വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾക്കെതിരേയും ട്രായി അന്വേഷണം
റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിന്റെയും സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് എതിരേ വിഐ ട്രായിക്ക് നൽകിയ പരാതിയിൽ ഒടുവിൽ അന്വേഷണം വിഐക്കെതിരേയും എത്തുന്നു. വിഐയും ബിഎസ്എൻഎല്ലും നൽകുന്ന അൺലിമിറ്റഡ് പ്ലാനുകളും ട്രായി പരിശോധിച്ച് വരികയാണ് എന്ന് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്യുന്നു.
എയർടെല്ലും ജിയോയും 5ജി റോൾഔട്ട് പ്ലാനുകളുടെ ഭാഗമായി അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഫെയർ യൂസേജ് പോളിസിയുടെ ലംഘനമാണ് എന്നും അത് അവസാനിപ്പിക്കണം എന്നുമാണ് വിഐ ട്രായിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിശോധിച്ച ട്രായി വിഐയുടെ പരാതിയിൽ കഴമ്പുണ്ടെന്നും എഫ്യുപി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടെന്നും കണ്ടെത്തി.

തുടർന്ന് ഇരു കമ്പനികളോടും സൗജന്യമായി അൺലിമിറ്റഡ് 5ജി നൽകുന്നത് നിർത്താൻ നിർദ്ദേശം നൽകാൻ ട്രായി തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിഐയുടെ പ്ലാനിന് എതിരേയും അന്വേഷണം എത്തിയിരിക്കുന്നത്. ഒപ്പം ബിഎസ്എൻഎല്ലിന്റെ അൺലിമിറ്റഡ് ഡാറ്റ പ്ലാനിന് എതിരേയും അന്വേഷണം നടക്കുമെന്നാണ് റിപ്പോർട്ട്.
ബിഎസ്എൻഎല്ലും വോഡഫോൺ ഐഡിയയും അൺലിമിറ്റഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും രണ്ട് ടെലിക്കോം കമ്പനികളിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഒരു മുതിർന്ന ട്രായ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്തു. ഇതോടെ വിഐ നൽകിയ പരാതിയിൽ എല്ലാ കമ്പനികളുടെയും പ്ലാനുകൾ ഉൾപ്പെടുത്തിയ ട്രായി അൺലിമിറ്റഡ് 5 ജി ഡാറ്റാ താരിഫിന്റെ അന്വേഷണ പരിധി വിപുലീകരിച്ചിരിക്കുകയാണ്.

ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ഇതിനകം പരിശോധിച്ച് റിപ്പോർട്ട് തയാറായിക്കഴിഞ്ഞു. ഇതിനിടെയാണ് മറ്റ് രണ്ട് കമ്പനികളിലേക്കുകൂടി അന്വേഷണം എത്തിയത്. ബിഎസ്‌എൻഎല്ലും വോഡഫോൺ ഐഡിയയും ഈ 3ജി-4ജി അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ഏത് സന്ദർഭത്തിലും വിലനിലവാരത്തിലുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ട്രായ് വിശകലനം ചെയ്യുകയാണ്. കൂടാതെ അവർ FUP പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 398 രൂപയുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം എഫ്‌യുപി പരിധിയില്ലാതെ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ വിഐയും 2,999 രൂപയുടെ വാർഷിക പ്ലാനിൽ പ്രതിദിന ഡാറ്റ പരിധിയില്ലാതെ 850ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ രണ്ട് പ്ലാനുകളും മുൻനിർത്തിയാണ് അന്വേഷണം നടക്കുന്നത്. എന്നാൽ 398 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നു എങ്കിലും അടുത്തിടെ പ്ലാൻ പരിഷ്കരിക്കുകയും 30 ദിവസത്തേക്ക് ആകെ 120 ജിബി ഡാറ്റ എന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിനാൽത്തന്നെ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു എന്ന പരാതി ബിഎസ്എൻഎല്ലിനെതിരേ നിലനിൽക്കുമോ എന്ന് വ്യക്തമല്ല.

ഏതൊരു പ്ലാനിന്റെയും ഭാഗമായി അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നത് താരിഫ് നിയന്ത്രണങ്ങളുടെ ന്യായമായ ഉപയോഗ നയ തത്വത്തിന് വിരുദ്ധമാണ് എന്നാണ് ട്രായിയുടെ നയം. ഈ നയത്തിന് വിരുദ്ധമായതിനാൽ ജിയോയുടെയും എയർടെലിന്റെയും സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ നിർത്തേണ്ടിവരും. എന്നാൽ വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും പ്ലാനുകൾ കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ട്രായി നിർദേശം പുറപ്പെടുവിക്കുക.
മറ്റ് കമ്പനികളിൽനിന്ന് വരിക്കാരെ ആകർഷിക്കാനും ഉള്ള വരിക്കാരെ നിലനിർത്താനും ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ പലവിധ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിക്കാറുണ്ട്. എന്നാലിത് വിപണിയിലെ പൊതു നയങ്ങളുടെ അടിസ്ഥാനത്തിൽ വേണം എന്നാണ് നിയമം. എന്തായാലും മറ്റുള്ളവരുടെ സൗജന്യം നിർത്തലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട വിഐയ്ക്ക് ഉണ്ടായിരുന്ന നല്ല പ്ലാനുകളിലും കത്തിവയ്ക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
ഇപ്പോൾതന്നെ വരിക്കാരെ പിടിച്ചുനിർത്താൻ പാടുപെടുന്ന വിഐക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകി മാത്രമേ വരിക്കാരെ പിടിച്ചുനിർത്താൻ സാധിക്കൂ. എന്നാൽ ഇപ്പോഴത്തെ സ്വന്തം പരാതികൊണ്ട് അതിനുള്ള വാതിലും അടഞ്ഞിരിക്കുകയാണ്. 5ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അധികം വൈകാതെ ജിയോയും എയർടെലും 5ജി പ്ലാനുകൾ പുറത്തിറക്കാനാണ് സാധ്യത.


Click it and Unblock the Notifications








