പബ്ജി ഗെയിമിന്റെ കോലം കത്തിച്ച് ഹോളി ആഘോഷിക്കാനൊരുങ്ങി യുവാക്കൾ; ബോധവത്കരണം ലക്ഷ്യം
ഇന്ത്യയെമ്പാടുമുള്ള യുവാക്കൾ ഇന്ന് പബ്ജി ഓൺലൈൻ ഗെയിമിന്റെ പിന്നാലെയാണ്. നല്ലൊരു ശതമാനം യുവാക്കളെയും ചെറിയ പരിധിവരെ മദ്ധ്യവയസ്‌കരെയും പബ്ജി തന്റെ അടിമകളാക്കിക്കഴിഞ്ഞു.

പബ്ജി കളിക്കാതെ പലർക്കും ഒരു ദിനം കഴിച്ചുകൂട്ടാൻ പോലും പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. അത്രമേൽ യുവാക്കളുടെ മാനസികാവസ്ഥയ്ക്കുമേൽ പിടിമുറുക്കിക്കഴിഞ്ഞു പബ്ജി മൊബൈൽ ഗെയിം.
എന്നാൽ ഇതിന്റെ ദൂഷ്യഭലം വളരെ വലുതാണ്. കുട്ടികളും വിദ്യാർത്ഥികളും പബ്ജിയ്ക്ക് അടിമപ്പെടുന്നത് അവരുടെ വിദ്യാഭ്യാസത്തെപ്പോലും കാര്യമായി ബാധിക്കുന്നുണ്ട്. അതിനാൽത്തന്നെ പല സ്‌കൂൾ/കോളേജ് ഹോസ്റ്റലുകളിലും ക്യാമ്പസുകളിലും പബ്ജിക്ക് വിലക്കുണ്ട്.
പബ്ജി കളിക്ക് അടിമകളായവർക്കും ഗെയിം ഇഷ്ടപ്പെടുന്നവർക്കും ഒരു ബോധവത്കരണമെന്നോണം ഹോളിയുടെ ഭാഗമായി പബ്ജി ഗെയിമിന്റെ കോലം കത്തിച്ച് ആഘോഷിക്കാനൊരുങ്ങുകയാണ് സഹോദരങ്ങൾ. അമർ, ആഷിഷ് വിത്തൽ എന്നീ ഇരട്ട സഹോദരന്മാരാണ് പുതിയ ആശയത്തിനു പിന്നിൽ.
മുംബൈ സിയോൺ കോലിവാഡാ സ്വദേശികളാണ് ഇവർ. പബ്ജിയിലെ കഥാപാത്രമായ യുവാവിന്റെ വലിയ കോലമുണ്ടാക്കി അതിൽ തീയിട്ട് ആഘോഷിക്കാനാണ് പദ്ധതി. പബ്ജി ഗെയിമിന്റെ ദൂഷ്യവശം സംബന്ധിച്ച് ബോധവത്കരണം നൽകുകയാണ് ഉദ്ദേശ്യം.
കയ്യിൽ പിസ്റ്റളും ലെവൽ മൂന്നിലെ ഹെൽമറ്റും ധരിച്ചു നിൽക്കുന്ന പ്രതിമയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. തൊട്ടു താഴെയായി പബ്ജി ദ സർജിക്കൽ സ്‌ട്രൈക്ക് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഉറി എന്ന ബോളിവുഡ് സിനിമയും പ്രതിമ നിർമിക്കുന്നതിൽ ഇരട്ട സഹോദരങ്ങൾക്ക് പ്രചോദനമായി.


Click it and Unblock the Notifications








