തലസ്ഥാനത്ത് ഇനി വിഐക്ക് തീപാറും വേഗം! നാളെ മുതൽ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് വൊഡാഫോൺ ഐഡിയ
വൊഡാഫോൺ ഉപയോക്താക്കൾ കേൾക്കാൻ ഏറെ കൊതിച്ച ആ പ്രഖ്യാപനം ഇപ്പോൾ രാജ്യതലസ്ഥാനത്തെ വിഐ ഉപയോക്താക്കൾ കേട്ടിരിക്കുന്നു ''നാളെ മുതൽ 5ജി സേവനങ്ങൾ ആരംഭിക്കും''. ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾക്ക് ഒപ്പം തന്നെ വിഐയും 5ജി സ്പെക്ട്രം സ്വന്തമാക്കി എങ്കിലും സാമ്പത്തിക പ്രതിസന്ധികൾ കാരണം രാജ്യവ്യാപകമായി 5ജി അവതരിപ്പിക്കുന്നത് വൈകി. എങ്കിലും കഴിഞ്ഞ ഏതാനും മാസം മുൻപ് മുതൽ വിഐ 5ജി വ്യാപന നടപടികൾ ആരംഭിച്ചു. ആദ്യം മുംബൈയിലും പിന്നീട് കഴിഞ്ഞ മാസം ചണ്ഡീഗഡ്, പട്ന എന്നിവിടങ്ങളിലേക്കും വിഐ 5ജി വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിലേക്കും വിഐ 5ജി എത്തുന്നത്.
2025 മെയ് 15 മുതൽ ഡൽഹിയിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് വോഡഫോൺ ഐഡിയ (Vi) ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. 5G സ്പെക്ട്രം സ്വന്തമാക്കിയ 17 മുൻഗണനാ സർക്കിളുകളിലും ഈ വർഷം ഓഗസ്റ്റോടെ 5G സേവനങ്ങൾ അവതരിപ്പിക്കുമെന്നും വിഐ അറിയിച്ചിട്ടുണ്ട്. ഇത് കേരളം അടക്കമുള്ള സർക്കിളുകളിലെ വിഐ വരിക്കാർക്ക് വൻ പ്രതീക്ഷ നൽകുന്നുണ്ട്.

രാജ്യവ്യാപകമായി ഘട്ടം ഘട്ടമായി 5G വിന്യസിക്കാനാണ് വിഐ പ്ലാനിട്ടിരിക്കുന്നത്. ഈ 5ജി വ്യാപനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായി ഡൽഹിയിലെ 5ജി വ്യാപനത്തെ അടയാളപ്പെടുത്തുന്നു. ഈ ലോഞ്ചോടെ നാളെ മുതൽ വിഐ 5ജി ലഭ്യമാകുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് ഡൽഹിയും ഇടംപിടിക്കുന്നു. തലസ്ഥാനത്തിന് പിന്നാലെ ബംഗളുരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലും വിഐ 5ജി അവതരിപ്പിക്കും.
മറ്റ് പ്രധാന ടെലിക്കോം സർക്കിളുകളിലും ഇതിനകം തന്നെ 5ജി വിന്യാസത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വിഐ പറയുന്നു. ഡൽഹി NCR -ൽ, ഭാരം കുറഞ്ഞ ഹാർഡ്‌വെയറും മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമതയും ഉൾക്കൊള്ളുന്ന 5G ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനായി എറിക്സണുമായി വിഐ പാർട്നർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്.
4G, 5G നെറ്റ്‌വർക്കുകൾക്കിടയിൽ സുഗമമായ മാറ്റം അനുവദിക്കുന്ന 5G നോൺ-സ്റ്റാൻഡലോൺ (NSA) ആർക്കിടെക്ചർ ആണ് ഡൽഹിയിൽ വിഐ വിന്യസിക്കുന്നത്. ഇതിന്റെ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനുമായി AI പിന്തുണയുള്ള സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്ക് (SON) ടെക്നോളജി നടപ്പിലാക്കിയിട്ടുണ്ടെന്നും വിഐ അറിയിച്ചു.
17 സർക്കിളുകളിലായി 5G നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന് മൂന്ന് വർഷത്തെ കാലയളവിലേക്കായി 55,000 കോടി രൂപയുടെ മൂലധന ചെലവാണ് വിഐക്ക് ഉള്ളത്. ഡൽഹി, കേരളം, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ടെലികോം സർക്കിളുകളിൽ 4G, 5G സേവനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ചുമതല എറിക്‌സണിന് ആണ് വിഐ നൽകിയിരിക്കുന്നത്. വിഐയുടെ പ്രധാന ടെലിക്കോം വിപണികളിൽ ഒന്നാണ് കേരളം.
വിഐയുമായുള്ള കരാറിന്റെ ഭാഗമായി, ഡൽഹിയിലെ വിഐ നെറ്റ്‌വർക്കിന്റെ ആധുനികവൽക്കരണം വിജയകരമായി പൂർത്തിയാക്കിയതായി എറിക്‌സൺ അറിയിച്ചു. പഴയ 2 ജി, 4 ജി ഉപകരണങ്ങൾക്ക് പകരം ഊർജ്ജക്ഷമതയുള്ളതും ഭാരം കുറഞ്ഞതുമായ എറിക്‌സൺ റേഡിയോ സിസ്റ്റം ഡിവൈസുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് എറിക്‌സൺ കമ്പനി അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലെ വിഐ 5G സേവനങ്ങൾ ആരംഭിക്കുന്നതിനായി Massive MIMO റേഡിയോകൾ വിന്യസിച്ചിട്ടുണ്ടെന്ന് എറിക്‌സൺ പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ പറയുന്നുണ്ട്. "ഡൽഹി NCR-ലെ 5G ലോഞ്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ Vi-യ്‌ക്കായി എറിക്‌സൺ നടപ്പിലാക്കുന്ന 5G വിന്യാസത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്," എന്ന് ഈ പ്രസ്താവനയിൽ പറയുന്നു.
കൂടാതെ, മിഡ്-ബാൻഡ് Massive MIMO ആന്റിന-ഇന്റഗ്രേറ്റഡ് റേഡിയോകളായ AIR 3268, AIR 3255 എന്നിവ പോലുള്ള റേഡിയോ സിസ്റ്റം ഉൽപ്പന്നങ്ങളും വിഐ ഇവിടെ വിന്യസിച്ചുവെന്ന് എറിക്സന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. 5G ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിലൂടെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി അനുഭവങ്ങൾ ലഭ്യമാക്കുന്നതിലൂടെയും, ഡിജിറ്റൽ ഇന്ത്യയെ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണെന്ന് വിഐ പറഞ്ഞു.
നേരത്തെ 5ജി പുറത്തിറക്കിയ മുംബൈയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി വിഐ പ്രത്യേകം 5ജി പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 299 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ 5G- ഫോണുള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ വിഐ 5ജി ലഭ്യമായ മറ്റ് നഗരങ്ങളിലെ 5ജി ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകും.

5ജി ലഭ്യമാകുമോ എന്ന ആശങ്കയുള്ള വിഐ വരിക്കാർക്ക് പ്രതീക്ഷ പകരാൻ വിഐയുടെ ഈ പുതിയ നീക്കങ്ങൾക്ക് കഴിയും. 5ജി ലഭ്യമാകില്ല എന്ന ധാരണയിൽ നിരവധി പേർ വിഐ ഉപേക്ഷിച്ച് ജിയോ, എയർടെൽ എന്നീ കമ്പനികളിലേക്ക് പോകുന്നുണ്ട്. ഈ ഒഴുക്കിന് തടയിടാനും 5ജി വ്യാപനം വിഐയെ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായിയുടെ പ്രതിമാസ റിപ്പോർട്ടിലും പുതിയ വരിക്കാരെ കാര്യമായി നേടാനാകാത്തതും വൻ തോതിൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് നേരിടുന്നതുമായ ഏക ടെലിക്കോം കമ്പനി വിഐ ആണ്. രാജ്യവ്യാപകമായി ഇനിയും 4ജി പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ബിഎസ്എൻഎൽ വരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനത്തിന്റെയും മികച്ച പ്ലാനുകളുടെയും ബലത്തിൽ മാർച്ചിൽ പുതിയ വരിക്കാരെ സ്വന്തമാക്കിയിരുന്നു.
