പാകിസ്ഥാനില്‍ ട്വിറ്റര്‍ നിരോധിച്ചു

Posted By: Staff

പാകിസ്ഥാനില്‍ ട്വിറ്റര്‍ നിരോധിച്ചു

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് പാകിസ്ഥാനില്‍ നിരോധനം. ഇസ്ലാമിന് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനാലാണ് ഇന്ന് (ഞായറാഴ്ച) നിരോധനം നടപ്പിലാക്കിയതെന്ന് രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ നടന്ന പ്രവാചകന്‍ നബിയുടെ ചിത്രംവര മത്സരത്തിന്റെ പ്രമോഷനാണ് ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതെന്ന് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ വ്യക്തമാക്കി.

പാകിസ്ഥാന്റെ ആവശ്യം പരിഗണിക്കാന്‍ ഫെയ്‌സ്ബുക്ക് സന്നദ്ധമായെങ്കിലും ട്വിറ്റര്‍ ഇത് അംഗീകരിക്കാതിരിക്കുകയായിരുന്നെന്ന് യാസിന്‍ പറഞ്ഞു. ''അവസാനരാത്രി വരെ ഞങ്ങള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തി. എങ്കിലും അവര്‍ ഈ ഉള്ളടക്കം നീക്കം ചെയ്യാന്‍ തയ്യാറായില്ല. പാക് ഐടി മന്ത്രാലയമാണ് ട്വിറ്റര്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്''. ട്വിറ്റര്‍ ഈ ഉള്ളടക്കം നീക്കം ചെയ്യാന്‍ എന്ന് സമ്മതം പ്രകടിപ്പിക്കുന്നുവോ അന്ന് നിരോധനം മാറ്റുമെന്നും യാസിന്‍ അറിയിച്ചു.

2010ല്‍ ഇതേ ഉള്ളടക്കത്തെ ചൊല്ലി ഫെയ്‌സ്ബുക്കിന് പാക് കോടതി നിരോധനം നടപ്പിലാക്കിയിരുന്നു. പിന്നീട് ഫെയ്‌സ്ബുക്കില്‍ പാകിസ്ഥാനില്‍ ആ പേജ് തടഞ്ഞതോടെയാണ് നിരോധനം നീങ്ങിയത്. ഇത്തരത്തില്‍ ഇസ്ലാമിക് വിരുദ്ധ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തുന്ന മറ്റ് സൈറ്റുകളുണ്ടോയെന്നും രാജ്യം നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്ബുക്ക് പ്രശ്‌നം രാജ്യത്ത് വന്‍പ്രതിഷേധമാണ് ഉണ്ടാക്കിയത്. ചില ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനകളും ഫെയ്‌സ്ബുക്കിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഫെയ്‌സ്ബുക്കിനെതിരെ വിശുദ്ധ യുദ്ധ പ്രഖ്യാപനവും പാക് സംഘടനകള്‍ നടത്തിയിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot