നായകൻ വീണ്ടും വരാർ..; സമ്പന്ന സിംഹാസനം തിരികെപ്പിടിച്ച് ഇലോൺ മസ്ക്
തിരിച്ചടികളിൽ വീണ് പോകാതെ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുക, അതും ചുറ്റിലും എതിർപ്പുകളും ശാപവാക്കുകളും കുമിഞ്ഞ് കൂടുന്നതിനിടയിൽ. എല്ലാവരാലും സാധിക്കുന്ന കാര്യമൊന്നുമല്ല അത്. അസാമാന്യമായ മനക്കരുത്തും നിശ്ചയദാർഢ്യവും അത്തരമൊരു തിരിച്ചുവരവിന് ആവശ്യമാണ് താനും. ഏത് സന്ദർഭത്തിലും എത്രയൊക്കെ ഏഴുതിത്തള്ളിയാലും താൻ ഉയിർത്തെഴുന്നേൽക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇലോൺ മസ്ക്.
ബ്ലൂംബെർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനത്തേക്ക് ഇലോൺ മസ്ക് തിരികെയെത്തിയിരിക്കുകയാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം വീണ്ടും കുതിച്ചുയർന്നതോടെയാണ് ലോക കോടീശ്വരപ്പട്ടത്തിലേക്ക് മസ്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ടെസ്‌ലയുടെ ഓഹരികൾ കൂപ്പ് കുത്തിയതിനെത്തുടർന്നാണ് മസ്കിന് ധനികരായ വ്യക്തികളിലെ ഒന്നാം സ്ഥാനം നഷ്ടമായത്. ലൂയിസ് വിട്ടൺ സിഇഒ ആയ ബെർണാർഡ് അർനോയും കുടുംബവുമാണ് ഇലോൺ മസ്കിനെ മറികടന്ന് ഒന്നാമതെത്തിയത്.

ബ്ലൂംബെർഗ് ഇൻഡക്സ് പ്രകാരം Elon Musk വീണ്ടും ഒന്നാമതെത്തിയെങ്കിലും ഫോബ്സ് മാഗസിന്റെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബെർണാർഡ് അർനോ കുടുംബത്തിന് തന്നെയാണ്. രണ്ട് സ്ഥാപനങ്ങളുടെ കണക്കുകളിലും ചില വ്യത്യാസങ്ങൾ കാണാം. ബ്ലൂം ബെർഗ് പറയുന്നത് അനുസരിച്ച് 187 ബില്ല്യൺ യുഎസ് ഡോളറാണ് ഇലോൺ മസ്കിന്റെ ആകെ ആസ്തിയായി കാണിക്കുന്നത്. ബെർണാർഡ് അർനോയുടെ വ്യക്തിഗത ആസ്തിയായി 185 ബില്ല്യൺ യുഎസ് ഡോളറും ബ്ലൂംബെർഗ് ഇൻഡക്സ് ചെയ്തിട്ടുണ്ട്.
എന്നാൽ ഫോബ്സിന്റെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബെർണാർഡ് അർനോയും കുടുംബവും എന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. ഇവിടെ അർനോ ഫാമിലിയുടെ ആകെ ആസ്തി 206.3 ബില്ല്യൺ യുഎസ് ഡോളർ എന്നാണ് കാണിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ ആകെ ആസ്തിയായി നൽകിയിരിക്കുന്നത് 197.7 ബില്ല്യൺ ഡോളറും. ഈ വൈരുദ്ധ്യങ്ങൾക്ക് കാരണം എന്തെന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

ടെസ്‌ലയുടെ ഓഹരി മൂല്യത്തിൽ ഒറ്റയടിക്ക് 70 ശതമാനം വളർച്ചയുണ്ടായതാണ് ഇലോൺ മസ്കിന് നേട്ടമായത്. ജനുവരി 6ലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നുമാണ് ടെസ്‌ലയുടെ തിരിച്ച് വരവെന്നതാണ് ശ്രദ്ധേയം. നിക്ഷേപകർ ടെസ്‌ലയോട് താത്പര്യം കാണിച്ചതും ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് കൂടിയതുമെല്ലാം അനുഗ്രഹമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക നഷ്ടത്തിലും റെക്കോർഡ് ഇട്ടയാളാണ് ഇലോൺ മസ്ക്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Elon Musk : സാമ്പത്തിക നഷ്ടത്തിലും റെക്കോർഡ്
ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം നഷ്‌ടപ്പെട്ടതിന്റെ ലോക റെക്കോർഡും ഇലോൺ മസ്കിനാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം നേരിട്ടതിന്റെ സർവകാല റെക്കോർഡ് ഇലോൺ മസ്ക് തകർത്തതായി 2023ന്റെ തുടക്കത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചിരുന്നു. ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സണിന്റെ പേരിലാണ് മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 58.6 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് മസയോഷി സൺ നേരിട്ടത്.

ഇലോൺ മസ്കിന്റെ ആകെ നഷ്ടത്തിന്റെ കണക്ക് കണ്ടെത്തുന്നത് അസാധ്യമാണെന്നും എന്നാൽ അത് മസയോഷി സൺ നേരിട്ടതിലും വലുതാണെന്നുമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ വിലയിരുത്താൽ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനുസരിച്ച് മസ്കിന്റെ സാമ്പത്തിക നഷ്ടം ഏതാണ്ട് 200 ബില്ല്യൺ ഡോളറിനടുത്ത് വരും. ഇത്ര വലിയ തകർച്ചയിൽ നിന്നുമാണ് ഇലോൺ മസ്ക് വീണ്ടും ലോക കോടീശ്വരനെന്ന സ്ഥാനത്തേക്ക് തിരിച്ചെത്തിയതെന്നതാണ് ശ്രദ്ധേയം.
മസ്‌കും ടെസ്‌ലയും
മസ്‌കിന്റെ വ്യക്തിഗത സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്‌ലയുടെ ഓഹരികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. ടെസ്‌ലയിലെ ആദ്യകാല നിക്ഷേപകരിൽ ഒരാളാണ് ഇലോൺ മസ്ക്. സ്ഥാപനത്തിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളതും മസ്കിന് തന്നെ. 2003 ജൂലൈയിൽ മാർട്ടിൻ എബർഹാൻഡും മാർക്ക് ടാർപെനിങ്ങും ചേർന്നാണ് ടെസ്‌ല സ്ഥാപിക്കുന്നത്. തൊട്ടടുത്ത വർഷം 6.5 മില്ല്യൺ ഡോളർ നിക്ഷേപിച്ച് ഇലോൺ മസ്ക് ടെസ്‌ലയിലെ ഏറ്റവും വലിയ ഷെയർ ഹോൾഡറായും മാറി. 2008ൽ കമ്പനിയുടെ സിഇഒ ആയ മസ്ക് പ്രോഡക്റ്റ് ആർക്കിടെക്റ്റ് എന്ന ഉത്തരവാദിത്തവും ഏറ്റെടുത്തു.


Click it and Unblock the Notifications