ഓസ്ട്രേലിയയെ പേടിപ്പിച്ച് തീരത്തടിഞ്ഞ ആ അജ്ഞാത വസ്തു ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റിന്റെ ഭാഗം
ഓസ്ട്രേലിയയെ ആഴ്ചകളോളം കുഴക്കിയ അജ്ഞാത വസ്തു ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്റെ ഭാഗമെന്ന് സ്ഥിരീകരണം. ജൂലൈ പകുതിയോടെയാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജൂറിയൻ ബേയ്‌ക്ക് സമീപമുള്ള കടൽത്തീരത്ത് അജ്ഞാത ലോഹ വസ്തു അടിഞ്ഞത്. ദീർഘനാൾ വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും അത് എന്താണെന്ന് കൃത്യമായ വിശദീകരിക്കാൻ ഓസ്ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
എങ്കിലും ഏതെങ്കിലും റോക്കറ്റിന്റെ ഭാഗമാകാം ഈ ലോഹ വസ്തു എന്ന നിഗമനം അന്നുമുതൽതന്നെ പലരും മുന്നോട്ടുവച്ചിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ(ഇസ്‌റോ) പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) മൂന്നാം ഘട്ടത്തിൽ നിന്നുള്ള അവശിഷ്ടമാണിതെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി തിങ്കളാഴ്ച സ്ഥിരീകരിക്കുകയായിരുന്നു.

ഐഎസ്ആർഒയുടെ മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് പിഎസ്എൽവി. രണ്ട് മാസം മുമ്പ് ഐആർഎൻഎസ്എസ് നക്ഷത്രസമൂഹത്തിനായി നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ച പിഎസ്എൽവി റോക്കറ്റിന്റെ കത്താത്ത ഭാഗമാണ് ഓസ്ട്രേലിയൻ തീരത്തടിഞ്ഞ ഈ ലോഹ വസ്തുവെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
"ആ ഉപഗ്രഹം തെക്കോട്ട് വിക്ഷേപിച്ചു. അന്തരീക്ഷത്തിലേക്ക് തിരികെ വീഴുമ്പോൾ റോക്കറ്റിന്റെ ഒരു ഭാഗം പൂർണ്ണമായും കത്താതെ സമുദ്രത്തിലേക്ക് വീഴാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ഓസ്‌ട്രേലിയൻ തീരത്തേക്ക് ഒഴുകിയേക്കാം," എന്ന് ഒരു ഐഎസ്ആർഒ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ലോഹ വസ്തു നിലവിൽ ഓസ്ട്രേലിയൻ അധികൃതരുടെ കസ്റ്റഡിയിൽ നിരീക്ഷണത്തിലിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ഉടമ്പടികൾ പ്രകാരം തുടർ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഇരു രാജ്യങ്ങളും പ്രവർത്തിച്ചുവരികയാണ്. അടുത്ത നടപടികൾ തീരുമാനിക്കുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ വസ്തുക്കളാൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ ഐക്യരാഷ്ട്ര സംഘടനയുടെ കൺവൻഷൻ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാർഗനിർദേശങ്ങൾ പ്രകാരം, തങ്ങളുടെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിക്കുന്ന എല്ലാ ബഹിരാകാശ വസ്തുക്കളുടെയും ഉത്തരവാദിത്തം അതാത് രാജ്യങ്ങൾക്കാണ്. അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ചിലവ് ഈ രാജ്യങ്ങൾ വഹിക്കേണ്ടിവരും. ഈ കരാർ പ്രകാരം നിലവിലെ സംഭവത്തിൽ ഓസ്ട്രേലിയയിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ട്.
ഈ നാശനഷ്ടങ്ങളുടെ പേരിൽ വേണമെങ്കിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്ക് കേസെടുക്കാനും യുഎൻ കരാർ അനുവാദം നൽകുന്നു. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും കണക്കിലെടുത്ത് അത്തരം നടപടികൾ ഉണ്ടാകില്ല എന്നുമാത്രം. ഇവിടെ തീരത്തടിഞ്ഞ ലോഹ വസ്തുമൂലം ഓസ്ട്രേലിയയ്ക്ക് യാതൊരു വിധത്തിലുള്ള നാശനഷ്ടവും ഉണ്ടായിട്ടില്ല എന്നാണ് വിവരം.
എങ്കിലും കടൽത്തീരത്തടിഞ്ഞ കൂറ്റൻ അജ്ഞാത വസ്തു ഓസ്ട്രേലിയൻ അധികൃതർക്ക് കുറച്ച് ദിവസത്തേക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പെർത്തിൽ നിന്ന് 250 കിലോമീറ്റർ വടക്ക് ഗ്രീൻ ഹെഡിലെ കടൽത്തീരത്താണ് റോക്കറ്റ് ഭാഗം അടിഞ്ഞത്. ഒരു സ്ത്രീയും അവരുടെ പങ്കാളിയുമാണ് കടൽത്തീരത്ത് ഈ അജ്ഞാത വസ്തു ആദ്യം കണ്ടത്.
തീരത്തോട് ചേർന്ന് വെള്ളത്തിൽ കിടന്ന വലിയ സിലണ്ടർ രൂപത്തിലുള്ള വസ്തു, തങ്ങളുടെ ഫോർവീലർ ഉപയോഗിച്ച് അവർ തീരത്തേക്ക് വലിച്ച് കയറ്റുകയായിരുന്നു എന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. തീരത്തേക്ക് വലിച്ച് കയറ്റിയെങ്കിലും അത് എന്താണ് എന്ന് അവർക്ക് മനസിലാക്കാനായില്ല. തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇത് എന്താണ് എന്ന് മനസിലാകാത്തതിനാൽത്തന്നെ അധികൃതർ ഇതിന് കാവൽ ഏറ്റെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസും അഗ്നിശമന വകുപ്പും ഡബ്ല്യുഎയുടെ കെമിസ്ട്രി സെന്ററും നടത്തിയ പരിശോധനയ്ക്ക് ശേഷം, ഈ അജ്ഞാതവസ്തു സുരക്ഷിതമാണെന്നും പ്രദേശവാസികൾക്ക് അപകടമുണ്ടാക്കില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. എങ്കിലും ഇത് എന്താണെന്ന് കൃത്യമായി വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽത്തന്നെ ആകാംക്ഷ തുടർന്നു.
ഇത് ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ നിന്നുള്ളതാകാം എന്നാണ് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി അന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം, സംഭവം ചർച്ചയായപ്പോൾ തന്നെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) മൂന്നാം ഘട്ട ബൂസ്റ്ററിന്റെ ഭാഗത്തോട് ഈ പേടകത്തിന് സാമ്യമുണ്ടെന്ന് സയൻസ് അലേർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ നിന്നുള്ളതാകാം എന്നാണ് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി അന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം, സംഭവം ചർച്ചയായപ്പോൾ തന്നെ ഐഎസ്ആർഒയുടെ പിഎസ്എൽവി മൂന്നാം ഘട്ട ബൂസ്റ്ററിന്റെ ഭാഗത്തോട് ഈ പേടകത്തിന് സാമ്യമുണ്ടെന്ന് സയൻസ് അലേർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ അധികൃതർക്ക് കുറച്ച് സമയമെടുത്തു എന്നുമാത്രം.


Click it and Unblock the Notifications








