കേരളത്തിൽ അൺലിമിറ്റഡ് 4G ഡാറ്റ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ VI പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യൻ ടെലിക്കോം രംഗം ഇപ്പോൾ ആവേശപൂർവം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്ന് അൺലിമിറ്റഡ് 4ജി ഡാറ്റയാണ്. വൊഡാഫോൺ ഐഡിയയും (VI) എയർടെലും ചില ടെലിക്കോം സർക്കിളുകളിൽ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും അൺലിമിറ്റഡ് 4ജി ഡാറ്റ ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നു. അൺലിമിറ്റഡ് 5ജി ഇന്ത്യയിൽ എല്ലായിടത്തും എല്ലാ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും സ്വകാര്യ ടെലിക്കോം കമ്പനികൾ നേരത്തെ മുതൽ തന്നെ നൽകുന്നുണ്ട്, അതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റയല്ല, 4ജി ഡാറ്റയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. അൺലിമിറ്റഡ് 5ജി ഡാറ്റ എല്ലാവർക്കും ലഭ്യമാകില്ല, അതിന് 5ജി ഫോൺ വേണം.
എന്നാൽ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും 4ജി ഫോണുകൾ ആണ് ഉപയോഗിക്കുന്നത്, മാത്രമല്ല ചിലയിടങ്ങളിൽ 5ജി ലഭ്യമായിട്ടുമില്ല, പ്രത്യേകിച്ച് വിഐ വരിക്കാർക്ക്. അതിനാൽ 5ജി ഡാറ്റ അൺലിമിറ്റഡായി ലഭ്യമായാലും അത് ഉപയോഗിക്കാൻ കഴിയാത്ത നിരവധി പേരുണ്ട്. എന്നാൽ അൺലിമിറ്റഡ് 4ജി ഡാറ്റ കമ്പനികൾ നൽകുമ്പോൾ അത് വലിയ പ്രാധാന്യം നേടുന്നതിന് കാരണം അത്രയധികം വ്യാപ്തി അതിനുണ്ട് എന്നതിനാലാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ള ടെലിക്കോം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 4ജി ഡാറ്റ ലഭ്യമാകുന്ന അധികം പ്ലാനുകൾ കാണാൻ കഴിയില്ല, ഒരിടത്ത് ഒഴിച്ച്. വൊഡാഫോൺ ഐഡിയയാണ് അൺലിമിറ്റഡ് 4ജി ഡാറ്റ നൽകുന്ന ആ ഒരിടം. കേരളത്തിൽ തങ്ങളുടെ നാല് പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ അൺലിമിറ്റഡ് ഡാറ്റ നൽകുന്നുണ്ട്. അതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാൻ 398 രൂപയുടേത് ആണ്.
അൺലിമിറ്റഡ് 4ജി ഡാറ്റ എന്ന് പറയുമെങ്കിലും വിഐയുടെ അൺലിമിറ്റഡിന് ചില പരിധികളൊക്കെയുണ്ട്. 28 ദിവസത്തേക്ക് പരമാവധി 300GB ഹൈസ്പീഡ് ഡാറ്റ എന്ന അളവിലാണ് വിഐയുടെ അൺലിമിറ്റഡ് 4ജി ഡാറ്റ ആനുകൂല്യം ലഭ്യമാകുക. ഉദാഹരണത്തിന് 56 ദിവസ വാലിഡിറ്റിയുള്ള ഒരു അൺലിമിറ്റഡ് വിഐ പ്ലാൻ ആണെങ്കിൽ ആദ്യ 28 ദിവസത്തേക്ക് 300ജിബി ഡാറ്റയാണ് അനുവദിക്കുക.

ഈ 28 ദിവസിക്കുള്ളിൽ ഈ 300ജിബി ഡാറ്റ തീർന്നാൽ പിന്നീട് ഡാറ്റയുടെ വേഗത കുറയും, എന്നാൽ 28 ദിവസം കഴിയുന്നതോടെ വീണ്ടും 300ജിബി ഡാറ്റ അനുവദിക്കപ്പെടും, അങ്ങനെയാണ് ഈ അൺലിമിറ്റഡ് ഡാറ്റ ഓഫർ വിഐ സെറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ധാരാളം ഡാറ്റ ഉപയോഗമുള്ള വിഐ 4ജി ഫോൺ ഉപയോക്താക്കൾക്കും 5ജി ലഭ്യമായിട്ടില്ലാത്ത പ്രദേശങ്ങളിലെ 5ജി ഫോൺ ഉപയോക്താക്കൾക്കും വിഐയുടെ അൺലിമിറ്റഡ് ഡാറ്റ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.
നോൺസ്റ്റോപ്പ് ഹീറോ എന്ന വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിലാണ് വിഐ ഈ അൺലിമിറ്റഡ് 4ജി ഡാറ്റ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്. വിഐ കേരള സർക്കിളിൽ 398 രൂപ പ്ലാനിന് പുറമേ 449 രൂപ, 698 രൂപ, 1048 രൂപ വിലകളിലും വിഐ നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ ലഭ്യമാണ്.
398 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
കേരളത്തിൽ അൺലിമിറ്റഡ് 4ജി ഡാറ്റ അടങ്ങുന്ന വിഐ നോൺസ്റ്റോപ് ഹീറോ പ്ലാനുകളിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള റീച്ചാർജ് ഓപ്ഷനാണ് 398 രൂപയുടേത്. ഇതിൽ അൺലിമിറ്റഡ് ഡാറ്റ, (4G/5G), അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ അടങ്ങുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

398 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ് എന്നതിനാൽ ആകെ 300ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 14.21 രൂപയാണ്. വിഐ ആപ്പിലും വിഐ വെബ്സൈറ്റിലും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.


Click it and Unblock the Notifications








