ആപ്പിളിന്റെ അദ്ഭുതപ്രവൃത്തി വീണ്ടും; മലയിടുക്കിൽനിന്ന് ഇത്തവണ രക്ഷിച്ചത് ഒന്നല്ല, രണ്ട് ജീവൻ
പുത്തൻ ടെക്നോളജികൾ കൊണ്ടുവരുന്നതിൽ മാത്രമല്ല, അവയെ ആളുകളുടെ ജീവൻ രക്ഷിക്കുന്ന നിലയിലേക്ക് അവതരിപ്പിക്കുകകയും ചെയ്യുന്നതിൽ വിജയിച്ചിട്ടുള്ള ഒരു കമ്പനനിയാണ് ആപ്പിൾ. അപകടങ്ങൾ ഹൃദയാഘാതം എന്നിവയിൽ നിന്നെല്ലാം ആളുകളെ രക്ഷിക്കാൻ ആപ്പിളിന്റെ ഐഫോൺ(IPhone) ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ ദിവസവും ആപ്പിൾ ജീവൻ രക്ഷിച്ചവരുടെ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയുമാണ്.

വനപ്രദേശത്തോടു ചേർന്നുള്ള 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് അകപ്പെട്ട രണ്ട് കാർ യാത്രികരുടെ ജീവൻ രക്ഷിക്കുന്നതിൽ ആപ്പിളിന്റെ രണ്ട് ടെക്നോളജികൾ ഒരേസമയം സഹായകമായതിന്റെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാലിഫോർണിയയിലെ ആഞ്ചലസ് നാഷണൽ ഫോറസ്റ്റിലെ ആഞ്ചലസ് ഫോറസ്റ്റ് ഹൈവേയിലാണ് അപകടവും അദ്ഭുതകരമായ രക്ഷപ്പെടലും നടന്നിരിക്കുന്നത്.

വനപ്രദേശത്തെ മലയിടുക്കിലൂടെ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ ഐഫോൺ 14 ൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ പ്രവർത്തിക്കുകയും സേവ് ചെയ്ത് വച്ചിരുന്ന എമർജൻസി നമ്പരുകളിലേക്ക് സന്ദേശം എത്തുകയുമായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ അപകടത്തിൽ പെട്ടവരെ ബന്ധപ്പെടാൻ ശ്രമിച്ചു.

ഈ ഘട്ടത്തിലാണ് ആപ്പിളിന്റെ മറ്റൊരു ഫീച്ചർ രക്ഷയായത്. നെറ്റ്വർക്ക് ഇല്ലാത്തതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തെ മറികടക്കാൻ ആപ്പിളിന്റെ സാറ്റലൈറ്റ് കണക്ടിവിറ്റി ആണ് ഇവിടെ ഉപകാരപ്പെട്ടത്. അതുവഴി രക്ഷാപ്രവർത്തകർ അപകടത്തിൽപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ ട്വിറ്ററിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം ഡിസംബർ 14 ന് ആയിരുന്നു അപകടം.

അന്ന് ഉച്ച കഴിഞ്ഞ സമയത്താണ് ആപ്പിളിന്റെ എമർജൻസി സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് ഒരു സന്ദേശം കൺട്രോൾ റൂമിലേക്ക് എത്തുന്നത്. രണ്ടുപേർ ഒരു കാർ അപകടത്തിൽ പെട്ടിരിക്കുന്നതായിട്ടായിരുന്നു സന്ദേശം. അപകടത്തിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ലഭിച്ചു. തുടർന്ന് ഹെലികോപ്ടർ ഉപയോഗിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെ രണ്ട് പേരെയും രക്ഷിക്കുകയായിരുന്നു.

ഇരുപതിന് മുകളിൽ പ്രായമുള്ള ഒരു യുവാവും യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും ഗുരുതര പരുക്കുകൾ ഏൽക്കാഞ്ഞതിനാൽ ജീവന് ഭീഷണി ഉണ്ടായില്ല. പരുക്കുകളെ തുടർന്ന് ഇരുവരും സമീപത്തെ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണെന്നും രക്ഷാ പ്രവർത്തകർ പറയുന്നു. ആപ്പിളിന്റെ പുതിയ കാർ ക്രാഷ് ഡിറ്റക്ഷൻ ജീവൻ രക്ഷിക്കുന്നത് ഇതാദ്യമല്ല. സാറ്റലൈറ്റ് ഫീച്ചറും ഇന്ത്യയിലുൾപ്പെടെ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ ഒരേ സമയം രണ്ട് ആപ്പിൾ ഫീച്ചറുകൾ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാകുന്നത് ഇത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിൾ അതിന്റെ ഐഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളിൽ സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ്(SOS) ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഒരു വിദൂര പ്രദേശത്ത് കുടുങ്ങിക്കിടക്കുമ്പോഴോ സെല്ലുലാർ, വൈഫൈ കവറേജ് ലഭിക്കാതിരിക്കുമ്പോഴോ എമർജൻസി സേവനങ്ങൾക്ക് സന്ദേശമയയ്‌ക്കാൻ സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ് ഉപയോഗിക്കാം.

കഴിഞ്ഞ ദിവസവും ആപ്പിൾ ഐഫോൺ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച സംഭവം വാർത്തയായിരുന്നു. അപകടത്തിൽപ്പെട്ട സ്ത്രീയുടെ ഭർത്താവ് ആപ്പിളിന് നന്ദി പറഞ്ഞുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറാണ് ഇവിടെയും രക്ഷയ്ക്കെത്തിയത്. ഭർത്താവുമായി സംസാരിച്ചുകൊണ്ട് കാർ ഓടിക്കുന്നതിനിടെ ഭാര്യ അപകടത്തിൽപ്പെടുകയായിരുന്നു.

ഫോണിലൂടെ ഭാര്യയുടെ അലർച്ചകേട്ട അയാൾ എന്താണ് സംഭവിച്ചത് എന്നറിയാതെ നിൽക്കുമ്പോൾ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ വഴി സന്ദേശം എത്തി. തുടർന്ന് അയാൾ വേഗം അപകട സ്ഥലത്തേക്ക് എത്തുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആപ്പിളിന്റെ ഈ ഫീച്ചർ ഇല്ലായിരുന്നു എങ്കിൽ ആ അടിയന്തര സാഹചര്യത്തെ നേരിടാൻ തനിക്ക് കഴിയുമായിരുന്നില്ല എന്നും ആപ്പിളിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അയാൾ കുറിപ്പിൽ പറയുന്നു.


Click it and Unblock the Notifications








