്ധപ്പെട്ട സേവന ദാതാക്കളെ നേരിട്ട് ഈ വിവരം അറിയിക്കാം, അതല്ലെങ്കിൽ അവരുടെ കസ്റ്റമർ കെയർ നമ്പറുകളിലോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ cybercrime.gov.in-ലോ, സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930- ലോ വിളിച്ച് പരാതി അറിയിക്കാം.


Click it and Unblock the Notifications