ട്രായി റിപ്പോർട്ടിൽ പറയുന്നത് പ്രകാരം 2025 മാർച്ചിൽ റിലയൻസ് ജിയോ 2,174,747 (2.17 ദശലക്ഷം) പുതിയ വരിക്കാരെയും എയർടെൽ 1,250,758 (1.25 ദശലക്ഷം) വരിക്കാരെയും ബിഎസ്എൻഎൽ 49,177 വയർലെസ് വരിക്കാരെയും പുതിയതായി കൂട്ടിച്ചേർത്തു. മറുവശത്ത് വൊഡാഫോൺ ഐഡിയയ്ക്ക് മാർച്ചിൽ 5,41,377 വയർലെസ് വരിക്കാരെ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

മാർച്ചിൽ മാത്രമല്ല, അതിന് മുൻപുള്ള മാസങ്ങളിലും വിഐക്ക് വരിക്കാരെ നഷ്ടമാകുന്നത് ഒഴിവാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ 5ജി വ്യാപനം ശക്തമാകുന്നതോടുകൂടി വരിക്കാർ മറ്റ് കമ്പനികളിലേക്ക് പോകുന്നത് തടയാൻ കഴിയും എന്നാണ് വിഐ പ്രതീക്ഷിക്കുന്നത്. ജിയോയും എയർടെൽ നിലവിൽ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. ഇതും വിഐയുടെ വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് ഒരു കാരണമായി കരുതപ്പെടുന്നു.
ഡൽഹിയിൽ 5ജി സേവനങ്ങൾ ആരംഭിച്ചത് നെക്സ്റ്റ് ജനറേഷൻ കണക്റ്റിവിറ്റി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനുള്ള വിഐയുടെ യാത്രയിലെ ഒരു നിർണായക ചുവടുവയ്പ്പാണെന്നും എറിക്‌സണുമായി സഹകരിച്ച്, തങ്ങളുടെ നെറ്റ്‌വർക്ക് നവീകരിക്കുകയും ഡിജിറ്റൽ ബന്ധിത ലോകത്ത് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വേഗത, വിശ്വാസ്യത, ശേഷി എന്നിവ ഉപയോഗിച്ച് ഉപയോക്താക്കളെ സജ്ജമാക്കുകയും ചെയ്യുകയാണെന്നും വോഡഫോൺ ഐഡിയയുടെ ചീഫ് ടെക്‌നോളജി ഓഫീസർ ജഗ്ബീർ സിംഗ് പറഞ്ഞു.
അതേസമയം വിഐയുടെ 5ജി വ്യാപനം കൂടുതൽ ശക്തമാകുന്നത് ബിഎസ്എൻഎല്ലിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയേക്കും. കാരണം വരിക്കാരുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിനെക്കാൾ മുന്നിൽ വിഐ ആണ്. എങ്കിലും ഈ വരിക്കാരെ മാസാമാസം വിഐക്ക് നഷ്ടമായിക്കൊണ്ടിരുന്നത് 5ജിയുടെ അഭാവം കൊണ്ടായിരുന്നു. 5ജി എത്തുമ്പോൾ ജിയോ, എയർടെൽ എന്നിവയോട് താൽപര്യമില്ലാത്ത ആളുകൾ വിഐയിലേക്ക് പോകാൻ സാധ്യതയുണ്ട്. ജൂലൈയോടുകൂടി 5ജി വ്യാപനം ആരംഭിക്കാൻ സാധിക്കുമെന്നാണ് നിലവിൽ ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








