കേന്ദ്ര ബജറ്റ് 2026: ധാതു ഇടനാഴി ടെക്നോളജിക്ക് നേട്ടം, പക്ഷേ കേരളത്തിന് 'വാട്ടം'?
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026-27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. കേരളത്തിന് ഈ ബജറ്റിൽ കാര്യമായ ഒരു പ്രഖ്യാപനങ്ങളും കിട്ടിയില്ലയെന്നും ആകെ കിട്ടിയത് ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രവും മാത്രമാണ് എന്നുമാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ ടെക്നോളജി മേഖലയെ സംബന്ധിച്ചിടത്തോളം നിരവധി പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുണ്ട്. അവ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം, ഒപ്പം ധാതു ഇടനാഴി ടെക്നോളജി മേഖലയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നോക്കാം. ഇത് ക്രിയേറ്റേഴ്സിന്റെ കാലമാണ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന് ബജറ്റിൽ വൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിയേറ്റർ ഇക്കോണമി വളർത്തുക എന്ന ലക്ഷ്യം മുൻ നിർത്തി, 15,000 സെക്കൻഡറി സ്കൂളുകളിൽ കണ്ടന്റ് ലാബുകൾ സ്ഥാപിക്കാൻ ബജറ്റിൽ നിർദേശമുണ്ട്. ഡിജിറ്റൽ കണ്ടന്റ് നിർമിക്കുന്നവർക്ക് പ്രഫഷനൽ നിലവാരത്തിൽ വിഡിയോ, ഓഡിയോ, ഡിജിറ്റൽ കണ്ടന്റ് തയാറാക്കാനാവശ്യമായ സൗകര്യങ്ങളും പരിശീലനവും പിന്തുണയും നൽകുന്ന ക്രിയേറ്റീവ് ഇടമാണ് ഇത്തരം ലാബുകൾ.

രാജ്യത്തെ ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാക്കി മാറ്റുന്ന 'സെമികണ്ടക്ടർ മിഷൻ 2.0 ആണ് ബജറ്റിലെ പ്രധാന ടെക്നോളജി പ്രഖ്യാപനങ്ങളിലൊന്ന്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) 1.0 അടിസ്ഥാനമാക്കി, ഉപകരണങ്ങളും വസ്തുക്കളും നിർമ്മിക്കാനും, പൂർണ്ണ സ്റ്റാക്ക് ഇന്ത്യൻ ഐപി രൂപകൽപ്പന ചെയ്യാനും, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ISM 2.0 ശ്രമിക്കും.
സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനായി ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണത്തിനായുള്ള വിഹിതം (ECMS) 40,000 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഔട്ട്‌കം ബജറ്റ് ഡോക്യുമെന്റ് പ്രകാരം ഇന്ത്യയിലെ കുറഞ്ഞത് 30 സെമികണ്ടക്ടർ ഡിസൈൻ കമ്പനികൾക്ക് പ്രോത്സാഹനങ്ങൾക്കായി 100 കോടി രൂപ അടങ്കലുള്ള ഒരു ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതി ബജറ്റ് നിർദ്ദേശിക്കുന്നു.
കോമ്പൗണ്ട് സെമികണ്ടക്ടറുകൾ, ഡിസ്ക്രീറ്റ് സെമികണ്ടക്ടറുകൾ, ATMP യൂണിറ്റുകൾ, സിലിക്കൺ ഫോട്ടോണിക്സ് (SiPh), സെൻസറുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള സെമികണ്ടക്ടർ ഫാബുകൾ സ്ഥാപിക്കുന്നതിന് 5,000 കോടി രൂപ സാമ്പത്തിക പിന്തുണ നൽകാനും ISM 2.0 ലക്ഷ്യമിടുന്നു. ഇന്ത്യയെ ഒരു ആഗോള ഡാറ്റാ ഹബ്ബാക്കി മാറ്റാനുള്ള നീക്കവും ബജറ്റിലുണ്ട്.
ഡാറ്റാ സെന്ററുകളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ 'ടാക്സ് ഹോളിഡേ നൽകാൻ ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. അഗ്രി-സ്റ്റാക്ക് പോർട്ടലുകളുമായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) വ്യക്തമാക്കിയ AI സംവിധാനങ്ങളുമായും മികച്ച രീതികളുമായും സംയോജിപ്പിക്കുന്ന 'ഭാരത്-വിസ്താർ' എന്ന പുതിയ ബഹുഭാഷാ AI ഉപകരണം ആരംഭിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യ സാധാരണ കർഷകന്റെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനാണ് 'ഭാരത്-വിസ്താർ' പ്രോജക്ടിലൂടെ ശ്രമിക്കുന്നത്. "ഇത് കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കർഷകർക്ക് മികച്ച തീരുമാനങ്ങൾ പ്രാപ്തമാക്കുകയും ഇഷ്ടാനുസൃത ഉപദേശക പിന്തുണ നൽകുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും," എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
ബാറ്ററികൾക്കുള്ള ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന മൂലധന വസ്തുക്കൾക്ക് നൽകിയിട്ടുള്ള ഇളവിന് പുറമേ, ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായി ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന മൂലധന വസ്തുക്കളെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) നൽകുന്നതിൽനിന്ന് ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സൗരോർജ്ജ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, സോളാർ ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നിർണായക അസംസ്കൃത വസ്തുവായ സോഡിയം ആന്റിമോണേറ്റിന്റെ ഇറക്കുമതിയിൽ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു.
ധാതു ഇടനാഴിയും ടെക്നോളജിയും
ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ പ്രത്യേക അപൂർവ ഭൂമി ഇടനാഴികൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ മുതൽ അടുത്ത തലമുറ യുദ്ധവിമാനങ്ങൾ, റോബോട്ടുകൾ വരെയുള്ള നൂതന സാങ്കേതികവിദ്യകളിലും സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്റർ ഹാർഡ്‌വെയർ പോലുള്ള AI അടിസ്ഥാന സൗകര്യങ്ങളിലും ഹെവി റെയർ എർത്ത് എലമെന്റ്സ് (HREE) ഉപയോഗിക്കാൻ കഴിയും.
ലോകത്തിലെ മൂന്നാമത്തെ വലിയ അപൂർവ ഭൂമി ശേഖരം (6.9 ദശലക്ഷം ടൺ) ഇന്ത്യയിലുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്യുന്നുള്ളൂവെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. ഇപ്പോൾ ധാതു ഇടനാഴി പ്രഖ്യാപിച്ചുകൊണ്ട് ധാതുഖനനത്തിന് വഴിയൊരുക്കിയാൽ അത് ടെക്നോളജിക്ക് പുതിയ വഴിവെട്ടിയേക്കുമെങ്കിലും കേരളത്തിന്റെ പരിസ്ഥിതിയെ വാട്ടിയേക്കും.


Click it and Unblock the Notifications








