വിഐയുടെ തിരിച്ചുവരവും 5ജി അവതരണവും മൺസൂണിന്റെ അകമ്പടിയോടെയെന്ന് റിപ്പോർട്ട് | VI 5G
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) ജൂണിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ബാങ്കുകളുമായുള്ള സഹകരണത്തിലൂടെ ആവശ്യമായ ഫണ്ടിങ് കണ്ടെത്താനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയിൽ 5ജി അവതരിപ്പിക്കാത്ത ഏക സ്വകാര്യ ടെലിക്കോം കമ്പനിയാണ് വിഐ (VI).
ടെലിക്കോം വകുപ്പിലെ ( Telecom) ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്ന ധനസമാഹരണ ചർച്ചകൾ 2023 ജൂണിൽ തന്നെ പൂർത്തിയാകുമെന്നും ജൂൺ മാസം തന്നെ കമ്പനി 5ജി സർവീസ് (5G) ലോഞ്ച് ചെയ്യുമെന്നുമാണ് റിപ്പോർട്ടുകളുടെ രത്നച്ചുരുക്കം. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന സ്ഥാപനത്തിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയെങ്കിലും വളർത്താൻ 5ജി ലോഞ്ച് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുകളുടെ പ്രാധാന്യം വർധിക്കുന്നതും.

നിലവിൽ നടത്തുന്ന ചർച്ചകൾ ശരിയായ വഴിക്കാണെന്നാണ് ടെലിക്കോം മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാം ക്വാർട്ടറിലേക്കുള്ള ലൈസൻസ് ഫീസ് കുടിശിക തീർക്കാൻ വോഡഫോൺ ഐഡിയയ്ക്ക് (Vodafone Idea) കഴിഞ്ഞതും നാലാം പാദത്തിലെ ഫീസിന്റെ പാർഷ്യൽ പേയ്മെന്റ് നടത്താൻ കഴിഞ്ഞതും പുരോഗതിയെന്ന നിലയിലാണ് ടെലിക്കോം വകുപ്പ് നിരീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വിഐയുടെ ഫണ്ട് സ്വരൂപീകരണ ശ്രമങ്ങൾ വലിയ വിജയം നേടിയിരുന്നില്ലെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.
സർക്കാർ പിന്തുണ : വിഐ ഇന്ത്യൻ വിപണിയിൽ നില നിൽക്കണമെന്ന് കേന്ദ്ര സർക്കാരും വലിയ രീതിയിൽ ആഗ്രഹിക്കുന്നുണ്ട്. വിഐ പൂട്ടിപ്പോയാൽ ഇന്ത്യൻ ടെലിക്കോം വിപണിയുടെ മൊത്തത്തിലുള്ള നിയന്ത്രണം രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളുടെ കൈയ്യിലേക്ക് ഒതുങ്ങും. റിലയൻസ് ജിയോയുടെയും എയർടെലിന്റെയും കാര്യമാണ് പറഞ്ഞ് വരുന്നത്. മറ്റൊരു ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ... ഓ അല്ലെങ്കിൽ വെറുതെ സമയം കളയുന്നില്ല... നമുക്ക് വിഐയുടെ കാര്യം തന്നെ നോക്കാം.
നേരത്തെ പറഞ്ഞ രണ്ട് കമ്പനികൾ മാത്രമായി മാറിയാൽ ടെലിക്കോം വിപണിയിൽ (Telecom Market) ആരോഗ്യകരമല്ലാത്ത പ്രവണതകൾ ഒരുപാടുണ്ടായേക്കും. വിപണിയിലെ മത്സരം കുറയാനും കമ്പനികൾ യോജിച്ച് നിരക്ക് വർധനവ് നടപ്പിലാക്കാനുമൊക്കെ സാധ്യതയുണ്ട്. അങ്ങനെയൊരു സ്ഥിതിയിലേക്ക് രാജ്യത്തെ ടെലിക്കോം വ്യവസായത്തെ തള്ളിവിടാൻ കേന്ദ്ര സർക്കാരിന് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് വിഐയുടെ പുനരുജ്ജീവനത്തിന് സർക്കാരും വലിയ പിന്തുണ നൽകുന്നത്.
2023 -ന്റെ തുടക്കത്തിൽ തന്നെ വിഐയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ), സ്പെക്ട്രം യൂസേജ് ചാർജ് (എസ്‌യുസി) എന്നിവയുമായി ബന്ധപ്പെട്ട പലിശ കുടിശികയിനത്തിൽ 16,133 കോടി രൂപ ഓഹരിയായി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പുനരുജ്ജീവന പ്രക്രിയ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഈ തീരുമാനമെടുത്തത്. കുടിശിക ഓഹരിയായി മാറ്റുന്നതിൽ സർക്കാർ കാലതാമസം വരുത്തിയത് 5ജി അവതരണ നീക്കങ്ങളെ ബാധിച്ചെന്ന് നേരത്തെ കമ്പനി വിമർശിക്കുകയും ചെയ്തിരുന്നു.
5ജി ഉപകരണങ്ങൾക്കായി നോക്കിയയുമായി വിഐ ചർച്ച തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഓഹരി കൺവേർഷനിലൂടെ സർക്കാർ നൽകുന്ന പിന്തുണയും വിഐ ബോർഡിലേക്ക് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള തിരിച്ചെത്തിയതും എല്ലാം ശുഭപ്രതീക്ഷകളാണ് നിലവിൽ നൽകുന്നത്. പ്രത്യേകിച്ചും കേരളം പോലെ ടെലിക്കോം യൂസർ ബേസിൽ വിഐ ഒന്നാമതുള്ള സംസ്ഥാനങ്ങളിൽ. വിഐ 5ജി ലോഞ്ച് ചെയ്യുന്നതിനായി ശ്രമിക്കുമ്പോൾ ജിയോയും എയർടെലും 2024 -ന്റെ തുടക്കത്തിൽ 5ജി നെറ്റ്വർക്ക് വിന്യാസം പൂർത്തിയാക്കാനൊരുങ്ങുകയാണ്.


Click it and Unblock the Notifications








