നായ പോയി; ഇലോൺ മസ്കിന്റെ കുഞ്ഞിക്കിളി തിരിച്ചെത്തി | Twitter
ഇങ്ങേർ ഇത് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇയാളുടെ തലയ്ക്ക് ഓളമാണോ? ഇലോൺ മസ്കിന്റെ ഓരോ കലാപരിപാടികൾ കാണുമ്പോൾ എല്ലാവർക്കും തോന്നുന്ന സംശയങ്ങളാണ് ഇവയൊക്കെ. ദിവസങ്ങൾക്ക് മുമ്പാണ് പുള്ളിക്കാരൻ ട്വിറ്ററിന്റെ ബേർഡ് ലോഗോ മാറ്റി പകരം ഡോഷ് കോയിൻ ലോഗോ അതായത് ഷിബ ഇനുവെന്ന നായയുടെ ചിത്രം നൽകിയത്.
ഇപ്പോൾ 3 ദിവസങ്ങൾക്കിപ്പുറം ഷിബു ഇനുവിന്റെ ചിത്രം മാറ്റി പഴയ ലോഗോ തന്നെ ട്വിറ്ററിന് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശരിക്കും എന്തിന് വേണ്ടിയായിരിക്കും മസ്ക് ട്വിറ്ററിന്റ ലോഗോ മാറ്റിയത്? കോടാനുകോടികൾ മൂല്യമുള്ള കമ്പനിയുടെ തലപ്പത്ത് കയറിയിരുന്ന് ഓരോ കോമാളിത്തരം മസ്ക് കാണിക്കുന്നത് ഇത് ആദ്യമല്ലെന്നത് മറന്ന് പോകരുത്. കാര്യം അങ്ങനെയൊക്കെയാണെങ്കിലും മസ്കിന്റെ കോപ്രായങ്ങളെക്കുറിച്ച് പല തരത്തിലുള്ള വിലയിരുത്തലുകളും വരുന്നുണ്ട്.

ഡോഷ്കോയിൻ നിക്ഷേപകർ മസ്കിനെതിരെ നഷ്ടപരിഹാരക്കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡോഷ് കോയിൻ ലോഗോ ട്വിറ്ററിൽ ഉപയോഗിച്ചതെന്നാണ് ഒരു വിലയിരുത്തൽ. അൽപ്പം ലേറ്റായി വന്ന ഏപ്രിൽ ഫൂൾ തമാശയാണെന്നും വിലയിരുത്തുന്നവരുണ്ട്. കാരണം എന്തായാലും കുഞ്ഞിക്കിളി തിരിച്ചെത്തിയെന്നതാണ് ഒരു സമാധാനം. ഇനി വീണ്ടും കിളിയെ മസ്ക് പറത്തിവിടില്ലെന്നും കരുതാം. ട്വിറ്ററിനെ വീണ്ടും ലാഭകരമായ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്ക്. 44 ബില്യൺ ഡോളറിന് ഏറ്റെടുത്ത സ്ഥാപനത്തിന്റെ മൂല്യം നേരെ പകുതിയായി കുറഞ്ഞിരുന്നു.
ഇതിനിടയിൽ 3 ദിവസം മുമ്പാണ് ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ലോഗോയായി ഷിബാ ഇനുവിന്റെ ചിത്രം അപ്ലോഡ് ചെയ്തത്. മസ്കിന്റെ നീക്കം ലോകത്തെയാകെ അമ്പരപ്പിച്ചെന്ന് തന്നെ പറയാം. എപ്പോഴും ഇത്തരം കാര്യങ്ങൾ മസ്ക് ചെയ്യാറുള്ളതാണ്. അതിനാൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ പഴയ ലോഗോ തിരിച്ചെത്തുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പതിവ് രീതികൾ എല്ലാം തെറ്റിച്ച ഇലോൺ മസ്ക് 3 ദിവസം ട്വിറ്റർ ലോഗോയായി ഡോഷ് കോയിൻ ഉപയോഗിക്കുകയും ചെയ്തു.

ട്വിറ്ററിന്റെ വെബ് വേർഷനിൽ മാത്രമാണ് ഈ ലോഗോ മാറ്റങ്ങൾ നടന്നത്. ആപ്പിൽ പഴയ ലോഗോ തന്നെയാണ് നൽകിയിരുന്നത്. പക്ഷിയെ മാറ്റി ഷിബ ഇനുവിനെ ട്വിറ്റർ ലോഗോയാക്കിയ ശേഷം, മസ്‌ക് നടത്തിയ ട്വീറ്റും വൈറലായിട്ടുണ്ട്. പഴയ ഒരു ട്വിറ്റർ ചർച്ചയുടെ സ്ക്രീൻഷോട്ടാണ് മസ്ക് ഷെയർ ചെയ്തത്. ട്വിറ്ററിലെ യൂസർമാരിൽ ഒരാൾ മസ്ക് ട്വിറ്റർ വാങ്ങണമെന്നും ഡോഷ്കോയിൻ ലോഗോ ആക്കണമെന്നും പറയുന്നതാണ് സ്ക്രീൻ ഷോട്ടിലുള്ളത്. താൻ വാഗ്ദാനം പാലിച്ചുവെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.
ഡോഷ്കോയിനുമായി ബന്ധപ്പെട്ട് മസ്ക് നടത്തിയ ട്വീറ്റുകൾക്കെതിരെ നിക്ഷേപകർ കേസ് നൽകിയിരുന്നു. ഇതിൽ നിന്നും ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യവും ലോഗോ മാറ്റത്തിനുണ്ടായിരിക്കാം. മസ്ക് നടത്തിയ അഭിപ്രായപ്രകടനങ്ങൾ നിരുപദ്രവകരവും കഥയില്ലാത്തവയുമാണെന്നാണ് കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. ഗൌരവമായി കാണേണ്ട കാര്യമില്ലെന്നും വാദത്തിൽ പറയുന്നു. ഇതിനിടെ നടത്തിയ ലോഗോ മാറ്റം വിഡ്ഢിത്തമായി ആളുകൾ കാണണമെന്നാവും മസ്ക് ആഗ്രഹിക്കുന്നത്. ഇതിലൂടെ സമാനമായ "കഥയില്ലാത്ത" കോപ്രായങ്ങളാണ് ഡോഷ് കോയിനെക്കുറിച്ചുള്ള മുൻ ട്വീറ്റുകളെന്ന് കോടതിയ്ക്ക് മുന്നിൽ കാണിക്കുകയും ചെയ്യാം.

ട്വിറ്ററിലെ ലെഗസി അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്കുകൾ നീക്കം ചെയ്ത് തുടങ്ങുകയാണ്. കാശ് തരുന്നവർക്ക് ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ എന്നാണ് മസ്കിന്റെ പുതിയ നിലപാട്. ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ വെബ് സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 600 രൂപയാണ് നൽകേണ്ടത്. മൊബൈൽ യൂസേഴ്സിന് ബ്ലൂ ടിക്ക് വേണമെങ്കിൽ മാസം 900 രൂപയും നൽകണം.


Click it and Unblock the Notifications