അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി

|
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം

കാറ്റത്ത് ഓലമടൽ തൂങ്ങിയാടുന്നത് പോലെ, രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ നമ്മുക്ക് ഇങ്ങനെ വിലയിരുത്താൻ കഴിയും. കുറച്ച് കാലത്തെ കമ്പനിയുടെ രീതി കാണുമ്പോൾ നമ്മുക്ക് തോന്നും എല്ലാം ശരിയാകും 4ജി കിട്ടും എന്നൊക്കെ. എന്നാൽ മാസമൊന്ന് കഴിഞ്ഞാൽ തെക്കോട്ട് വീശിയ കാറ്റ് വടക്കോട്ട് മാറി വീശാൻ തുടങ്ങും. ആപ്പോ ബിഎസ്എൻഎല്ലും ഉദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ യഥാർഥ സ്വഭാവവും കാണിക്കും. 4ജി പോയിട്ട് മര്യാദക്ക് നെറ്റ്വർക്ക് പോലും കിട്ടാതാവും. യൂസേഴ്സിനെ ആകർഷിക്കാൻ ശേഷിയുള്ള നല്ല പ്ലാനുകൾ പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ തന്നെ നിർത്തലാക്കും. ജോലിയെടുക്കാൻ സർക്കാർ തലത്തിൽ നിന്ന് ആവശ്യമുയർന്നാൽ അപ്പോൾ സമരത്തിന് പോകും.

ഇങ്ങനെ നിരവധി കലാപരിപാടികൾ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതോടെ നന്നാവും നന്നാവും എന്നാശ്വസിച്ചവരും ആഗ്രഹിച്ചവരും പോലും സ്ഥാപനത്തിലുള്ള പ്രതീക്ഷ കളയുന്നതാണ് പതിവ്. ഇതിനാൽ തന്നെ കമ്പനിയുടെ 4ജി ലോഞ്ച്, 5ജി ലോഞ്ച് തുടങ്ങിയ പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ വിശ്വസിക്കാൻ യൂസേഴ്സിന് ചെറിയൊരു മടിയുണ്ടാവുന്നത് സ്വാഭാവികമാണ്. കവിക്കും ഈ പറഞ്ഞ പോലൊരു വിശ്വാസമില്ലായ്മ ബിഎസ്എൻഎല്ലിനോടുണ്ടായിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ ആ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ നൽകുന്നുണ്ട്.

ബിഎസ്എൻഎല്ലിനായി കേന്ദ്രം ഒഴുക്കുന്നത് കോടികൾ

ഓടയിലേക്ക് പാലൊഴിച്ച് കളയുന്ന പോലെ കോടികൾ തുലയ്ക്കുന്നു. രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനായി കോടികൾ വകയിരുത്തിയ കേന്ദ്ര നീക്കത്തിന് നേരെ കേട്ട വിമർശനങ്ങളിലൊന്നാണിത്. കൃത്യം 1.64 കോടിയുടെ പുനരുദ്ധാരണ പാക്കേജാണ് കമ്പനിയ്ക്കായി സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. അലസത വെടിയാനും സ്ഥാപനത്തിനായി പണിയെടുക്കാനും കമ്പനിയിലെ ജീവനക്കാർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. യോഗത്തിൽ ഇരുന്ന് ഉറങ്ങിയ ഉദ്യോഗസ്ഥനെ പുറത്താക്കിയത് പോലെയുള്ള നപടികളും ഉണ്ടായി.

ബിഎസ്എൻഎൽ 4ജി ഉടനെത്തും

Bsnl 4G ലോഞ്ച് നടത്താനും അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കാനും കേന്ദ്രം കൈയ്യയച്ച് സഹായിച്ചതോടെ സ്ഥാപനത്തിൽ യൂസേഴ്സിനും പ്രതീക്ഷ വന്നു. എന്നാൽ ഇടയ്ക്ക് വീണ്ടും നേരത്തെ പറഞ്ഞത് പോലെ കാറ്റൊന്ന് മാറി വീശിയിരുന്നു. 4ജി ലോഞ്ച് ഒരു പക്ഷെ ഈ വർഷം നടന്നേക്കില്ലെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അധികം വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി യാഥാർഥ്യമാകും.

ലൈവ് നെറ്റ്വർക്കുകളിൽ 4ജി സേവനങ്ങൾ നൽകുന്നതിനുള്ള പരീക്ഷണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് ബിഎസ്എൻഎൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടക്കുന്ന ബിഎസ്എൻഎൽ 4ജി ലോഞ്ചും ഏറെ വൈകാതെ തന്നെ നടക്കും. സി-ഡോട്ടും ടിസിഎസും സംയുക്തമായിട്ടാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കിനുള്ള ടെലിക്കോം സ്റ്റാക്ക് സെറ്റ്അപ്പ് വികസിപ്പിച്ചെടുത്തത്.

ഒരേ സമയം 10 മില്യൺ ഫോൺ കോളുകൾ എന്ന നിലയിൽ ഈ സ്റ്റാക്ക് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. 2022 നവംബർ - ഡിസംബർ മാസങ്ങളിലായി നടത്തിയ പരീക്ഷണം വിജയമായതോടെയാണ് ലൈവ് നെറ്റ്വർക്ക് ഉപയോഗിച്ചുള്ള പരീക്ഷണം നടക്കുന്നത്. ലൈവ് നെറ്റ്വർക്കിലെ പരീക്ഷണവും വിജയമാകുന്നതോടെ ഒട്ടും സമയം കളയാതെ 4ജി റോൾ ഔട്ട് പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ടവറുകൾ, 5ജി, ലാൻഡ്ലൈൻ സിസ്റ്റം എന്നിങ്ങനെയുള്ള അടിസ്ഥാന സൌകര്യങ്ങളും വർധിപ്പിക്കും. 52,937 കോടി രൂപ ചിലവഴിച്ചാണ് ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും ഈ പറഞ്ഞ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

ഇതിൽ 33,269 കോടി രൂപയും ബിഎസ്എൻഎല്ലിന് മാത്രമായി വകയിരുത്തിയതാണ്. പുതിയ ടവറുകൾ സ്ഥാപിക്കാനും നിലവിലുള്ള ടവറുകൾ 4ജിയിലേക്കും 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാനും ലാൻഡ് ലൈൻ സിസ്റ്റങ്ങൾ പുനരുദ്ധരിക്കാനും വേണ്ടിയാണ് കമ്പനി ഈ തുക ചിലവഴിക്കുക. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ബിഎസ്എൻഎല്ലിനായി പ്രഖ്യാപിച്ച 1.64 ലക്ഷം കോടിയുടെ റിലീഫ് പാക്കേജിന്റെ ഭാഗമാണ് ഈ തുകയും.

സർക്കാരിനും നിർണായകം

ബിഎസ്എഎൻഎല്ലിന്റെ 4ജി ലോഞ്ച് കേന്ദ്ര സർക്കാരിനും നിർണായകമാണ്. എല്ലാ ഗ്രാമങ്ങളിലും ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ നൽകാനുള്ള 4ജി സാച്ചുറേഷൻ പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബിഎസ്എൻഎല്ലിലൂടെ 4ജി മൊബൈൽ കണക്റ്റിവിറ്റിയും ഭാരത് നെറ്റ് പ്രോഗ്രാമിലൂടെ ( ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് ) ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും എത്തിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി.

Best Mobiles in India

English summary
Crores are being washed away like milk down the drain. This is one of the criticisms leveled at the central government's decision to allocate crores of rupees to BSNL, the country's public-sector telecom company. Last year, the government announced a restructuring package of Rs 1.64 crore for the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X