ശ്ലെടാ...! വരുമാനം വർധിപ്പിക്കണം, റീച്ചാർജ് നിരക്ക് വീണ്ടും കൂട്ടേണ്ടതുണ്ടെന്ന് വിഐ
ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ നടപ്പിലായ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അങ്ങനെയിരിക്കേ ചങ്കിടിപ്പ് കൂട്ടുന്ന ഒരു വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു. ഇന്ത്യയിലെ ടെലിക്കോം റീച്ചാർജ് നിരക്കുകൾ ഇനിയും വർധിപ്പിക്കേണ്ടതുണ്ട് എന്ന വിഐയുടെ ആവശ്യമാണ് ആ ഞെട്ടിക്കുന്ന വാർത്ത. ഏപ്രിൽ 9 ബുധനാഴ്ച നടന്ന ഒരു ഇൻവെസ്റ്റേഴ്സ് പ്രസന്റേഷനിൽ ആണ് വോഡഫോൺ ഐഡിയ നിരക്ക് വർധന സംബന്ധിച്ച വാദങ്ങൾ വീണ്ടും ഉയർത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വിഐ നിരക്ക് വർധന ഇനിയും വേണമെന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമല്ല.
ആഗോളതലത്തിൽ ടെലിക്കോം സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ ഇനിയും നിരക്ക് വർധന ആവശ്യമാണ് എന്ന വാദം വിഐ മുന്നോട്ട് വയ്ക്കുന്നത്. ലോകത്തെ മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യയിലെ താരിഫുകൾ കുറവാണെന്ന് വിഐ പറയുന്നു. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കണക്കിലെടുത്ത്, വിലകൾ ഇനിയും ഉയരേണ്ടതുണ്ടെന്നും വിഐ പറയുന്നു.

മികച്ച രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) ഇനിയും വർധിക്കേണ്ടതുണ്ട് എന്നാണ് വിഐ പറയുന്നത്. ''ന്യായമായ വരുമാനം സൃഷ്ടിക്കുന്നതിനും ഭാവി നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും കൂടുതൽ വില വർദ്ധനവ് ആവശ്യമാണ്'' എന്നതാണ് വിഐയുടെ നിലപാട്. 2024 ജൂലൈയിൽ നിരക്ക് വർധന നടപ്പായതിന്റെ ബലത്തിൽ 2025 സാമ്പത്തിക വർഷത്തിൽ വോഡഫോൺ ഐഡിയ 11.7% വാർഷിക വളർച്ച കൈവരിച്ചു.
എന്നാൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് വിഐയെ ഭയപ്പെടുത്തുന്നുണ്ട്. ഒപ്പം ഇത് വരുമാനത്തെയും ബാധിക്കുന്നുണ്ട്. അതിനാൽ നിരക്കുകൾ അൽപ്പം കൂടി വർധിപ്പിക്കാനും ഫണ്ട് കണ്ടെത്തിൽ 5ജി ഉൾപ്പെടെ അവതരിപ്പിച്ച്, അതുവഴി കൂടുതൽ വരിക്കാരെ ആകർഷിക്കാനുമാണ് വിഐ ഉദ്ദേശിക്കുന്നത്. അടുത്ത മൂന്ന് വർഷത്തേക്ക് ₹50,000-55,000 കോടി രൂപയുടെ മൂലധന പദ്ധതി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഇനിപ്പറയുന്ന ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും:

17 മുൻഗണനാ സർക്കിളുകളിൽ 4G കവറേജ് വികസിപ്പിക്കുകയും, ഇതുവഴി എതിരാളികളുമായുള്ള മത്സരശേഷി വർധിപ്പിക്കുകയും ചെയ്യുക. മികച്ച കവറേജും എക്സ്പീരിയൻസും നൽകുന്നതിനായി 16 ടെലിക്കോം സർക്കിളുകളിൽ GHz-ന് താഴെയുള്ള 900 MHz ബാൻഡിൽ 4G സേവനങ്ങൾ വാഗ്ദാനം ചെയ്യുക. പ്രധാന നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
ഇവ കൂടാതെ, വർദ്ധിച്ചുവരുന്ന ഡാറ്റാ ആവശ്യകത പരിഹരിക്കുന്നതിനായി നെറ്റ്വർക്ക് ശേഷി വിപുലീകരിക്കാനും വൊഡാഫോൺ ഐഡിയ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ വിഐയുടെ ഏറ്റവും വലിയ ഓഫരി ഉടമ കേന്ദ്ര സർക്കാരാണ്, എങ്കിലും വിഐയെ ബിഎസ്എൻഎല്ലിനൊപ്പം ഒരു പൊതുമേഖലാ ടെലിക്കോം കമ്പനിയായി മാറ്റാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകേണ്ട ₹36,000 കോടി അടുത്തിടെ ഇക്വിറ്റി ഷെയറുകളാക്കി മാറ്റി, ഇതോടെയാണ് വിഐയിൽ സർക്കാരിന്റെ ഓഹരി 48.99% ആയി ഉയർന്നത്. അതേസമയം, വിഐ മാത്രമല്ല, ഭാരതി എയർടെലും നിരക്ക് വർധന ആവശ്യമാണ് എന്ന നിലപാട് ഇതിനകം പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

വിഐ ഉയർത്തുന്ന അതേ വാദങ്ങൾ തന്നെയാണ് എയർടെലിനുമുള്ളത്. എന്നാൽ ജിയോയുടെ മൗനമാണ് ഇരുകമ്പനികൾക്കും തിരിച്ചടി എന്നാണ് കരുതപ്പെടുന്നത്. എയർടെലും വിഐയും സ്വന്തം നിലയ്ക്ക് നിരക്ക് വർധിപ്പിച്ചാൽ പ്രതിഷേധമുള്ളവർ ജിയോയിലേക്ക് പോകും. ഇത്തരമൊരു സാഹചര്യം മൂലമാണ് ആഗ്രഹമുണ്ടെങ്കിലും നിരക്കുകൾ വർധിപ്പിക്കാൻ ഇരുകമ്പനികൾക്കും കഴിയാത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications








