'ലഭ്യമായ മികച്ച വാർഷിക പ്ലാൻ' എന്ന നിലയിലേക്ക് വിഐ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി; ഇത് രണ്ടാമത്തേത്!
ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ(VI) പുതിയ വാർഷിക പ്ലാൻ പുറത്തിറക്കി. പുതുവർഷം ആരംഭിക്കും മുമ്പ് ടെലിക്കോം കമ്പനികൾ അടുത്ത വർഷത്തെ മുന്നിൽ കണ്ട് പുതിയ വാർഷിക പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ 2024 ന് വേണ്ടിയുള്ള വിഐയുടെ ഏറ്റവും പുതിയ വാർഷിക പ്ലാനാണിത്.
3199 രൂപയാണ് വിഐയുടെ പുതിയ വാർഷിക പ്ലാനിന്റെ നിരക്ക്. അടുത്ത വർഷത്തേക്കായി വിഐ ഈ മാസം പുറത്തിറക്കുന്ന രണ്ടാമത്തെ വാർഷിക പ്ലാൻ ആണ് ഇത്. അടുത്തിടെ 3099 രൂപ നിരക്കിൽ പുറത്തിറക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സക്രിപ്ഷൻ അടങ്ങുന്ന വാർഷിക പ്ലാനാണ് ആദ്യത്തേത്.

വിവിധ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന വ്യത്യസ്തങ്ങളായ പ്ലാനുകൾ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭ്യമാക്കാൻ വിഐക്ക് കഴിയുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് പോലുള്ള പ്രധാന ആനുകൂല്യങ്ങൾ വർഷം മുഴുവൻ ഉറപ്പാക്കിക്കൊണ്ടാണ് വിഐയുടെ ഡാറ്റ പ്ലാനുകൾ എത്തുന്നത്.
വിഐയുടെ ഏറ്റവും നിരക്കുകൂടിയ റീച്ചാർജ് പ്ലാൻ എന്ന വിശേഷണം ഇനി 3199 രൂപയുടെ പ്ലാനിന് സ്വന്തമാണ്. ഈ പ്ലാൻ അവതരിപ്പിക്കും വരെ 3099 രൂപയുടെ പ്ലാൻ ആയിരുന്നു ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. അധിക നിരക്ക് ഈടാക്കാതെ തന്നെ ഒരു വർഷത്തേക്ക് ആമസോൺ പ്രൈം മൊബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പുതിയപ്ലാനിന്റെ പ്രത്യേകത.

3199 രൂപയുടെ വിഐ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ വിഐ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസത്തെ വാലിഡിറ്റിയും ഈ പുതിയ വിഐ വാർഷിക പ്ലാൻ നൽകുന്നുണ്ട്.
ഈ വാർഷിക പ്ലാനിനെ കൂടുതൽ ആകർഷകമാക്കാൻ 365 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനും ഇതിൽ അധിക ആനുകൂല്യമായി നൽകിയിരിക്കുന്നു. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ പ്രൈം വീഡിയോ. അങ്ങനെയുള്ള ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വരുന്ന ഒരു വർഷത്തേക്ക് അധിക ചെലവില്ലാതെ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് തികച്ചും ലാഭകരമാണ്.
ആമസോൺ പ്രൈം വീഡിയോയുടെ ജനപ്രീതി മനസിലാക്കിത്തന്നെയാണ് വിഐ അതിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പുതിയ വാർഷിക പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. എപ്പോഴും എവിടെവച്ചും ആമസോൺ പ്രൈം കണ്ടന്റുകൾ ആസ്വദിക്കാൻ ഈ പ്ലാൻ വിഐ വരിക്കാരെ സഹായിക്കും. ഉപയോക്താക്കൾക്ക് മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതിലുള്ള വിഐയുടെ ഒരു മുന്നേറ്റം കൂടിയാണ് ഈ വാർഷിക പ്ലാൻ.

പ്രധാന ടെലിക്കോം സേവനങ്ങൾ, ഒരു വർഷ ആമസോൺ പ്രൈം വീഡിയോ ഒടിടി സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ വേറെയും ആനുകൂല്യങ്ങൾ 3199 രൂപയുടെ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഐ വരിക്കാർ ഏറെ ഇഷ്ടപ്പെടുന്ന വിഐ ഹീറോ ആനുകൂല്യമാണ് അത്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
ബിങ് ഓൾ നൈറ്റ് ഓഫർ ഉപയോഗിച്ച് രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം ഉപയോഗിച്ച്, പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാതെ വിട്ട ഡാറ്റ ശേഖരിച്ച് വാരാന്ത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഡാറ്റ ഡിലൈറ്റ് എല്ലാ മാസവും 2GB എമർജൻസി ഡാറ്റ ലഭ്യമാക്കുന്നു.
ഇപ്പോൾ അവതരിപ്പിക്കപ്പെട്ട 3199 രൂപയുടെ വിഐ വാർഷിക പ്ലാനും അടുത്തിടെ അവതരിപ്പിച്ച 3099 രൂപയുടെ വിഐ വാർഷിക പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം അവയിൽ അടങ്ങിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളാണ്. ഒന്നിൽ ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സക്രിപ്ഷനാണെങ്കിൽ മറ്റതിൽ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനാണ് കിട്ടുക. മറ്റ് ആനുകൂല്യങ്ങളെല്ലാം ഏതാണ്ട് ഒരുപോലെ തന്നെ.


Click it and Unblock the Notifications








