മോഷ്ടിക്കപ്പെട്ട ഒരു ഐഫോൺ തേടിപ്പോയി, കിട്ടിയത് 40000 എണ്ണം! മോഷണ ആസ്ഥാനം ലണ്ടൻ, പ്രതികളിൽ ഇന്ത്യക്കാരനും
ചെറിയൊരു തുമ്പിൽ നിന്ന് വലിയ രഹസ്യങ്ങളുടെ ചുരുളുകൾ അഴിഞ്ഞ സംഭവങ്ങൾ നിരവധി നാം കേട്ടിട്ടുണ്ടാകും. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ സംഭവം കൂടി ചേർക്കപ്പെട്ടിരിക്കുന്നു. മോഷ്ടിക്കപ്പെട്ട ഒരു ഐഫോണിന്റെ പിന്നാലെയുള്ള അന്വേഷണം ബ്രിട്ടൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഐഫോൺ മോഷണത്തിന്റെയും കള്ളക്കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ഐഫോൺ മോഷണ സംഘങ്ങൾ ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന 40,000 ഐഫോണുകൾ ഹോങ്കോങ് വഴി ചൈനയിലേക്ക് കടത്തി എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് അധികൃതർ നടത്തിയിരിക്കുന്നത്.
നന്ദി പറയേണ്ടത് ആപ്പിളിന്
ലണ്ടൻ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വൻ ഐഫോൺ മോഷണ സംഘവും കള്ളക്കടത്തും നടക്കുന്നതായി പോലീസിന് കാര്യമായ വിവരങ്ങൾ ഒന്നുമില്ലായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ മോഷ്ടിക്കപ്പെട്ട ഒരു ഐഫോൺ സംബന്ധിച്ച അന്വേഷണമാണ് വഴിത്തിരിവായി മാറിയത്. ഈ ഫോണിൽ ആപ്പിളിന്റെ ട്രാക്കിംഗ് സിസ്റ്റം ആക്ടീവായിരുന്നു. തുടർന്ന് നടത്തിയ ട്രാക്കിങ്ങിൽ ഈ ഫോൺ ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള ഒരു വെയർഹൗസിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചു.

അവിടെയെത്തിയ അന്വേഷണ സംഘം ഒരു ഷിപ്പ്‌മെന്റ് ബോക്‌സിൽ 900 ഓളം ഫോണുകൾക്കിടയിൽ മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ അതിൽ മിക്കതും മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ആകസ്മികമായി നടന്ന ഈ കണ്ടെത്തലിനെ തുടർന്ന നടത്തിയ വിശദപരിശോധനയിൽ മറ്റൊരു ബോക്സിൽ 894 ഫോണുകൾ കൂടി കണ്ടെത്തി.
തുടർന്ന് ഓപ്പറേഷൻ എക്കോസ്റ്റീപ്പ് എന്ന രഹസ്യപ്പേരിൽ പോലീസ് ഈ ഐഫോൺ മോഷണത്തിൽ അന്വേഷണം ആരംഭിച്ചു. ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെടുന്ന ഐഫോണുകൾ ഹോങ്കോങ്ങിലേക്കും അവിടെ നിന്ന് ചൈനയിലേക്കും കടത്തുന്നു എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നുള്ള മാസങ്ങളിൽ, ലണ്ടനിലും ഹെർട്ട്‌ഫോർഡ്‌ഷെയറിലുമായി 28 പ്രോപ്പർട്ടികളിൽ പോലീസ് റെയ്ഡ് നടത്തി, 2,000-ത്തിലധികം മോഷ്ടിച്ച ഐഫോണുകൾ പിടിച്ചെടുത്തു.
ട്രാക്കിങ് തടയാൻ ട്രിക്ക്
ട്രാക്കിംഗ് സിഗ്നലുകൾ തടയുന്നതിനായി ഫോയിൽ കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഐഫോണുകൾ കടത്തിയിരുന്നത്. ഈ മോഷണങ്ങളുടെ ആസ്ഥാനം ലണ്ടൻ ആണെന്നാണ് പിന്നീട് അറിഞ്ഞത്. യുകെയിലെ മൊത്തം ഫോൺ മോഷണങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും ലണ്ടനിൽ ആണ് നടക്കുന്നത്. ഓക്സ്ഫോർഡ് സ്ട്രീറ്റ്, വെസ്റ്റ് എൻഡ്, വെസ്റ്റ്മിൻസ്റ്റർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് മോഷണങ്ങളിലധികവും നടക്കുന്നത്.
2020 ൽ ഏകദേശം 28,000 കേസുകൾ ഉണ്ടായിരുന്നത് ഈ വർഷം 80,000 ൽ അധികമായി വർധിച്ചു. സംഭവത്തിൽ തെരുവിൽ നിന്ന് ഐഫോൺ മോഷിടിക്കുന്നവരെ മുതൽ അന്താരാഷ്ട്ര തലത്തിൽ ഈ കുറ്റകൃത്യത്തിൽ സംഘടിതമായി പ്രവർത്തിച്ച സംഘങ്ങൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ക്രിമിനൽ ശൃംഖലകളെ പൊളിച്ചുമാറ്റിയതായി അന്വേഷണ സംഘം പറയുന്നു.
പ്രതിഫലം
തെരുവിൽ നിന്ന് ഈ ഐഫോണുകൾ മോഷ്ടിക്കുന്നവർക്ക് ഓരോ ഫോണിനും £300 (€345) വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും, ചൈനയിൽ ഇവ $5,000 (€4,284) വരെ വിലയ്ക്ക് ആണ് വിൽക്കുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരന്മാരായി കരുതപ്പെടുന്ന രണ്ട് അഫ്ഗാൻ പൗരന്മാരെ കഴിഞ്ഞ മാസം കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തിൽ മോഷ്ടിക്കപ്പെട്ട ഐഫോണുകളിൽ ഏകദേശം 40 ശതമാനത്തിനും ഈ രണ്ടുപേരാണ് ഉത്തരവാദികളെന്ന് പോലീസ് പറയുന്നു.
ഈ വൻ മോഷണ ശൃംഖലയുമായി ബന്ധപ്പെട്ട് 29 വയസുള്ള ഒരു ഇന്ത്യൻ പൗരനെയും പ്രതിയാക്കുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, നിരവധി സ്ത്രീകളും ഒരു ബൾഗേറിയൻ പൗരനും ഉൾപ്പെടെ 15 പേരെ കൂടി ഈ ഓപ്പറേഷന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. "അസാധാരണം" എന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
മോഷ്ടിച്ചാൽ കുടുങ്ങും
ഈ കേസിൽ സ്വീകരിച്ച നടപടികളിലൂടെ മോഷ്ടിച്ചാൽ കുടുങ്ങും എന്ന വ്യക്തമായ സന്ദേശം മോഷ്ടാക്കൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പോലീസ് അധികൃതർ പ്രതികരിച്ചു. "യുകെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് നിസ്സംശയമായും പറയാം, അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ നേതാക്കൾക്കും ഈ വ്യാവസായിക തോതിലുള്ള കുറ്റകൃത്യത്തിന് ഇന്ധനം നൽകുന്ന തെരുവ് കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും എതിരെ കർശന നടപടി''യുണ്ടാകുമെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.


Click it and Unblock the Notifications








