അയ്യോ ചേട്ടാ പോകല്ലേ! പ്ലാൻ ഇല്ലെങ്കിലും ഡാറ്റ ഫ്രീ തരാം; വരിക്കാരെ അമ്പരപ്പിച്ച് വിഐ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വിഐ(VI). അൽപ്പം പേരും പ്രശസ്തിയും ഒക്കെ ഉണ്ടെങ്കിലും വിഐയുടെ സാമ്പത്തിക അവസ്ഥ വളരെ മോശം ആണെന്ന് നാട്ടിലെ പരസ്യമായ രഹസ്യമാണ്. പ്രൗഡിയൊക്കെ പുറമേക്ക് മാത്രമേ ഉള്ളൂ. ഉള്ളിൽ ആകെ പ്രതിസന്ധികളാണ്. വിഐയെപോലെ തന്നെ പ്രതിസന്ധി നേരിടുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ ഇപ്പോൾ ദാരിദ്രത്തിലാണ് എങ്കിലും 'കുടുംബക്കാരുടെ'(കേന്ദ്രസർക്കാർ) പിന്തുണയിൽ ബിഎസ്എൻഎൽ പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നുണ്ട്. പക്ഷേ രക്ഷിക്കേണ്ടവർ പോലും കൈവിട്ട അവസ്ഥയിലാണ് വിഐ.

ഇത്രയും പ്രതിസന്ധികൾ നിലനിൽക്കെ ഒരു ജീവന്മരണ പോരാട്ടത്തിന് വിഐ തയാറെടുക്കുകയാണോ എന്നാണ് ഇന്ത്യൻ ടെലിക്കോം രംഗം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം വരിക്കാർ ഉൾപ്പെടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് നിലവിൽ വാലിഡായ പ്ലാനുകൾ ഒന്നും ഇല്ലാത്തവർക്ക് സൗജന്യമായി ഡാറ്റ നൽകുന്ന വിഐ നടപടിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഏതുവിധേനയും ഉപയോക്താക്കളെ പിടിച്ചു നിർത്താനാണ് വിഐ ഈ സൗജന്യ ഡാറ്റ പരിപാടിയുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.

5ജി അവതരിപ്പിക്കാൻ സാധിക്കാത്തത് കമ്പനിയുടെ നിലവിലെ പ്രതിസന്ധി ഏറെ വർധിപ്പിക്കുന്നുണ്ട്. നിരവധി ഉപയോക്താക്കൾ വിഐ ഉപേക്ഷിച്ച് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരായി മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സൗജന്യമായി ഡാറ്റ നൽകി നിലവിലുള്ള വിഐ സിം പോർട്ട് ചെയ്യുന്നതിൽനിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കാനാണ് കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ നടപടി ആത്മഹത്യപരമാണ് എന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും സജീവമായ പ്ലാനുകളോ ഉപയോഗമോ ഇല്ലാത്ത ഉപയോക്താക്കൾക്ക് കൃത്യമായ ഇടവേളകളിൽ സൗജന്യ ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത് വിഐ തുടരുകയാണ്. റീച്ചാർജ് ചെയ്യാതെ കിടക്കുന്ന സിം കാർഡുകളിൽ വിഐ സൗജന്യമായി ഡാറ്റ നൽകുമ്പോൾ മറ്റുള്ള ആളുകളും റീച്ചാർജ് ചെയ്യാതിരിക്കും. അത് ഇപ്പോഴുള്ള വരുമാനം കൂടി ഇല്ലാതാക്കുന്ന നിലയിലേക്ക് കമ്പനിയെ കൊണ്ടെത്തിക്കും. അല്ലെങ്കിൽത്തന്നെ മറ്റു കമ്പനികൾക്കൊപ്പം പിടിച്ചുനിൽക്കാൻ മികച്ച ആനുകൂല്യങ്ങൾ പ്ലാനുകളിൽ ഉൾപ്പെടുത്തി വിഐ നൽകുന്നുണ്ടെങ്കിലും വരിക്കാർ കണ്ടഭാവം നടിക്കുന്നില്ല.

ലാഭകരമായ ഓഫറുകൾ ഉണ്ടായിരുന്നിട്ടും, ഗുണനിലവാരം കണക്കിലെടുത്താകാം ഉപയോക്താക്കൾ ആ പ്ലാനുകളോട് താൽപര്യം കാട്ടാതിരിക്കുന്നത്. ഇപ്പോഴത്തെ നടപടി ഉള്ള വരുമാനം കൂടി ഇല്ലാതാക്കിയേക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ട് കമ്പനി ഇത്തരമൊരു സൗജന്യ ഡാറ്റ ദാനവുമായി രംഗത്ത് എത്തിയത് എന്തിനാണ് എന്നാണ് ഉയരുന്ന ചോദ്യം. ഇതേപ്പറ്റി വിഐയോട് ചോദ്യങ്ങൾ ഉയരുന്നുണ്ട് എങ്കിലും പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല.

