കേരളം ജസ്റ്റ് മിസ്! VI അൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന എൻട്രിലെവൽ പ്ലാനിന്റെ വില 349 രൂപയാക്കി
വൊഡാഫോൺ ഐഡിയ (VI) ചില സർക്കിളുകളിൽ തങ്ങളുടെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകാനുള്ള എൻട്രിലെവൽ പ്ലാനിന്റെ നിരക്ക് ഉയർത്തി. വിഐ ഇതിനകം വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുള്ളത്. എങ്കിലും 5ജിയുള്ള മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്രതിമാസം ലഭ്യമായിരുന്നത് വിഐയുടെ പക്കലായിരുന്നു. കാരണം ജിയോ, എയർടെൽ എന്നിവ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്തിരുന്നത്.
കുറഞ്ഞത് 349 രൂപയാണ് 2ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന് ജിയോയും എയർടെലുമൊക്കെ ഈടാക്കുന്നത്. അതേസമയം വിഐ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് 5ഡി ഡാറ്റ നൽകിവരുന്നു. അതിനാൽ ജിയോ, എയർടെൽ എന്നിവയെക്കാൾ കൂടുതൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓപ്ഷനുകൾ ലഭ്യമായിരുന്നത് വിഐയുടെ പക്കലായിരുന്നു.

ഇപ്പോൾ വിഐ ചില സർക്കിളുകളിലെ തങ്ങളുടെ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നു. അതായത് അൺലിമിറ്റഡ് 5ജി കിട്ടാൻ 299 പോര കുറഞ്ഞത് 349 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം. ഫലത്തിൽ ജിയോ, എയർടെൽ എന്നിവയുടെ എൻട്രിലെവൽ പ്രതിമാസ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകളുടേതിന് (349 രൂപ) സമാനമായ നിരക്കിലേക്ക് വിഐയുടെ നിരക്കും ഉയർന്നിരിക്കുന്നു. (ജിയോയുടെ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി പ്ലാൻ 198 രൂപ വിലയിൽ ലഭ്യമാകുമെങ്കിലും ഇതിൽ 14 ദിവസം മാത്രമാണ് വാലിഡിറ്റി).
വിഐയുടെ എൻട്രിലെവൽ 5ജി പ്ലാൻ നിരക്ക് ഉയർത്തിയ സർക്കിളുകൾ
ബീഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സർക്കിളുകളിലെ വിഐ വരിക്കാർക്ക് ആണ് എൻട്രിലെവൽ 5ജി പ്ലാൻ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലുള്ളവർക്ക് ഇനി വിഐയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടണമെങ്കിൽ കുറഞ്ഞത് 349 രൂപ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്.

349 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലുള്ളവർക്കാണ് ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക.
കേരളം ഇത്തവണ രക്ഷപ്പെട്ടു
ഇപ്പോൾ വിഐ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നിരക്ക് ഉയർത്തിയ സർക്കിളുകളിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, ചെന്നൈ, കൊൽക്കത്ത, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ എന്നീ വിഐ ടെലിക്കോം സർക്കിളുകളെയും ഈ മാറ്റം ബാധിക്കില്ല. ഈ സർക്കിളുകളിൽ ഇപ്പോഴും 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ വിഐ നൽകും.
ഭാവിയിൽ കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിലും അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്കുള്ള കുറഞ്ഞ പ്ലാൻ 349 ആയി ഉയർത്തിയേക്കാം, എന്നാൽ നിലവിൽ കേരളം സേഫ് ആണ്. കേരളത്തിൽ വിഐ കൂടുതൽ ഇടങ്ങളിൽ 5ജി അവതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. നിലവിൽ കേരളത്തിലെ 18 പ്രദേശങ്ങളിൽ വിഐ 5ജി ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പാലക്കാട്, പത്തനംതിട്ട, വയനാട്, കളമശ്ശേരി, കൽപ്പറ്റ, മഞ്ചേരി, മലപ്പുറം, തിരൂർ, തൊടുപുഴ എന്നിവയാണ് നിലവിൽ വിഐ 5ജി ലഭ്യമായിട്ടുള്ള കേരളത്തിലെ 18 ഇടങ്ങൾ. ഇവിടങ്ങളിലെ 5ജി ഫോണുള്ള വിഐ വരിക്കാർക്ക് 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിക്കുമ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാണ്.


Click it and Unblock the Notifications








