മറവി പ്രശ്നമാകില്ല! ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും അറിയാൻ പുതിയ സൗകര്യം
ആധാർകാർഡില്ലെങ്കിൽ റേഷനരിപോലും കിട്ടാത്ത കാലത്തേക്കാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും ആധാറും ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും കൂടിയേ തീരൂ എന്നാണ് അവസ്ഥ. ഒന്നിലധികം മൊബൈൽ നമ്പരുള്ള ആളുകൾ ധാരാളം ഉണ്ടാകും. അതിലൊരു നമ്പരോ, അതല്ലെങ്കിൽ വീട്ടിലെ ആരുടെയെങ്കിലും നമ്പറോ ആകും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകുക.
ചില ആവശ്യഘട്ടങ്ങൾ എത്തുമ്പോൾ ആധാറുമായി ബന്ധിപ്പിച്ച നമ്പർ ഏതാണ് എന്ന് അറിയാതെ കുഴങ്ങുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. മറവികൊണ്ടോ, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ കൃത്യമായി അറിയില്ലെങ്കിൽ അത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ പ്രതിസന്ധിസാഹചര്യം മറികടക്കാനുള്ള വഴി ഇപ്പോൾ തുറന്നിരിക്കുകയാണ്.

പൗരന്മാർക്ക് അവരുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തങ്ങളുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും പുതിയ സൗകര്യം ആരംഭിച്ചു. ആധാറിൽ നൽകിയിരിക്കുന്ന നമ്പർ ഏതാണ് എന്ന് അറിയാത്ത പൗരന്മാരെ സഹായിക്കാനാണ് ഇത്തരമൊരു പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റിലോ mAadhaar ആപ്പ് വഴിയോ "വെരിഫൈ ഇമെയിൽ/ മൊബൈൽ നമ്പർ" എന്ന ഫീച്ചർ ഉപയോഗിച്ചാൽ പൗരന്മാർക്ക് അവരുടെ ഏത് ഇ-മെയിൽ ഐഡി/ മൊബൈൽ നമ്പർ ആണ് ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇപ്പോൾ പരിശോധിക്കാൻ സാധിക്കും. മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അക്കാര്യം അറിയിക്കുകയും മൊബൈൽ നമ്പർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യും.

അതേസമയം, ഇ-മെയിൽ, മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, പൗരന്മാർ അടുത്തുള്ള ആധാർ കേന്ദ്രത്തിലെത്തി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ആധാർ ഉപഭോക്താക്കൾക്ക് സുതാര്യതയും സൗകര്യങ്ങളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ നമ്പർ പരിശോധിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കുന്നതിലൂടെ ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഒടിപി ശരിയായ നമ്പരിലേക്കാണ് എത്തുന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കും.
ആധാർ വെരിഫിക്കേഷൻ പ്രക്രിയ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഫീച്ചർ. ആധാർ സേവനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് യുഐഡിഎഐയുടെ വിലയിരുത്തൽ. സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തടയാനും പൗരന്മാർക്ക് അവരുടെ ആധാർ വിശദാംശങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകാനും സഹായിക്കുമെന്ന് വ്യക്തമാക്കി ഐടി മന്ത്രാലയം പുതിയ ഫീച്ചറിനെ സ്വാഗതം ചെയ്തു.
അതേസമയം ആധാറിൽ തിരുത്തലുകളും അപ്ഡേറ്റുകളും ആവശ്യമായിട്ടുള്ളവർക്ക് ഫീസില്ലാതെ അവ ഓൺലൈനിലൂടെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ നിലവിൽ ജൂൺ 14 വരെ അവസരമുണ്ട്. ജനസംഖ്യാ വിശദാംശങ്ങൾ ( പേര്, ജനന തീയതി, വിലാസം മുതലായവ ) മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, സാധാരണ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം.

ഓൺലൈൻ വഴി മാത്രമാണ് ആധാറിലെ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ ഏത് അപ്‌ഡേറ്റുകൾക്കും 50 രൂപ ഫീസ് ഈടാക്കും. സൗജന്യ അപ്ഡേറ്റുകൾക്കുള്ള അവസരം ആളുകൾ പ്രയോജനപ്പെടുത്തിയാൽ ആധാർ കാർഡുകളിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ ഒരുപരിധിവരെ കുറയ്ക്കാമെന്നും ആധാർ കാർഡുകൾ കൂടുതൽ ആധികാരിക രേഖയായി മാറുമെന്നുമാണ് കേന്ദ്രവും യുഐഡിഎഐയും കണക്കുകൂട്ടുന്നത്.
ഈ സൗജന്യ സേവനം ലഭിക്കാൻ, myAadhaar പോർട്ടലിൽ ലോഗിൻ ചെയ്യുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സർക്കാർ അനുവദിക്കുന്ന സൗജന്യ സേവനം ജൂൺ 14 വരെ ലഭ്യമാകും. ഓൺലൈൻ വഴി തിരുത്തലുകൾ സാധിക്കാത്തവർക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സേവനകേന്ദ്രങ്ങൾ വഴി തിരുത്തലുകൾ വരുത്താം. എന്നാൽ ഇവിടെ സൗജന്യ ഓഫർ ബാധകമായിരിക്കില്ല.


Click it and Unblock the Notifications