കനത്ത പിഴയിട്ട് ബെറ്റിങ് ആപ്പുകളെ പൂട്ടും! ഓൺലൈൻ ഗെയിമിങ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ഇന്ത്യയിൽ ഓൺലൈൻ ബെറ്റിങ് തടയാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിൽ കർശന പരിശോധനകൾ നടത്താനും ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് (online gaming bill) കേന്ദ്ര മന്ത്രിസഭ ഇന്ന് (ഓഗസ്റ്റ് 19) അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനാൽ, ബിൽ ബുധനാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിങ് നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ മുൻ നടപടികൾക്ക് കരുത്ത് പകരും വിധത്തിലാണ് പുതിയ ബിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
ഓൺലൈൻ ഗെയിമിങ് ബിൽ
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമപരമായ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടം കനത്ത പിഴ പോലുള്ള ശിക്ഷാ നടപടികളിലൂടെ തടയാനും ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ ഓൺലൈൻ ഗെയിമിങ് ബിൽ അവതരിപ്പിക്കുന്നത്. ഇന്റർനെറ്റ് - പ്രത്യേകിച്ച് ഓൺലൈൻ ഗെയിമിങ് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും ആക്കുക എന്നതും ബില്ലിന്റെ ലക്ഷ്യമാണ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നവർക്കും പിടി വീഴും
ഓൺലൈൻ ബെറ്റിങ്, ചൂതാട്ടം പോലുള്ളവ തടയാൻ കർശന ശിക്ഷാ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഓൺലൈൻ ചൂതാട്ടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്കും ബില്ലിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്നാണ് വിവിധ ഓൺലൈൻ റിപ്പോർട്ടുകളിൽ പറയുന്നത്.
മുൻ നടപടികളുടെ തുടർച്ച
ഓൺലൈൻ ചൂതാട്ടങ്ങൾക്കെതിരേയുള്ള മുൻ നടപടികളുടെ തുടർച്ചയായാണ് പുതിയ ബിൽ അവതരിപ്പിക്കാനും അത് നിയമമാക്കാനും സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2022 നും 2025 ഫെബ്രുവരിക്കും ഇടയിൽ, സർക്കാർ 1,400-ലധികം വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളും തടഞ്ഞിരുന്നു. കഴിഞ്ഞ വർഷം, ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിലുള്ള പുതിയ ക്രിമിനൽ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തിരുന്നു.
ക്രിമിനൽ നടപടിച്ചട്ടം പ്രകാരം ഇപ്പോൾ അനധികൃത വാതുവെപ്പ് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാൽ സംസ്ഥാനങ്ങൾ കൂടി കർശന നടപടിക്ക് മുതിർന്നാലേ ഓൺലൈൻ ചൂതാട്ടത്തിന് തടയിടാനാകൂ. കാരണം "വാതുവെപ്പും ചൂതാട്ടവും" ഭരണഘടനയുടെ സംസ്ഥാന പട്ടികയ്ക്ക് കീഴിൽ വരുന്നു. അതിനാൽ നിയമവിരുദ്ധമായ വാതുവെപ്പിനും ചൂതാട്ടത്തിനുമെതിരെ നടപടിയെടുക്കാനുള്ള പ്രധാന അധികാരം സംസ്ഥാനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
ഓൺലൈൻ ഗെയിമിങ്ങിന് ജിഎസ്ടി
ഓൺലൈൻ ഗെയിമിങ്ങിന് തടയിടാനുള്ള നടപടികളുടെ ഭാഗമായി 2023 ഒക്ടോബർ മുതൽ, ഓൺലൈൻ ഗെയിമിങ്ങിന് സർക്കാർ 28% ജിഎസ്ടി ബാധകമാക്കിയിട്ടുണ്ട്. കൂടാതെ 2024-25 സാമ്പത്തിക വർഷം മുതൽ ഗെയിമുകളിൽ നിന്നുള്ള വിജയങ്ങൾക്ക് 30% നികുതിയും ചുമത്തുന്നു. ഓഫ്‌ഷോർ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ പോലും നികുതി പരിധിയിൽ വരുന്നുണ്ട്. രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകൾ തടയാൻ ഏജൻസികൾക്ക് അധികാരവും നൽകിയിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടം കനത്തു
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ ഗെയിമിങ് തട്ടിപ്പ് കേസുകളുടെ എണ്ണം വർദ്ധിച്ചച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഓൺലൈൻ ഗെയിമിങ്, ചൂതാട്ടം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസികൾ പിടിമുറുക്കിയിരുന്നു. നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഗെയിമിങ്ങിന് കേന്ദ്രം 40% ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്താൻ സാധ്യതയുണ്ട് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
അതിവേഗം വളരുന്ന ഓൺലൈൻ ഗെയിമിങ് മേഖലയെ നിരീക്ഷിക്കാനും അനിയന്ത്രിതമായ വാതുവെപ്പ് ആപ്പുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും വരാൻ പോകുന്ന ഓൺലൈൻ ഗെയിമിങ് ബിൽ എന്ന് കരുതപ്പെടുന്നു. നിലവിൽ ഗെയിമിങ് ആസക്തി പരിഹരിക്കുന്നതിനായി, വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്കും അധ്യാപകർക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്, ഗെയിമിംഗ് പരസ്യങ്ങളിൽ സാമ്പത്തിക അപകടസാധ്യതകളെയും സാധ്യതയുള്ള ആസക്തിയെയും കുറിച്ചും വ്യക്തമാക്കിയിരിക്കണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടിവി ചാനലുകളോടും നിർദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications








