പോസ്റ്റ്പെയ്ഡ് കൊള്ളാമോ? ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഏറ്റവും നിരക്കുകുറഞ്ഞ ഈ പ്ലാനുകൾ പരിശോധിക്കൂ
ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന അതേ പ്രാധാന്യത്തോടെ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ പലർക്കും പോസ്റ്റ്പെയ്ഡ് പ്ലാനുകളെപ്പറ്റി കാര്യമായ ധാരണയില്ല. കൂടുതലാളുകളും പ്രീപെയ്ഡ് പ്ലാനുകളാണ് കൂടുതൽ സൗകര്യപ്രദം എന്ന വിലയിരുത്തലിൽ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നു. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമുണ്ട്.
പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരും എന്ന് പലരും ഭയക്കാറുണ്ട്. എന്നാൽ കുറഞ്ഞ നിരക്കിലുള്ള പോസ്റ്റപെയ്ഡ് പ്ലാനുകളും ലഭ്യമാണ്. ആവശ്യം തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്ലാനുകൾ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ടെലിക്കോം കമ്പനികൾ നിരവധി മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

ബില്ല് വരുന്നതനുസരിച്ച് പണമടയ്ക്കാൻ തയാറുള്ള ആളുകൾക്ക് പോസ്റ്റ്പെയ്ഡ് സേവനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിയോ, എയർടെൽ, വിഐ എന്നിവരുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുത്തുകൊണ്ട് ആഗ്രഹം നിറവേറ്റാൻ സാധിക്കും. ഈ മൂന്ന് കമ്പനികളും നൽകുന്ന നിരക്കുകുറഞ്ഞ എൻട്രിലെവൻ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവയിലെ ആനുകൂല്യങ്ങളും ഇവിടെ പരിചയപ്പെടാം.
വിഐയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ വിഐ ആളൊരു പുലിയാണ്. പ്രീപെയ്ഡ് വരിക്കാരെക്കാൾ പോസ്റ്റ്പെയ്ഡ് മേഖലയിൽ വിഐക്ക് കരുത്തും സ്വാധീനവും കൂടുതലുണ്ട്. കഴിഞ്ഞ വർഷം അവസാനം, വിഐ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഓഫറുകൾ പുതുക്കി. വിഐയുടെ നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 401 രൂപ നിരക്കിലാണ് എത്തുന്നത്.
401 രൂപയുടെ വിഐ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ്, 3000 എസ്എംഎസ്, 50 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഇതിന് പുറമേ അധിക ആനുകൂല്യങ്ങളായി 12 AM മുതൽ 6 AM വരെ അൺലിമിറ്റഡ് ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി, ഹങ്കാമ മ്യൂസിക്ക്, വിഐ ഗെയിംസ് എന്നിവയും ലഭിക്കും.
ഇതോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ഓപ്ഷനുകളാണ് വിഐ നൽകുന്നത്. ഇതിലൊന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, 12 മാസത്തേക്ക് സോണിലിവ് മൊബൈൽ, അല്ലെങ്കിൽ 1 വർഷത്തേക്ക് സൺനെക്സ്റ്റ് പ്രീമിയം എന്നവയാണ് വിഐ നൽകുന്ന ഓപ്ഷനുകൾ. ഉപയോക്താവിന് ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കാം.
എയർടെലിന്റെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപ നിരക്കിൽ എത്തുന്നു. 40 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും എയർടെലിന്റെ അൺലിമിറ്റഡ് 5G ഡാറ്റയ്ക്കുള്ള യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

റിലയൻസ് ജിയോയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 299 രൂപ നിരക്കിലാണ് എത്തുന്നത്. മറ്റ് ടെലിക്കോം കമ്പനികളുടെ എൻട്രിലെവൽ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുന്നത് ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനാണ്.
30ജിബി ഡാറ്റയാണ് 299 രൂപയുടെ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ജിയോ നൽകുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അധിക ആനുകൂല്യമായി ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവ ആസ്വദിക്കാം. ജിയോയുടെ അൺലിമിറ്റഡ് 5ജി ആസ്വദിക്കാനുള്ള യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








