ജോലിയില്ലാത്തവർക്ക് ജോലി, ജോലിയുണ്ടായിട്ടും 'ജോലി'യില്ലാത്തവർക്ക് 50ജിബി ഡാറ്റ; വിഐ റിപ്പബ്ലിക്ഡേ ഓഫർ!
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (വിഐ) ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രീ പെയ്ഡ് വരിക്കാർക്കായി മികച്ച ആനുകൂല്യങ്ങളടങ്ങിയ റിപ്പബ്ലിക് ഡേ ഓഫറുകൾ പ്രഖ്യാപിച്ചു. 50GB വരെ ഡാറ്റയും ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും അടങ്ങുന്നതാണ് വിഐയുടെ റിപ്പബ്ലിക് ഡേ ഓഫർ.
വിഐയുടെ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്കാണ് റിപ്പബ്ലിക് ഡേ ഓഫറുകൾ ലഭ്യമാകുക. എല്ലാ റീച്ചാർജ് പ്ലാനുകളിലും ഈ സ്പെഷ്യൽ ഡിസ്കൗണ്ട് ലഭ്യമാകില്ല. ചില പ്ലാനുകൾ വിഐ തെരഞ്ഞെടുത്തിട്ടുണ്ട്. ആ പ്ലാനുകൾ റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുക.

അധിക പണം മുടക്കാതെ 50 ജിബി ഡാറ്റവരെ സൗജന്യമായി നേടാം എന്നതാണ് വിഐയുടെ റിപ്പബ്ലിക് ഡേ ഓഫറിലെ പ്രധാന ആകർഷണം. വിഐ ആപ്പിൽ മാത്രം ലഭ്യമാകുന്ന പ്രത്യേക ആനുകൂല്യങ്ങൾ ആദ്യം പരിചയപ്പെടാം: 3099 രൂപയുടെ വാർഷിക പ്ലാനിനൊപ്പം 50ജിബി അധിക ഡാറ്റ, 75 രൂപ ഡിസ്കൗണ്ട്.
1399 രൂപയുടെ അർധ വാർഷിക (180ദിവസ വാലിഡിറ്റി) പ്രീപെയ്ഡ് പ്ലാനിനൊപ്പം 50ജിബി സൗജന്യ ഡാറ്റ, 50 രൂപ ഡിസ്കൗണ്ട്. 179 രൂപ, 195 രൂപ, 199 രൂപ, 239 രൂപ തുടങ്ങിയ പ്ലാനുകൾ 299 രൂപയുടെ ഹീറോ അൺലിമിറ്റഡ് പാക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ 50 രൂപ ഡിസ്കൗണ്ട്. ഇത്രയുമാണ് വിഐ ആപ്പിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയുള്ള റീച്ചാർജുകൾക്കും ചില ഓഫറുകൾ ലഭ്യമാണ്. അവ പരിചയപ്പെടാം: 3099 പ്ലാനിനൊപ്പം 50 ജിബി സൗജന്യ ഡാറ്റ, 2899 രൂപയുടെ പ്ലാനിനൊപ്പം 50 ജിബി സൗജന്യ ഡാറ്റ, 1449 രൂപയുടെ പ്ലാനിനൊപ്പം 30 ജിബി സൗജന്യ ഡാറ്റ എന്നിങ്ങനെയാണ് വിഐ വാഗ്ദാനം ചെയ്യുന്നത്.
വിഐയുടെ ഏത് റീച്ചാർജ് ചെയ്യാനാണെങ്കിലും ഔദ്യോഗിക ആപ്പ് ഉപയോഗിച്ച് ചെയ്താൽ കൂടുതൽ നേട്ടം ലഭ്യമാകുമെന്ന് ഈ ഓഫറുകളിലൂടെ വിഐ വ്യക്തമാക്കുന്നു. റീച്ചാർജ് പ്ലാനുകൾക്ക് പുറമേ വിഐ മറ്റ് ചില ഓഫറുകൾ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. തൊഴിലന്വേഷകർക്കായി ഒരു ജോബ് മേളയാണ് അത്.
ഇൻഫോ എഡ്ജിൻ്റെ മുൻനിര ബ്ലൂ-കോളർ റിക്രൂട്ട്‌മെൻ്റ് പ്ലാറ്റ്‌ഫോമായ ജോബ് ഹേയുമായി സഹകരിച്ച് 2024 ജനുവരി 26 മുതൽ ജനുവരി 31 വരെ വിഐ 'ജോബ് മേള' സംഘടിപ്പിക്കുന്നു. ടെലികോളർ, സെയിൽസ്, ബിസിനസ് ഡെവലപ്‌മെൻ്റ്, ബാക്ക് ഓഫീസ്, ഗ്രാഫിക് ഡിസൈനർ, ഡെലിവറി, സെക്യൂരിറ്റി ഗാർഡ് എന്നിങ്ങനെ 45-ലധികം വിഭാഗങ്ങളിലെ 5 ലക്ഷത്തിലധികം ഒഴിവുകളാണ് വിഐ പരിചയപ്പെടുത്തുക.

വി ആപ്പിൽ മാത്രമാണ് വിഐയുടെ ഈ ജോബ് മേളയുടെ വിവരങ്ങൾ ലഭ്യമാകുക. പത്താം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വിഐ ആപ്പ് വഴി ജോലിക്ക് അപേക്ഷിക്കാം. ഈ പുതിയ ഓഫറുകളും ജോബ് മേളയും അറിയാൻ സഹായിക്കുന്ന വിഐ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ആപ്പ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വിഐ. നിലവിൽ 5ജി വ്യാപനം കാര്യമായി നടത്താൻ സാധിച്ചിട്ടില്ല എങ്കിലും മാന്യമായ വേഗതയിൽ 4ജി സേവനങ്ങൾ വിഐ ഭംഗിയായി നൽകിവരുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തിരിച്ചടികൾ നേരിടുമ്പോഴും കേരളത്തിൽ വിഐക്ക് അൽപ്പം സ്വാധീനമൊക്കെയുണ്ട് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








