എത്തി... എത്തി... കേരളത്തിൽ രണ്ടിടത്തുകൂടി VI 5G എത്തി; കൊച്ചിയും തിരുവനന്തപുരവും പുതിയ 5G നഗരങ്ങൾ
കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) പുതിയതായി കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തങ്ങളുടെ 5ജി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നു. വിഐയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഇപ്പോൾ കേരളത്തിലെ നാല് നഗരങ്ങളിൽ അവരുടെ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 19 ചൊവ്വാഴ്ച കേരളത്തിലെ കൊച്ചിയിലും 2025 ഓഗസ്റ്റ് 20 ബുധനാഴ്ച മുതൽ തിരുവനന്തപുരത്തും 5G സേവനങ്ങൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വിഐ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. പുതിയതായി രണ്ടിടങ്ങളിൽക്കൂടി 5ജി എത്തിയതോടെ കേരളത്തിൽ 5ജി ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 4 ആയിട്ടുണ്ട്.
കേരളത്തിൽ വിഐ 5ജി ലഭിക്കുന്ന സ്ഥലങ്ങൾ
കേരളത്തിൽ ഇപ്പോൾ 5ജി സേവനങ്ങൾ ആരംഭിച്ച കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമേ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും വിഐ 5ജി സേവനം ലഭ്യമാണ്. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വിഐ വരിക്കാർക്ക് നിശ്ചിത തുകയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പം ഇനി അതിവേഗ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാനാകും.

ഇതുവരെ വിഐ 5ജി ലഭ്യമായ പ്രദേശങ്ങൾ
വിഐ വളരെ വൈകിയാണ് 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങിയത്. കേരളത്തിലെ നാല് നഗരങ്ങൾക്ക് പുറമേ ഇതിനകം മുംബൈ, ഡൽഹി-എൻസിആർ, ബാംഗ്ലൂർ, മൈസൂരു, നാഗ്പൂർ, ചണ്ഡീഗഡ്, പട്‌ന, ജയ്പൂർ, സോണിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര, ഛത്രപതി സംഭാജിനഗർ, നാസിക്, മീററ്റ്, വിശാഖപട്ടണം, മധുര, ആഗ്ര എന്നിവിടങ്ങളിലും വിഐ 5ജി എത്തിയിട്ടുണ്ട്.
17 മുൻഗണനാ സർക്കിളുകളിലും ഘട്ടം ഘട്ടമായി 5ജി അവതരിപ്പിക്കാനാണ് വിഐ പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന 5ജി വ്യാപന ഘട്ടത്തിൽ 23 നഗരങ്ങളിൽ 5ജി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിൽ കേരളത്തിൽ നിന്ന് ആകെ നാല് നഗരങ്ങൾ ആണ് ഇടം പിടിച്ചത്. അവിടങ്ങളിൽ 5ജി എത്തുകയും ചെയ്തിരിക്കുന്നു. ഇനി ഈ 23ൽ ബാക്കിയുള്ള നഗരങ്ങളിലും 5ജി എത്തിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കും.

അടുത്ത ഘട്ടത്തിന്റെ ഭാഗമായാണ് ഇനി കേരളത്തിലെ മറ്റ് നഗരങ്ങളിലേക്ക് 5ജി വ്യാപനം ആരംഭിക്കുക. അതിൽ ഏതൊക്കെ നഗരങ്ങൾ ഉൾപ്പെടുമെന്ന് ഇപ്പോൾ വ്യക്തമല്ല. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ഹൈ-ഡെഫനിഷൻ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോൺഫറൻസിംഗ്, വേഗത്തിലുള്ള ഡൗൺലോഡുകൾ, തത്സമയ ക്ലൗഡ് ആക്‌സസ് എന്നിവ ആസ്വദിക്കാൻ കഴിയും.
5ജി മാത്രമല്ല, കേരളത്തിലെ 4ജിയും വിഐ ശക്തമാക്കുന്നു
5G വിക്ഷേപണത്തോടൊപ്പം തന്നെ, കേരളത്തിലെ 4G നെറ്റ്‌വർക്കും വിഐ ശക്തിപ്പെടുത്തിവരുന്നു. 2024 മാർച്ച് മുതൽ, ഇൻഡോർ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1,400-ലധികം സൈറ്റുകളിൽ 900 MHz സ്പെക്ട്രം വിന്യസിച്ചു, 4,300 സൈറ്റുകളിൽ 2100 MHz സ്പെക്ട്രം വിന്യസിച്ചു, ലെയർ കൂട്ടിച്ചേർക്കലിലൂടെ ശേഷി വർദ്ധിപ്പിച്ചു, സ്പെക്ട്രം ബാൻഡ്‌വിഡ്ത്ത് വികസിപ്പിച്ചു, റീച്ച്, ഡാറ്റ ട്രാഫിക് കൈകാര്യം ചെയ്യൽ ശേഷി വർദ്ധിപ്പിച്ചു.
2024 ഏപ്രിൽ മുതൽ 2025 ജൂൺ വരെ 15 മാസത്തിനുള്ളിൽ നടപ്പിലാക്കിയ ഈ അപ്‌ഗ്രേഡുകളിലൂടെ കേരളത്തിൽ വിഐയുടെ നെറ്റ്വർക്ക് ശേഷി 22 ശതമാനം വർധിച്ചതായി ഓഗസ്റ്റ് 18 ന് വിഐ അറിയിച്ചിരുന്നു. 2025 സെപ്റ്റംബറോടെ 17 മുൻഗണനാ സർക്കിളുകളിലെയും കൂടുതൽ പ്രധാന നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് വിഐ അറിയിച്ചിട്ടുണ്ട്.

ജിയോ, എയർടെൽ എന്നിവയ്ക്ക് ഒപ്പം തന്നെ വിഐക്കും 5ജ് സ്പെക്ട്രം സ്വന്തമാക്കാനായി എങ്കിലും ഏറെ വൈകിയാണ് വിഐ 5ജി വ്യാപനം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ അതിവേഗം 5ജി വ്യാപനം മുന്നോട്ട് കൊണ്ടുപോകാൻ വിഐക്ക് കഴിയുന്നുണ്ട് എന്നത് വരിക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. 5ജിയുടെ അഭാവം മൂലം വരിക്കാർ വിഐ കണക്ഷൻ ഉപേക്ഷിക്കുന്നത് തടയാൻ ഈ പ്രതീക്ഷ സഹായിച്ചേക്കും.


Click it and Unblock the Notifications








