5G വരുമെന്ന് പറഞ്ഞു, വന്നു! മലപ്പുറത്തും കോഴിക്കോട്ടും വിഐ 5G സേവനം ആരംഭിച്ചു, നേട്ടം ഏറെയുണ്ട്
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ചു. മുൻ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നത് കേരളത്തിൽ വിഐ 5ജി ആദ്യം എത്തുക കൊച്ചിയിൽ ആണ് എന്നാണ്. എന്നാൽ അടുത്തിടെ വിഐ പുറത്തുവിട്ട 5ജി വ്യാപന നഗരങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് ആദ്യ ഘട്ടത്തിൽ നറുക്ക് വീണിരിക്കുന്നത്. അടുത്തതായി കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും വിഐ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വിഐയുടെ മുൻഗണനാ സർക്കിളുകളിൽ ആദ്യ സ്ഥാനത്തുള്ള ടെലിക്കോം സർക്കിളാണ് കേരളം.
2025 ജൂലൈ 31 വ്യാഴാഴ്ച മുതൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ, നാസിക്, ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നിവിടങ്ങൾ ഉൾപ്പെടെ ആകെ 8 ഇടങ്ങളിൽ 5G സേവനങ്ങൾ ലഭ്യമാകും എന്നാണ് വിഐ അറിയിച്ചിരിക്കുന്നത്. അടുത്ത ഘട്ട 5ജി വ്യാപനം ഉടനേ ഉണ്ടാകും.

ഇതുവരെ മുംബൈ, ഡൽഹി-എൻസിആർ, ബാംഗ്ലൂർ, മൈസൂരു, നാഗ്പൂർ, ചണ്ഡീഗഡ്, ജയ്പൂർ, സോണിപത്ത്, പട്ന എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളിൽ മാത്രമാണ് വിഐ 5G സേവനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ജിയോ, എയർടെൽ എന്നിവയ്ക്ക് ഒപ്പം തന്നെ വിഐക്കും 5ജ് സ്പെക്ട്രം സ്വന്തമാക്കാനായി എങ്കിലും സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മറ്റ് കമ്പനികൾക്കൊപ്പം 5ജി വ്യാപനം ആരംഭിക്കാൻ കഴിഞ്ഞില്ല.
അടുത്തിടെ മാത്രമാണ് വിഐ 5ജി വ്യാപനം വേഗത്തിലാക്കിയത്. അടുത്ത ഘട്ടമായി 23 നഗരങ്ങളിൽ 5ജി ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിൽ ഉൾപ്പെടുന്ന 8 നഗരങ്ങളിലാണ് ഇപ്പോൾ 5ജി എത്തിയിരിക്കുന്നത്. ബാക്കിയുള്ള 15 നഗരങ്ങളിൽ കേരളത്തിൽ നിന്ന് തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചിട്ടുണ്ട്. അതിനാൽ അധികം വൈകാതെ ഈ നഗരങ്ങളിലും വിഐ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും.

വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വിഐ വരിക്കാർക്ക് ഇനി അതിവേഗ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാനാകും. ആമുഖ ഓഫർ എന്ന നിലയിൽ 5ജി ലഭ്യമായ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളോടൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കുമെന്ന് വിഐ പറയുന്നു. അതായത് ഉപയോഗിക്കുന്ന ഡാറ്റയുടെ അളവിനെക്കുറിച്ച് ആശങ്കപ്പെടുകയേ വേണ്ട.
ഹൈ-ഡെഫനിഷൻ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോൺഫറൻസിംഗ്, വേഗത്തിലുള്ള ഡൗൺലോഡുകൾ, തത്സമയ ക്ലൗഡ് ആക്‌സസ് എന്നിങ്ങനെ അതിവേഗ 5ജി സേവനങ്ങളുടെ ഗുണങ്ങൾ ഇവിടങ്ങളിലുള്ള വിഐ വരിക്കാർക്ക് ആസ്വദിക്കാൻ സാധിക്കും. വടക്കൻ കേരളത്തിലെ രണ്ട് പ്രധാന നഗരങ്ങളിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിയിരിക്കുന്നത് ഈ മേഖലകളിൽ വിഐയുടെ പ്രാധാന്യം ഉയരാൻ ഇടയാക്കും.
വിഐയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ടെലിക്കോം സർക്കിളാണ് കേരളം. അതിനാൽത്തന്നെയാണ് വിഐയുടെ 17 മുൻഗണനാ സർക്കിളുകളിൽ ആദ്യ സ്ഥാനത്ത് കേരളത്തിന്റെ പേര് കാണുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ, നൂതനവും ഊർജ്ജക്ഷമതയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കുന്നതിനായി വിഐ എറിക്‌സണുമായി സഹകരിക്കുകയും നെറ്റ്‌വർക്ക് പ്രകടനം സ്വയമേവ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി എഐ-പിന്തുണയുള്ള സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്ക്സ് (SON) നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും അധികം വൈകാതെ 5ജി വ്യാപിപ്പിക്കാനാണ് വിഐ ശ്രമിക്കുന്നത്. 5G വ്യാപനത്തിന് സമാന്തരമായി, കേരളത്തിൽ മെച്ചപ്പെട്ട കവറേജ്, വേഗതയേറിയ ഡാറ്റ വേഗത, മികച്ച യൂസർ എക്സ്പീരിയൻസ് എന്നിവ ഉറപ്പിക്കുന്നതിനായി 4G നെറ്റ്‌വർക്ക് കാര്യമായി നവീകരിച്ചിട്ടുണ്ട് എന്ന വിവരവും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ 2025 ജൂൺ വരെയുള്ള 15 മാസത്തിനുള്ളിൽ നടപ്പിലാക്കിയ ഈ അപ്‌ഗ്രേഡുകൾ കേരളത്തിൽ വിഐയുടെ നെറ്റ്വർക്ക് ശേഷി 22 ശതമാനം വർധിപ്പിച്ചു.


Click it and Unblock the Notifications








