ട്വിറ്ററിന്റെ 'കിളി' പറന്നു! എന്തുകൊണ്ട്? യഥാർഥ കഥ ആരംഭിക്കുന്നത് 1999ലെന്ന് മസ്കിന്റെ ജീവചരിത്രകാരൻ
ട്വിറ്ററിന്റെ ലോഗോ മാറ്റവും പേര് മാറ്റവുമാണ് ഇപ്പോൾ ടെക്നോളജി ലോകത്തെയും സാമൂഹിക മാധ്യമങ്ങളിലെയും പ്രധാന ചർച്ചാവിഷയം. ട്വിറ്ററിന്റെ ലോഗോയിലുള്ള കിളിയെ പറപ്പിച്ച മസ്ക് ആ സ്ഥാനത്തേക്ക് എക്സ് (X) ചിഹ്നം കൊണ്ടുവന്നിരിക്കുകയാണ്. ട്വിറ്റർ ഏറ്റെടുത്തശേഷം മസ്ക് നടത്തിയ പരിഷ്കാരങ്ങളിൽവച്ച് ഏറ്റവും വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ ഇപ്പോൾ ഇല്ല. പകരം X എന്നാണ് കാണാനാകുക. വെബ്സൈറ്റ് തുറക്കുമ്പോഴും കറുപ്പ് നിറത്തിലുള്ള X എന്ന ലോഗോയാണ് കാണുക. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആക്കി മാറ്റിയിട്ടുണ്ട്.

ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കിയും മാറ്റിയിട്ടുണ്ട്. ട്വിറ്റർ ഉടമയായ മസ്കിന്റെയും ട്വിറ്റർ സിഇഒ ആയ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ X ലോഗോ ആണ് കാണാൻ സാധിക്കുക. ഈ മാറ്റം ശാശ്വതമാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്.
കാരണം ഏതാനും മാസം മുൻപും ട്വിറ്റർ ലോഗോയിലെ കിളിയെ മാറ്റി നായുടെ ചിത്രം മസ്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ഇത്തവണത്തേത് അത്തരം തമാശയല്ലെന്നും ദീർഘനാളായുള്ള മസ്കിന്റെ ആശയത്തിൽനിന്നുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യാനുള്ള നീക്കങ്ങൾ മസ്ക് ദീർഘനാളായി നടത്തിവന്നിരുന്നു. എന്നാൽ എക്സ് ബ്രാൻഡിലേക്കുള്ള മാറ്റം 1999 മുതൽ തന്നെ മസ്കിന്റെ സ്വപ്നമായിരുന്നു.
മസ്കിന്റെ ഭൂതകാലത്തിൽനിന്നാണ് എക്സ് എന്ന ലോഗോയുടെ വരവ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സണും സാക്ഷ്യപ്പെടുത്തുന്നു. 1999-ൽ തന്നെ എക്സ്ബ്രാൻഡ് എന്നത് മസ്കിന്റെ സ്വപ്നമായിരുന്നു. 1999-ൽ മസ്ക് സ്ഥാപിച്ച http://X.com ഈ അഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു എന്നും വാൾട്ടർ ഐസക്സൺ പറയുന്നു. എക്സ് ബ്രാൻഡ് സാമ്പത്തിക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് മസ്ക് വിഭാവനം ചെയ്തിരുന്നു.
മസ്കിന്റെ ഭൂതകാലത്തിൽനിന്നാണ് എക്സ് എന്ന ലോഗോയുടെ വരവ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സണും സാക്ഷ്യപ്പെടുത്തുന്നു. 1999-ൽ തന്നെ എക്സ്ബ്രാൻഡ് എന്നത് മസ്കിന്റെ സ്വപ്നമായിരുന്നു. 1999-ൽ മസ്ക് സ്ഥാപിച്ച http://X.com ഈ അഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു എന്നും വാൾട്ടർ ഐസക്സൺ പറയുന്നു. എക്സ് ബ്രാൻഡ് സാമ്പത്തിക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കും എന്നായിരുന്നു മസ്കിന്റെ കണക്കുകൂട്ടൽ.
ദീർഘദർശിയായൊരു ബിസിനസുകാരനായ മസ്കിന്റെ ചിന്തയിൽ വിരിഞ്ഞ ആശയമായിരുന്നു 1999 ലെ എക്സ് ഡോട്ട് കോം. പണം അടിസ്ഥാനപരമായി ഡാറ്റയാണെന്ന് വിശ്വസിച്ച മസ്ക് എക്സ് ഡോട്ട് കോമിലൂടെ എല്ലാ ഇടപാടുകളും തത്സമയം സുരക്ഷിതമായി രേഖപ്പെടുത്താൻ ശ്രമിച്ചു. "http://X.com എന്ന മസ്കിന്റെ ആശയം മഹത്തരമായിരുന്നു എന്ന് ഐസക്‌സൺ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.
''എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു സ്റ്റോറായിരിക്കും: ബാങ്കിംഗ്, ഡിജിറ്റൽ വാങ്ങലുകൾ, ചെക്കിംഗ്, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, വായ്പകൾ. ഇടപാടുകൾ തൽക്ഷണം കൈകാര്യം ചെയ്യപ്പെടും'' എന്നതായിരുന്നു എക്സ് ഡോട്ട് കോമിനെക്കുറിച്ചുള്ള മസ്കിന്റെ കാഴ്ചപ്പാട്. എന്നാൽ 'എക്സ് ഡോട്ട് കോം' നിർമ്മിക്കാനുള്ള അന്നത്തെ മസ്കിന്റെ നീക്കങ്ങൾ വെല്ലുവിളികളും കടുത്ത സമ്മർദ്ദവും നിറഞ്ഞതായിരുന്നുവെന്ന് ഐസക്സൺ പറയുന്നു.
കർശന നടപടികൾ സ്വീകരിച്ച മസ്ക് എക്സ് ഡോട്ട് കോമിനായി ജീവനക്കാരെ നിരന്തരം പണിയെടുപ്പിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ട്വിറ്റർ ഏറ്റെടുത്ത ശേഷം ജീവനക്കാരെ പിരിച്ചുവിടുകയും ഉള്ളവരെക്കൊണ്ട് രാപകലില്ലാതെ പണിയെടുപ്പിക്കുകയും പണിയെടുക്കുകയും ചെയ്തിരുന്ന അതേ മസ്ക് ആയിരുന്നു അന്ന് ഉണ്ടായിരുന്നതെന്നും ഐസക്സൺ പറയുന്നു. പിന്നീട് പീറ്റർ തീലും മാക്സ് ലെവ്ചിനും ചേർന്ന് സ്ഥാപിച്ച കമ്പനിയുമായി 'എക്സ്' കമ്പനി ലയിച്ചു.

