ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രാക്ഷസൻ..! ചൈനീസ് ഒളിഞ്ഞ് നോട്ടം ഭയന്ന് ഓസ്ട്രേലിയൻ സർക്കാർ

ആമസോൺ പ്രൈം വീഡിയോയിലെ ഒരു സീരീസിൽ കേട്ട ഒരു ഡയലോഗാണിത്, "We were the monsters kept whole world awake at night", "ലോകത്തിന്റെയാകെ ഉറക്കം കെടുത്തിയിരുന്ന രാക്ഷസന്മാരായിരുന്നു നമ്മൾ" എന്ന് പച്ച മലയാളം. 91ൽ തകർന്ന് പോയ സോവിയറ്റ് യൂണിയനെ സർവപ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്ന പ്രതിനായകന്റെ വാക്കുകൾ ആധുനിക ലോകത്ത് ഏറ്റവും അധികം ചേരുക നമ്മുടെ അയൽരാജ്യമായ ചൈനയ്ക്കാണ്. ജനാധിപത്യത്തോടോ മനുഷ്യാവകാശങ്ങളോടോ പ്രതിബദ്ധതയോ താത്പര്യമോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ ലോകത്തെ പല രാജ്യങ്ങളും ഭയക്കുന്നുണ്ട്.
അടുത്തിടെ ഒരു ചൈനീസ് ബലൂൺ ( ചാര ബലൂൺ എന്ന് ആരോപണം ) അമേരിക്ക വെടിവച്ചിട്ട സംഭവം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ഇതൊരു കാലാവസ്ഥ ബലൂൺ മാത്രമാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ചാരപ്പണിക്കും സൈബർ ആക്രമണങ്ങൾക്കും ( സ്ഥിരീകരിക്കാത്ത ) സ്ഥിരം പഴി കേൾക്കുന്ന രാജ്യമാണ് ചൈന എന്നത് മറക്കാനാകില്ലല്ലോ. വെടിവയ്പ്പും മിസൈലും ഒന്നുമില്ലെങ്കിലും ചൈനീസ് ചാര നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാർ നടപടിയും വാർത്താ പ്രാധാന്യം നേടുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
സർക്കാർ ഓഫീസുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ചൈനീസ് നിർമിതമായ സിസിടിവി ക്യാമറകൾ ( നിരീക്ഷണ ക്യാമറകൾ ) നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. ചൈനീസ് ക്യാമറകൾ വലിയ സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നു. ചൈനീസ് നിർമിത സുരക്ഷ ക്യാമറകളെ വിശ്വസിക്കാനാകില്ലെന്നും ഡാറ്റ ചോർച്ച സംഭവിക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്. സിംപിളായി പറഞ്ഞാൽ ഓസ്ട്രേലിയയിലേക്ക് കയറ്റി അയച്ച ക്യാമറകൾ ഉപയോഗിച്ച് china തങ്ങളെ നിരീക്ഷിക്കാമെന്നോ അല്ലെങ്കിൽ ഇപ്പോൾ നിരീക്ഷിക്കുന്നുണ്ടെന്നോ ആണ് ഓസ്ട്രേലിയ ഭയക്കുന്നത്.

ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ കൂട്ടമായി നിരോധിച്ചത് ഓർമയില്ലേ. ഐഒടി ഡിവൈസുകളുടെ ഇക്കാലത്ത് ക്യാമറകളും മറ്റുമടങ്ങിയ നിരവധി ഉപകരണങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. അവയിൽ ഭൂരിപക്ഷവും ചൈനീസ് ഉത്പന്നങ്ങളാണ്. കാണുന്നിടത്തെല്ലാം കൊണ്ട് വയ്ക്കുന്ന സിസിടിവി ക്യാമറകളിൽ നല്ലൊരു ശതമാനവും ചൈനീസ് ആണെന്ന് വേണം അനുമാനിക്കാൻ. എന്തായാലും ഓസ്ട്രേലിയൻ ഗവൺമെന്റ് നടപടി ഇന്ത്യക്കാർക്കും ഒരു മുന്നറിയിപ്പാണ്.
നിരീക്ഷണ ഉപകരണങ്ങളുടെ ഓഡിറ്റ്
സൈബർ സുരക്ഷാ വകുപ്പ് മന്ത്രി ജെയിംസ് പാറ്റേഴ്സന്റെ നേതൃത്വത്തിൽ നിരീക്ഷണ ഉപകരണങ്ങളെക്കുറിച്ചും അവയുടെ വിന്യാസത്തെക്കുറിച്ചും ഓസ്ട്രേലിയൻ സർക്കാർ ഒരു ഓഡിറ്റ് നടത്തിയിരുന്നു. ചൈനീസ് കമ്പനികളായ ദാഹുവ, ഹിക്ക് വിഷൻ എന്നിവ നിർമിച്ച 900-ൽ അധികം ക്യാമറകൾ വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഓഡിറ്റ് റിപ്പോർട്ടും നടപടികളും ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടത്തിയതെന്നാണ് മാർലെസ് പറയുന്നത്. നിലവിൽ കണ്ടെത്തിയ ക്യാമറകൾ എല്ലാം നീക്കം ചെയ്യും, പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് സർക്കാർ പരിഹരിക്കുമെന്നും മാർലെസ് മാധ്യമങ്ങളോട് പറഞ്ഞു. ചാരവൃത്തി സ്പൈവെയർ ആരോപണങ്ങൾ ഉയർത്തി നേരത്തെ അമേരിക്കയും ബ്രിട്ടണും സർക്കാർ ഓഫീസുകളിൽ നിന്നും അനുബന്ധ കെട്ടിടങ്ങളിൽ നിന്നും ചൈനീസ് ക്യാമറകൾ നീക്കം ചെയ്തിരുന്നു.

ക്യാമറകൾ നീക്കം ചെയ്യുന്നത് കൊണ്ട് ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറയുന്നത്. ഓസ്ട്രേലിയയുടെ ദേശീയ താത്പര്യത്തിന് അനുസരിച്ചാണ് നടപടിയെന്നും കാൻബറയിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ ആന്റണി ആൽബനീസ് പറഞ്ഞു.
ചില ഓഫീസുകളും അവയിൽ കണ്ടെത്തിയ ചൈനീസ് ക്യാമറകളുടെ എണ്ണവും റിപ്പോർട്ടുകളിൽ പുറത്ത് വന്നിട്ടുണ്ട്. അറ്റോർണി ജനറൽ വകുപ്പിന്റെ 29 ഓഫീസുകളിൽ നിന്നായി 195 ചൈനീസ് നിർമിത നിരീക്ഷണ ഉപകരണങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനം, എനർജി വകുപ്പിൽ 154 ക്യാമറകളും സോഷ്യൽ സർവീസസ് ഓഫീസുകളിൽ നിന്നും 134 ക്യാമറകളും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ക്യാമറകൾ പാർലമെന്റ് കെട്ടിടത്തിലും ഉണ്ടാകാമെന്ന് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ച സൈബർ സുരക്ഷാ വകുപ്പ് മന്ത്രി ജെയിംസ് പാറ്റേഴ്സൻ അഭിഭ്രായപ്പെടുന്നു.

സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന ക്യാമറകളുടെ വോകത്തെ തന്നെ ഏറ്റവും വലിയ ഉത്പാദകരാണ് ഹാങ്സൌ ഹൈക്ക്വിഷൻ ഡിജിറ്റൽ ടെക്നോളജി, ദാഹുവ ടെക്നോളജി എന്നിവ. ഇവയടക്കമുള്ളള ചൈനീസ് ക്യാമറകളുടെ ഉപയോഗത്തിന് അമേരിക്കയും ബ്രിട്ടണും നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളും സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


Click it and Unblock the Notifications








