ഓനെക്കൊണ്ട് കൂട്ടിയാൽ കൂടൂല്ലത്രേ! എടുത്തുചാടി ബിഎസ്എൻഎല്ലിലേക്ക് പോയവർ തിരിച്ചുവരുമെന്ന് വിഐ മുതലാളി
ശുഭപ്രതീക്ഷ നല്ലതാണ്, അത് മുന്നോട്ടുള്ള പ്രയാണത്തിന് ഒരു ശക്തി പകരും എന്നാണ് പറയാറുള്ളത്. അത്തരമൊരു ശുഭപ്രതീക്ഷയിലാണ് വൊഡാഫോൺ ഐഡിയ (വിഐ) ഇപ്പോൾ മുന്നോട്ട് പോകുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂട്ടത്തോടെ പോർട്ട് ചെയ്ത് പോകുന്നതിനോടും തങ്ങളുടെ വരിക്കാരിൽ കുറവ് ഉണ്ടാകുന്നത് സംബന്ധിച്ചും വിഐ സിഇഒ അക്ഷയ മൂന്ദ്ര (Akshaya Moondra) നടത്തിയ പ്രതികരണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ബിഎസ്എൻഎല്ലിലേക്ക് തങ്ങളുടെ വരിക്കാരും പോർട്ട് ചെയ്ത് പോയിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു, അടുത്തിടെ സമാപിച്ച 2025 സാമ്പത്തിക വർഷത്തിലെ ആദ്യ മീറ്റിങ്ങിൽ ആണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
ജിയോ, എയർടെൽ എന്നിവർക്കൊപ്പം തങ്ങളും താരിഫ് വർധിപ്പിച്ചതായും എന്നാൽ ബിഎസ്എൻഎൽ മാത്രം നിരക്ക് വർധിപ്പിക്കാതെ നിലവിലുള്ള പ്ലാനുകൾ തുടർന്നുവെന്നും ഇത് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് പോകാൻ കാരണമായിട്ടുണ്ട് എന്നും വിഐ സിഇഒ, അക്ഷയ മൂന്ദ്ര മീറ്റിങ്ങിൽ പറഞ്ഞതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

വിഐ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് പോയിട്ടുണ്ട്. വിഐയുടെ മാത്രമല്ല, എയർടെലിന്റെയും ജിയോയുടെയും വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ ആളുകൾ പോകുന്നത് കൂടുതൽ ആലോചിക്കാതെയുള്ള എടുത്തുചാട്ടത്തിന്റെ പുറത്താണെന്നും അതിനാൽത്തന്നെ അധികം വൈകാതെ പോയവർ തിരിച്ചുവരും എന്നുമാണ് അക്ഷയ മൂന്ദ്ര വിലയിരുത്തുന്നത്.
എന്നാൽ വരിക്കാർ പോകുന്നതിൽ തങ്ങൾ ഒട്ടും ഭയക്കുന്നില്ല എന്നും വിഐ വ്യക്തമാക്കുന്നുണ്ട്. കാരണം മത്സരാധിഷ്ഠിതമായി 4G സേവനങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന് കഴിയില്ലെന്നും അതിനാൽത്തന്നെ അധികം ആലോചിക്കാതെ പോർട്ട് ഔട്ട് ചെയ്യാൻ തീരുമാനിച്ച ഉപഭോക്താക്കൾ തിരികെ വരുമെന്നും വിഐ വിശ്വസിക്കുന്നു. 4G യുടെ മികച്ച കവറേജ് ആസ്വദിച്ചിട്ടുള്ള ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് പോകുമെന്ന് കരുതുന്നില്ല.

അഥവാ പോയാലും ബിഎസ്എൻഎല്ലിന് 4ജി നൽകാൻ കഴിയാത്തതിനാൽ കുറച്ച് കഴിയുമ്പോൾ മടുത്ത് തിരിച്ചുവരും എന്ന് വിഐ കരുതുന്നു. നിരക്ക് കണ്ട് ഓടിപ്പോയവർ മോശം സേവനം ആണെന്ന് കണ്ട് തിരിച്ചുവരും എന്നാണ് വിഐയുടെ പ്രതീക്ഷ. അധികം വൈകാതെ വിഐ 5ജി സേവനങ്ങൾ ആരംഭിക്കും. 4ജി സേവനം വ്യാപിപ്പിക്കാൻ പാടുപെടുന്ന ബിഎസ്എൻഎല്ലിന് ആ ഘട്ടത്തിൽ തങ്ങളോട് പിടിച്ചുനിൽക്കാനാകില്ല എന്നും വിഐ പറയുന്നു.
മാത്രമല്ല, തങ്ങൾ നിരക്കുകൾ വർധിപ്പിച്ചു എന്നത് ശരിയാണെങ്കിലും എൻട്രി ലെവൽ താരിഫുകൾ ഇപ്പോഴും ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന വിലയിൽ നിലനിർത്തിയിട്ടുണ്ടെന്ന് വിഐ സിഇഒ പറയുന്നു. അതിനാൽത്തന്നെ നിരക്ക് വർധന ആളുകൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോകുന്നതിന് കാരണമാകുമെന്ന് കരുതുന്നില്ല എന്നും അക്ഷയ മൂന്ദ്ര പറഞ്ഞു.
അതേസമയം, വിഐയുടെ പ്രതീക്ഷകൾ ശരിയാകുമോ എന്നത് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെ വേഗതയെ ആശ്രയിച്ചിരിക്കും എന്ന് പറയേണ്ടിയിരിക്കുന്നു. ഈ വർഷം പരമാവധി ഇടങ്ങളിൽ 4ജി എത്തിക്കുമെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. അടുത്ത വർഷം, അതായത് 2024 മാർച്ചിൽ രാജ്യത്തെമ്പാടും ബിഎസ്എൻഎൽ 4ജി പൂർണ്ണതോതിൽ എത്തിക്കാനാകുമെന്നും തൊട്ടുപിന്നാലെ 5ജി അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ പറയുന്നു.

ഇപ്പോൾ നൽകുന്ന കുറഞ്ഞ നിരക്കിൽ 4ജി സേവനം നൽകാൻ കഴിഞ്ഞാൽ വിഐയെ മാത്രമല്ല, 5ജി സേവനങ്ങളുള്ള ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികളെപ്പോലും വെല്ലുവിളിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിന് പിന്നലെ ലക്ഷക്കണക്കിന് പേർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് എത്തുന്നുണ്ട്. ഈ അനുകൂല സാഹചര്യം മുതലെടുത്ത് ബിഎസ്എൻഎൽ ഉണർന്നു പ്രവർത്തിച്ചാൽ പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്താം.


Click it and Unblock the Notifications