ലയനത്തിന് ശേഷം എക്സ് ഡോട്ട് കോമിന്റെ പേര് പേപാൽ(PayPal) എന്നാക്കിമാറ്റി. അപ്പോഴും ലോക സാമ്പത്തിക വ്യവസ്ഥയിൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്റെ ദീർഘകാല കാഴ്ചപ്പാടിന് ഊന്നൽ നൽകി, മാതൃ കമ്പനിയുടെ പേരായി 'X.com' നിലനിർത്താൻ മസ്‌ക് നിർബന്ധിച്ചു. 2022 എത്തിയപ്പോഴും എക്സ് ഡോട്ട് കോം എന്ന തന്റെ ബ്രാൻഡ് പേരും സ്വപ്നങ്ങളും ഉപേക്ഷിക്കാൻ മസ്ക് തയാറായിരുന്നില്ല.
ട്വിറ്ററിലൂടെ തന്റെ എക്സ് ബ്രാൻഡ് സ്വപ്നം പൂവണിയിക്കാൻ മസ്ക് ആഗ്രഹിച്ചിരുന്നു. 1999 മുതലുള്ള തന്റെ ആശയങ്ങൾ സഫലമാക്കാൻ ഏറ്റവും അനുയോജ്യമായ മാധ്യമമായാണ് മസ്ക് ട്വിറ്ററിന്റെ കഴിവുകളെ കാണുന്നത്. സാമ്പത്തിക പ്ലാറ്റ്‌ഫോമിന്റെയും സോഷ്യൽ നെറ്റ്‌വർക്കിന്റെയും സംയോജനമായി ട്വിറ്ററിനെ മാറ്റാൻ ഇലോൺ മസ്ക് ലക്ഷ്യമിടുന്നു.
എഐ പിന്തണയോടെ പേയ്‌മെന്റുകൾ, സന്ദേശമയയ്‌ക്കൽ, തുടങ്ങി നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒരു സൂപ്പർ പ്ലാറ്റ്ഫോമായി എക്സ് ബ്രാൻഡിനെ മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ മസ്ക് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഐസക്സൺ നിരീക്ഷിക്കുന്നു. 'എലോൺ മസ്‌ക്: ടെസ്‌ല, സ്‌പേസ് എക്‌സ്, ആന്റ് ദ ക്വസ്റ്റ് ഫോർ എ ഫന്റാസ്റ്റിക് ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ രചനയിലാണ് വാൾട്ടർ ഐസക്‌സൺ.


Click it and Unblock the Notifications