വിഐയെ സംബന്ധിച്ചിടത്തോളം മുങ്ങിച്ചാകാൻ തുടങ്ങുന്നവനു കിട്ടിയ കച്ചിത്തുരുമ്പ് പോലെയാണ് ഈ ഡാറ്റ ദാനം. എങ്ങനെയെങ്കിലും കുറച്ച് നേരം കൂടി ജീവൻ നിലനിർത്താനുള്ള വഴിയാകാം വിഐ നോക്കുന്നത്. നിലവിലെ നടപടി വരുമാനം ഇല്ലാതാക്കുമെങ്കിലും വരിക്കാരുടെ എണ്ണം കുറയാതിരിക്കാൻ കമ്പനിയെ സഹായിച്ചേക്കും. അതുതന്നെയാകാം വിഐയും ലക്ഷ്യമിടുന്നത്. സൗജന്യ ഡാറ്റയ്ക്ക് ഒപ്പം ചില ഉപയോക്താക്കൾക്ക് സൗജന്യ കോളിങ് ആനുകൂല്യങ്ങളും വിഐ നൽകിവരുന്നുണ്ട്.

പ്രധാന ആവശ്യങ്ങൾക്ക് മറ്റ് കമ്പനികളുടെ സിം ഉപയോഗിച്ചാലും കുറച്ചുപേർ ഡാറ്റ ആവശ്യങ്ങൾക്കായെങ്കിലും തങ്ങളുടെ സേവനം ഉപയോഗിച്ചാൽ അത്രയും വലിയകാര്യം എന്ന നിലയിലാണ് വിഐയുടെ മുന്നോട്ടുപോക്ക്. ഇവിടെ കോളടിച്ചിരിക്കുന്നത് വിഐ വരിക്കാർക്കാണ്. റീച്ചാർജ് ചെയ്തില്ലെങ്കിൽ പല കമ്പനികളും ഇൻകമിങ് വരെ കട്ടാക്കുന്ന കാലഘട്ടത്തിലാണ് ഇവിടെ വിഐ അങ്ങോട്ട് സൗജന്യമായി കോളിങ്, ഡാറ്റ എന്നിവ നൽകുന്നത്.

ദാരിദ്രംകൊണ്ട് മുഴുപ്പട്ടിണിയാണെങ്കിലും ഉള്ളതൊക്കെ വിറ്റ് നാട്ടുകാർക്ക് സദ്യകൊടുക്കുന്ന വിഐ നടപടി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. വിഐക്ക് ഒപ്പം 5ജി വിതരണ അവകാശം നേടിയ ജിയോയും എയർടെലും നിരവധി നഗരങ്ങളിൽ ഇതിനോടകം 5ജി അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ വിഐ 5ജി വിതരണം സാമ്പത്തിക പ്രതിസന്ധികളിൽ കുടുങ്ങിക്കിടക്കുകയാണ്. വിഐക്കും പിന്നിൽ നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎൽ പോലും 2024 ൽ 5ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

എന്നാൽ 5ജിയുടെ കാര്യത്തിൽ നിലവിൽ ഒന്നും പറയാനില്ല എന്നാണ് വിഐ പറയുന്നത്. ആദ്യം ഫണ്ട് റെഡിയാകണം. എങ്കിൽമാത്രമേ 5ജിയെപ്പറ്റി പറയാൻ കഴിയൂവത്രേ. അതിനിടെ വിഐ ഡൽഹിയിൽ 5ജി ആരംഭിച്ചതായി വാർത്തകൾ വന്നു എങ്കിലും ആർക്കെങ്കിലും ലഭ്യമായതായി വിവരമില്ല. ഒരു ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായി തങ്ങളുടെ 5ജി നിലവിൽ ഡൽഹിയിൽ മാത്രമേ ലഭ്യമാകൂ എന്ന വിഐ കസ്റ്റമർ കെയർ വിഭാഗത്തിന്റെ ട്വീറ്റാണ് ഈ വാർത്ത പ്രചരിക്കുന്നതിലേക്ക് നയിച്ചത്.


Click it and Unblock the Notifications







